പ്രതീക്ഷയുടെ ഹൈ വോൾട്ടേജ്!; ഐഎസ്എലിൽ ഇന്നു രാത്രി 7.30: ഹൈദരാബാദ് – നോർത്ത് ഈസ്റ്റ്
Mail This Article
ഹൈദരാബാദ്∙ ഐഎസ്എൽ ഫുട്ബോളിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണു ഹൈദരാബാദ് എഫ്സി. ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നു നടക്കുന്ന ഹോം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഹൈദരാബാദ് നേരിടുന്നത്. തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ഹൈദരാബാദ് എഫ്സി കോച്ച് താങ്ബോയ് സിങ്തോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തുടർന്നു സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷമീൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രഫഷനൽ ലൈസൻസ് നേടിയ മലയാളി പരിശീലകനാണ്. ഷമീൽ സംസാരിക്കുന്നു...
മുഖ്യപരിശീലകനായി ആദ്യ മത്സരം. എന്താണ് പ്രതീക്ഷ?
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഹൈദരാബാദ് എഫ്സി തയാറായിക്കഴിഞ്ഞു. നാലു ദിവസമായി ഞങ്ങൾ പരിശീലനത്തിലാണ്. കഴിഞ്ഞ മത്സരങ്ങളിൽ കടുപ്പമേറിയ തിരിച്ചടികളെയാണ് നേരിടേണ്ടിവന്നത്. അതിനാൽ കളിക്കാർക്കു പരമാവധി പ്രചോദനം നൽകിയിട്ടുണ്ട്. കളിക്കാരുടെ നിലപാടും മാനസികാവസ്ഥയും നല്ല രീതിയിലാണ്. പോസിറ്റീവ് റിസൽറ്റാണ് പ്രതീക്ഷിക്കുന്നത്.
മാറ്റങ്ങളോട് കളിക്കാരുടെ പ്രതികരണം?
കളിക്കാർ മാറ്റങ്ങളെ പൂർണതോതിൽ ഏറ്റെടുത്തുകഴിഞ്ഞു. ഇനി മികച്ച നേട്ടമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്?
കൃത്യമായ, കടുപ്പേറിയ ആക്രമണമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. നോർത്ത് ഈസ്റ്റും കഴിഞ്ഞ 2 കളികളിൽ പരാജയം നേരിട്ടവരാണ്. അതുകൊണ്ട് ഇന്നത്തേത് ‘ഡൂ ഓർ ഡൈ’ മത്സരമാണ്. അവരും മൂന്നു പോയിന്റു നേടുകയെന്ന ലക്ഷ്യവുമായാണ് വരുന്നത്.