ഒഡീഷ കടന്ന് ക്വാർട്ടറിൽ, ഗോൾ നേടി അജ്സലും നസീബ് റഹ്മാനും
Mail This Article
തുടർച്ചയായ മൂന്നാം ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. ബി ഗ്രൂപ്പ് മത്സരത്തിൽ ഒഡീഷയെ 2–0നാണ് കേരളം തോൽപിച്ചത്. മുഹമ്മദ് അജ്സലും (41–ാം മിനിറ്റ്) നസീബ് റഹ്മാനുമാണ് (54) ഗോൾ നേടിയത്. ആദ്യ കളിയിൽ കേരളം ഗോവയെ 4–3നാണ് തോൽപിച്ചത്. രണ്ടാം മത്സരത്തിൽ മേഘാലയയ്ക്കെതിരെ 1–0 വിജയം. ഇതോടെ മൂന്നു കളികളിൽ കേരളത്തിന് 9 പോയിന്റായി.
41–ാം മിനിറ്റിൽ നസീബ് റഹ്മാൻ നൽകിയ പാസ് സ്വീകരിച്ചു കുതിച്ച മുഹമ്മദ് അജ്സലാണ് കേരളത്തിന്റെ ആദ്യഗോൾ നേടിയത്. ഒഡീഷയുടെ സ്ട്രൈക്കർ റോഷൻ പന്നയും പ്രതിരോധനിര താരം ബിശാൽ ടിഗ്ഗയും തൊട്ടുപിറകെ ഓടിയെത്തിയെങ്കിലും അജ്സലിനെ പിടിച്ചുകെട്ടാനായില്ല. അജ്സലിന്റെ ഇടംകാൽ ഷോട്ട് ഒഡീഷ ഗോളി സിദ്ധാന്ത പ്രധാനെ മറികടന്നു വലയിലെത്തി.
അജ്സൽ ഗോൾ നേടുമ്പോൾ, ആ ഗോളിനു വഴിയൊരുക്കിയ പന്ത്രണ്ടാം നമ്പർ താരം മണ്ണാർക്കാടുകാരൻ നസീബ് റഹ്മാനെ പെനൽറ്റി ബോക്സിൽ ഒഡീഷയുടെ രാകേഷ് ഓറം തലകൊണ്ടു മുഖത്തിടിച്ചു വീഴ്ത്തി. ഇതു റഫറിയുടെ കണ്ണിൽപ്പെടാതെ പോയി. എന്നാൽ ഈ ഇടിക്കുള്ള പ്രതികാരം നസീബ് റഹ്മാൻ രണ്ടാം പകുതിയിൽ വീട്ടി.
54–ാം മിനിറ്റിൽ മുഹമ്മദ് മുഷാറഫ് മധ്യവരയ്ക്കപ്പുറത്തുനിന്നു നൽകിയ പാസുമായി നസീബ് റഹ്മാൻ കുതിച്ചു. തൊട്ടുപിറകെ രാകേഷ് ഓറം നസീബിനെ തടയാൻ ഓടിയെത്തി. രാകേഷ് ജഴ്സിയിൽ പിടിച്ചു വലിക്കും മുൻപേ നസീബ് റഹ്മാൻ ഗോൾ നേടിക്കഴിഞ്ഞിരുന്നു (2–0).
ഇന്നലെ നേടിയ ഗോളോടെ മുഹമ്മദ് അജ്സലിന്റെ ഫൈനൽറൗണ്ടിലെ ഗോൾ നേട്ടം മൂന്നായി. യോഗ്യതാ റൗണ്ടിലും അജ്സൽ മൂന്നു ഗോൾ നേടിയിരുന്നു. ഗോൾ വേട്ടക്കാരുടെ പട്ടികയിൽ അജ്സൽ നിലവിൽ മൂന്നാംസ്ഥാനത്താണ്. ആകെ 8 ഗോൾ നേടിയ ബംഗാൾ താരം റോബി ഹൻസ്ഡയാണ് ഒന്നാമത്.
ഇന്നലെ ഉച്ചയ്ക്കു നടന്ന മത്സരത്തിൽ മേഘാലയയോട് 2–0ന് പരാജയപ്പെട്ട ഡൽഹി ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി. മൂന്നു കളികളിൽ ഒരു വിജയവും ഒരു സമനിലയുമായി മേഘാലയ മൂന്നാം സ്ഥാനത്തുണ്ട് (4 പോയിന്റ്). തമിഴ്നാടിനെ 1–0നുതോൽപിച്ച ഗോവ നാലാമത്. കേരളം 22നു രാത്രി 7.30നു ഡൽഹിയെയും 24നു രാവിലെ 9നു തമിഴ്നാടിനെയും നേരിടും. ഇന്നു മത്സരമില്ല
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്നു മത്സരങ്ങൾ ഇല്ല. നാളെ രാവിലെ 9ന് തെലങ്കാന ജമ്മുകശ്മീരിനെ നേരിടും. 2.30ന് രാജസ്ഥാനും സർവീസസും ഏറ്റുമുട്ടും. രാത്രി 7.30ന് ബംഗാളും മണിപ്പുരും തമ്മിലാണ് മത്സരം.