കേരള ഫുട്ബോളിലെ സൂപ്പർ ലീഗ് ഇംപാക്ട്
Mail This Article
കൊച്ചി ∙ സൂപ്പറായി കളിച്ചിട്ടും ഒരു നിമിഷത്തെ മാത്രം പിഴവിൽ വീണതിൽ സങ്കടം ബാക്കിയെങ്കിലും സന്തോഷ് ട്രോഫി ഫൈനൽ കളിച്ച കേരള ടീം മുന്നോട്ടു വയ്ക്കുന്നതു പ്രതീക്ഷകൾ മാത്രം. കിരീടപ്പോരിൽ ഇൻജറി ടൈം ഗോളിൽ ബംഗാളിനോടു കീഴടങ്ങിയ ടീമിൽ ഇത്തവണ തെളിഞ്ഞു നിന്നത് സൂപ്പർ ലീഗ് കേരളയെന്ന (എസ്എൽകെ) സംസ്ഥാനത്തിന്റെ സ്വന്തം ലീഗിന്റെ തിളക്കം കൂടിയാണ്. 10 താരങ്ങളാണു എസ്എൽകെയിലെ വിവിധ ടീമുകളിൽ നിന്നു കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടിയത്. കേരളത്തിലെ യുവ ഫുട്ബോൾ താരങ്ങൾക്കു മികച്ച പരിശീലനവും പ്രതിഫലവും വിദേശ താരങ്ങൾക്കൊപ്പമുള്ള കളി പരിചയവും ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച എസ്എൽകെയുടെ കൂടി നേട്ടമാണു സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനം.
കാലിക്കറ്റ്, കൊച്ചി, കണ്ണൂർ
സൂപ്പർലീഗ് കേരള പ്രഥമ പതിപ്പിൽ ജേതാക്കളായ കാലിക്കറ്റ് എഫ്സിയിൽ നിന്നാണ് സന്തോഷ് ട്രോഫി ടീമിൽ ഏറ്റവും കൂടുതൽ താരങ്ങൾ; 7 പേർ. സ്ട്രൈക്കർമാരായ ഗനി മുഹമ്മദ് നിഗം, വി.അർജുൻ, ഡിഫൻഡർമാരായ എം.മനോജ്, പി.ടി.മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്‌ലം, മിഡ്ഫീൽഡർ എ.കെ.മുഹമ്മദ് അർഷാഫ്, ഗോൾകീപ്പർ കെ.മുഹമ്മദ് നിയാസ് എന്നിവരാണു കാലിക്കറ്റ് താരങ്ങൾ. ടീമിന്റെ വല കാത്ത എസ്.ഹജ്മലും മധ്യനിരയിലെ ആസൂത്രകൻ നിജോ ഗിൽബർട്ടും ഫോഴ്സ കൊച്ചിയിൽ നിന്നുള്ളവരാണ്. കണ്ണൂർ വോറിയോഴ്സിന്റെ സംഭാവനയായ മുഹമ്മദ് റിഷാദ് ഗഫൂർ മധ്യനിര താരം.
കളിച്ചു തെളിയാനുള്ള കളം
പതിവിൽ നിന്നു വ്യത്യസ്തമായി സന്തോഷ് ട്രോഫി താരങ്ങൾക്കു മികച്ച മത്സര പരിചയം ലഭിക്കാൻ എസ്എൽകെ സഹായിച്ചു. ലീഗിൽ കളിച്ചവർക്കെല്ലാം മികച്ച വിദേശ കോച്ചുമാരുടെ ശിക്ഷണം ലഭിച്ചിരുന്നു. ഒപ്പം, വിദേശ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും ഒരുമിച്ചു കളിക്കാനും സാധിച്ചു. അവരുടെ അനുഭവങ്ങളും നിർദേശങ്ങളും യുവതാരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിച്ചു. ലീഗിൽ കളിച്ചു തെളിഞ്ഞ താരങ്ങളെയും മറ്റു ക്ലബ്ബുകളിലും ഡിപ്പാർട്മെന്റൽ ടീമുകളിൽ നിന്നുമുള്ള താരങ്ങളെയും ഒന്നിപ്പിച്ചു മികച്ച രീതിയിൽ ക്യാംപ് സംഘടിപ്പിച്ചതും കുതിപ്പിനു കരുത്തായി.
പ്രഫഷനൽ ടീമുകൾ നൽകുന്ന മികച്ച പ്രതിഫലവും പരിശീലന സൗകര്യങ്ങളും കൂടുതൽ വലിയ സ്വപ്നങ്ങളിലേക്കു പന്തു തട്ടാനുള്ള സാധ്യത കൂടിയാണു കളിക്കാർക്കു മുന്നിൽ വയ്ക്കുന്നത്.
∙ നമ്മുടെ കുതിപ്പ് ശരിയായ ദിശയിൽ...
വളരെ സജീവമായ കൊൽക്കത്ത ലീഗാണു ബംഗാൾ ടീമിന്റെ ശക്തി. നമ്മളും ആ പ്രഫഷനൽ വഴിയിലാണ്. ചാക്കോള ട്രോഫി ലീഗ് വന്നതോടെ ചെറിയ കുട്ടികൾക്കു പോലും പന്തുമായി ഇഴുകിച്ചേരാൻ കഴിയുന്ന വിധത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചു. അതിലൂടെ വളർന്നു വരുന്ന കുട്ടികൾക്കു സൂപ്പർ ലീഗ് കേരള ഉൾപ്പെടെയുള്ള സാധ്യതകളാണു ലഭിക്കുന്നത്. കൂടുതൽ അവസരങ്ങളാണ് അവർക്കു വേണ്ടത്. അതിനാണു കെഎഫ്എ ശ്രമിക്കുന്നത്. കൂടുതൽ മത്സര പരിചയം ലഭിച്ചതിന്റെ നേട്ടം ഇത്തവണ സന്തോഷ് ട്രോഫിയിൽ ഗുണം ചെയ്തു. ഫൈനലിൽ തോറ്റതിന്റെ നിരാശയുണ്ടെങ്കിലും നമ്മുടെ കുതിപ്പ് ശരിയായ ദിശയിലാണ് എന്ന് ഈ ടീം തെളിയിച്ചു - നവാസ് മീരാൻ, പ്രസിഡന്റ്, കേരള ഫുട്ബോൾ അസോസിയേഷൻ