സന്തോഷമായി!; കേരളം–3, ഡൽഹി–0
Mail This Article
കേരളത്തിന്റെ ഗോൾപെരുമഴയിൽ ഡൽഹിക്കോട്ട തകർന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് ബി മത്സരത്തിൽ ഡൽഹിയെ 3–0നു കേരളം കീഴടക്കി. കേരളത്തിനുവേണ്ടി 16–ാം മിനിറ്റിൽ നസീബ് റഹ്മാൻ, 31–ാം മിനിറ്റിൽ ജോസഫ് ജസ്റ്റിൻ, 40–ാം മിനിറ്റിൽ ടി.ഷിജിൻ എന്നിവരാണ് ഗോൾ നേടിയത്. മൂന്നു ഗോളുകളും അസിസ്റ്റ് ചെയ്തത് മുൻ കേരള ക്യാപ്റ്റൻ നിജോ ഗിൽബർട്ടാണ്.
തുടർച്ചയായ നാലുകളികളിൽ നാലാം ജയവുമായാണ് കേരളം ജൈത്രയാത്ര തുടരുന്നത്. ഫൈനൽ റൗണ്ടിൽ ഇതുവരെ 10 ഗോളുകളാണ് കേരളം നേടിയത്. യോഗ്യതാ റൗണ്ടിലേതടക്കം കേരളത്തിന്റെ സമ്പാദ്യം ആകെ 28 ഗോളുകൾ.
സ്ട്രൈക്കർ മുഹമ്മദ് അജ്സലിനു വിശ്രമം നൽകി ഗോകുലം താരം ടി.ഷിജിനെയാണ് കേരളം ആദ്യ ഇലവനിൽ ഇറക്കിയത്. 16–ാം മിനിറ്റിൽ മധ്യവരയ്ക്കപ്പുറത്തുനിന്ന് ഷിജിൻ നൽകിയ പാസുമായി കയറിവന്ന നിജോ ഗിൽബർട്ട് പന്ത് നസീബ് റഹ്മാനു കൈമാറി. ഡൽഹിയുടെ മൂന്നു പ്രതിരോധനിര താരങ്ങളെ ലളിതസുന്ദരമായി മറികടന്ന നസീബ് റഹ്മാൻ വലയിലേക്കു വലംകാലുകൊണ്ട് പന്തു തൊടുത്തു (1–0).
പിന്നെ പതിയെ വലതുകൈ കൊണ്ട് വില്ലെടുത്ത് വളച്ച് ഇടംകൈകൊണ്ട് അമ്പെയ്യുന്നതായി മുദ്രകാണിച്ചു. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ നസീബിന്റെ മൂന്നാംഗോളാണിത്.
31–ാം മിനിറ്റിൽ ഡിഫൻഡർ പി.ടി.മുഹമ്മദ് റിയാസിനെ ഡൽഹിയുടെ കാംഗിൻസെ തൗത്തങ് ഫൗൾ ചെയ്തു. നിജോയെടുത്ത ഫ്രീകിക്ക് ജോസഫ് ജസ്റ്റിൻ തലകൊണ്ട് വലയിലാക്കി. (2–0).
40–ാം മിനിറ്റിൽ മധ്യനിരയ്ക്കപ്പുറത്തുനിന്ന് എം.മനോജ് നൽകിയ പന്തുമായി നിജോ ഗിൽബർട്ട് ഇടതുവശത്തുകൂടി കയറിവന്നു. ബോക്സിനു മുന്നിലേക്ക് നീട്ടി നൽകിയ പാസ് സ്ട്രൈക്കർ ടി.ഷിജിൻ ഏറ്റുവാങ്ങി വലയിലേക്ക് തൊടുത്തു. (3–0) കേരളത്തിനുവേണ്ടി ആദ്യ ഗോൾ നേടിയ നസീബ് റഹ്മാനാണ് കളിയിലെ താരം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം നാളെ 2.30ന് തമിഴ്നാടിനെ നേരിടും.
മേഘാലയ ക്വാർട്ടറിൽ
ഹൈദരാബാദ് ∙ കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഗോവയെ 1–0ന് തോൽപിച്ച് മേഘാലയ ക്വാർട്ടർ ഉറപ്പിച്ചു. മേഘാലയ്ക്കുവേണ്ടി ദമൻഭലാങ് ചൈൻ 89–ാം മിനിറ്റിലാണ് ഗോൾ നേടിയത്. ഇന്നലെ രാവിലെ തമിഴ്നാടും ഒഡീഷയും 1–1ന് സമനിലയിൽ പിരിഞ്ഞു. തമിഴ്നാടിനുവേണ്ടി അലക്സാണ്ടർ റൊമാരിയോ ജേസുരാജ് 68–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ഗോൾ നേടി. ഒഡീഷയ്ക്കുവേണ്ടി രാഹുൽമുഖി 75–ാം മിനിറ്റിലും ഗോൾ നേടി.