ലിവർപൂളിന് ഹാപ്പി ക്രിസ്മസ്!: ടോട്ടനം ഹോട്സ്പറിനെ 6–3നു തോൽപിച്ചു; ലിവർപൂളിന് ഒന്നാം സ്ഥാനത്ത് 4 പോയിന്റ് ലീഡ്
Mail This Article
ലണ്ടൻ ∙ ലിവർപൂൾ ആരാധകർ ഇത്ര സന്തോഷത്തോടെ ആഘോഷിക്കാൻ പോകുന്ന ക്രിസ്മസ് സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല; പുതിയ കോച്ച് അർന സ്‌ലോട്ടിനു കീഴിൽ ടീം ഉജ്വല ഫോമിൽ, ഒപ്പം നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തുടർ തോൽവികളോടെ താഴോട്ടു വീണു കൊണ്ടിരിക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം! ക്രിസ്മസ് അവധിക്കു മുൻപുള്ള അവസാന മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെ അവരുടെ മൈതാനത്ത് 6–3നു തകർത്തതോടെ ലിവർപൂളിൽ ആഘോഷം നേരത്തെ തുടങ്ങിക്കഴിഞ്ഞു.
16 കളികളിൽ 39 പോയിന്റോടെയാണ് ലിവർപൂൾ ഒന്നാമതു തുടരുന്നത്. 17 കളികളിൽ 35 പോയിന്റുള്ള ചെൽസി രണ്ടാമതും 33 പോയിന്റുള്ള ആർസനൽ മൂന്നാമതും. 17 കളികളിൽ 27 പോയിന്റോടെ ഏഴാം സ്ഥാനത്താണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി.
ബാസ്കറ്റ് ബോൾ മത്സരം പോലെ ഇരുടീമുകളും അടിക്കടി മുന്നേറ്റങ്ങൾ കാഴ്ച വച്ച മത്സരത്തിനൊടുവിലാണ് ലിവർപൂളിന്റെ ജയം. ടോട്ടനം ഹോട്സ്പർ മൈതാനത്ത് ലൂയിസ് ഡയസ് (23–ാം മിനിറ്റ്), അലക്സിസ് മക്കലിസ്റ്റർ (36), ഡൊമിനിക് സൊബോസ്ലായ് (45+1) എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ 3–1നു മുന്നിലെത്തി. 41–ാം മിനിറ്റിൽ ജയിംസ് മാഡിസനാണ് ടോട്ടനമിന്റെ ആദ്യഗോൾ നേടിയത്.
രണ്ടാം പകുതിയിൽ മുഹമ്മദ് സലാ ഇരട്ടഗോളും നേടിയതോടെ കളി ഒരു മണിക്കൂറായപ്പോഴേക്കും ലിവർപൂളിന് 5–1 ലീഡ്. പിന്നീട് 2 ഗോൾ തിരിച്ചടിച്ച ടോട്ടനം മത്സരം ആവേശകരമാക്കി. ദെയാൻ കുലുസേവ്സ്കി (72), ഡൊമിനിക് സോളങ്കെ (83) എന്നിവരാണ് ഗോൾ നേടിയത്. എന്നാൽ 85–ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ ഗോളിൽ ലിവർപൂൾ ജയമുറപ്പിച്ചു. 15 ഗോളുകളോടെസലാ സിറ്റിയുടെ എർലിങ് ഹാളണ്ടിനെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു. ഹാളണ്ടിന് 13 ഗോളുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചെൽസി എവർട്ടനോട് ഗോൾരഹിത സമനില വഴങ്ങിയതും ലിവർപൂളിനു നേട്ടമായി. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ ബോൺമത്തിനു മുന്നിൽ 3–0നു കീഴടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 13–ാം സ്ഥാനത്തേക്കു വീണു. സീസണിൽ യുണൈറ്റഡിന്റെ 7–ാം തോൽവിയാണിത്.