സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ഡൽഹിക്കെതിരെ
Mail This Article
സന്തോഷ് ട്രോഫിയിൽ ഇന്ന് കണക്കുകൂട്ടലുകളുടെ പോരാട്ടം. എ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ കേരളം രണ്ടാംസ്ഥാനക്കാരായ ഡൽഹിയെ രാത്രി 7.30ന് ഡെക്കാൻ അരീന സ്റ്റേഡിയത്തിൽ നേരിടും. ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതിനാൽ കേരളത്തിന് ഇന്ന് സമ്മർദമില്ലാതെ പൊരുതാം. ഒരൊറ്റ ലക്ഷ്യം മാത്രം; ക്വാർട്ടറിലേക്കു പോവുന്നത് ഗ്രൂപ്പ് ജേതാക്കളായിട്ടാവണം. ഡൽഹിയെ രണ്ടാംസ്ഥാനത്തുതന്നെ പിടിച്ചിരുത്താൻ ഇന്നു കേരളത്തിന് വിജയമോ സമനിലയോ വേണം.
ഹൈദരാബാദ് ഘാനാപൂരിലെ സ്റ്റേഡിയം ഓഫ് ഹോപ്സ് മൈതാനത്താണ് കേരള ടീം ഇന്നലെ അവസാനവട്ട പരിശീലനം നടത്തിയത്. മുഖ്യപരിശീലകൻ ബിബി തോമസ് മുട്ടത്തും സഹപരിശീലകൻ ഹാരി ബെന്നിയും ഗോൾകീപ്പിങ് പരിശീലകൻ എം.വി.നെൽസനും താരങ്ങളോടു പറഞ്ഞത് ഒരേയൊരു കാര്യമാണ്: ‘‘കൂളായി കളിക്കുക. ഗോളുകൾ കൊണ്ടുവരിക.’’
ആദ്യ മൂന്നു കളിയിലും കേരളത്തിന്റെ ആക്രമണം ഒരൊറ്റ സ്ട്രൈക്കറെ മുന്നിൽ നിർത്തിയായിരുന്നു. പിന്നിൽ അഞ്ചു പേർ പ്രതിരോധക്കോട്ട കെട്ടി. 5–4–1 ശൈലി വിജയിച്ചതോടെ എല്ലാ മത്സരങ്ങളിലും കേരളം വിജയം കണ്ടെത്തി. മുഹമ്മദ് അജ്സൽ, ഇ.സജീഷ്, ടി.ഷിജിൻ എന്നിവരാണ് കഴിഞ്ഞ മൂന്നു കളികളിൽ സ്ട്രൈക്കർമാരായി ഇറങ്ങിയത്. അജ്സലാണ് മൂന്നു കളികളിലും ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ആറാം സന്തോഷ് ട്രോഫി കളിക്കുന്ന ക്യാപ്റ്റൻ ജി.സഞ്ജുവും കെഎസ്ഇബിക്കാരനായ കാലിക്കറ്റ് എഫ്സി താരം എം. മനോജും പ്രതിരോധ നിരയിലെ കരുത്തരാണ്. തമിഴ്നാട്– ഒഡീഷ, മേഘാലയ–ഗോവ എന്നിവയാണ് ഇന്നത്തെ മറ്റു മത്സരങ്ങൾ. 24ന് തമിഴ്നാടിനെതിരെയാണ് ഗ്രൂപ്പിൽ കേരളത്തിന്റെ അവസാന മത്സരം.
സർവീസസ് ക്വാർട്ടറിൽ
ഹൈദരാബാദ് ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ സർവീസസ് ക്വാർട്ടർ ഫൈനലിലെത്തി. ഗ്രൂപ്പ് എ മത്സരത്തിൽ സർവീസസ് 2–0ന് രാജസ്ഥാനെ തോൽപിച്ചു. മലയാളി താരം വി.ജി.ശ്രേയസ് 20–ാം മിനിറ്റിലും ജെ.വിജയ് 85–ാം മിനിറ്റിലുമാണ് സർവീസസിനായി ലക്ഷ്യം കണ്ടത്. നാലു കളികളിൽ 3 ജയവും ഒരു തോൽവിയുമായി 9 പോയിന്റോടെയാണ് സർവീസസ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഗ്രൂപ്പിൽ നിന്ന് ബംഗാൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ജമ്മു കശ്മീർ തെലങ്കാനയെ 3–0ന് തോൽപിച്ചു. കശ്മീരിനുവേണ്ടി 5–ാം മിനിറ്റിൽ ഹയാത് ബഷീർ, 74–ാം മിനിറ്റിൽ അരുൺ നഗ്യാൽ, 88–ാം മിനിറ്റിൽ ആഖിഫ് ജാവേദ് എന്നിവർ ഗോളുകൾ നേടി.
മത്സരഫലങ്ങൾ
സർവീസസ്–2, രാജസ്ഥാൻ–0
ജമ്മു കശ്മീർ–3, തെലങ്കാന–0
ബംഗാൾ– 0, മണിപ്പുർ–0