റയൽ മഡ്രിഡിന് ട്രോഫി ഫെസ്റ്റ്; ആഞ്ചലോട്ടിക്ക് 15–ാം കിരീടം, റെക്കോർഡ്
Mail This Article
ലുസൈൽ ∙ റയൽ മഡ്രിഡ് ടീം ഖത്തറിൽ നിന്ന് തിരിച്ച് സ്പെയിനിലേക്കു വിമാനം കയറുമ്പോൾ ഒരു എക്സ്ട്രാ സീറ്റ് വേണ്ടി വരും; ട്രോഫികൾക്കായി മാത്രം! സൂപ്പർ താരം വിനീസ്യൂസും പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയതിനു പിന്നാലെ ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പിലും റയലിന്റെ വിജയാരവം. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചൂക്കയെ 3–0നാണ് റയൽ തോൽപിച്ചത്. കിലിയൻ എംബപെ (37–ാം മിനിറ്റ്), റോഡ്രിഗോ (53), വിനീസ്യൂസ് (84–പെനൽറ്റി) എന്നിവരാണ് റയലിന്റെ സ്കോറർമാർ. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും വിനീസ്യൂസ് സ്വന്തമാക്കി.
റയലിനൊപ്പം 15–ാം കിരീടം സ്വന്തമാക്കിയ ആഞ്ചലോട്ടി ക്ലബ്ബിനായി കൂടുതൽ ട്രോഫികൾ നേടുന്ന പരിശീലകൻ എന്ന റെക്കോർഡും സ്വന്തമാക്കി. 1960–74 കാലയളവിൽ പരിശീലകനായിരുന്ന മിഗ്വേൽ മുനോസിനെയാണ് അറുപത്തിയഞ്ചുകാരൻ ആഞ്ചലോട്ടി മറികടന്നത്. 32 ക്ലബ്ബുകൾ മത്സരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്നതിനാലാണ് ഫിഫ ഈ വർഷം ഇന്റർ കോണ്ടിനെന്റൽ കപ്പ് വീണ്ടും നടത്താൻ തീരുമാനിച്ചത്. 6 കോൺഫെഡറേഷനുകളിലെയും ചാംപ്യൻ ക്ലബ്ബുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളെന്ന നിലയിൽ റയൽ നേരിട്ട് ഫൈനൽ കളിക്കുകയായിരുന്നു.