കെ.പി.രാഹുൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഒഡീഷ എഫ്സിയിലേക്ക്
Mail This Article
കൊച്ചി ∙ മലയാളി താരം കെ.പി.രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഒഡീഷ എഫ്സിയിലേക്കാണ് രാഹുൽ പോകുന്നത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെ രാഹുൽ ഒഡീഷയിലേക്കു പോകുന്ന വിവരം ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടത്.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കെ.പി. രാഹുലിനായി ചെന്നൈയിൻ, ഹൈദരാബാദ് തുടങ്ങിയ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്സിയിൽ 2019 മുതല്‍ കളിക്കുന്ന രാഹുൽ (24) ആറു സീസണിലായി 81 മൽസരങ്ങളിൽ മൈതാനത്തിറങ്ങി. എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. ജംഷഡ‍്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി അവസാനമായി രാഹുൽ കളിച്ചത്. ഞായറാഴ്ച പഞ്ചാബിനെതിരെ നടന്ന മൽസരത്തിൽ കളിക്കാനിറങ്ങിയിരുന്നില്ല. അതോടെ, ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കൗമാരതാരം കോറു സിങ് റൈറ്റ് വിങ്ങറായി സ്ഥാനമുറപ്പിച്ചതോടെയാണു രാഹുലിന്റെ കൂടുമാറ്റം. ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ വിൻഡോയിൽ ടീം അഴിച്ചുപണിയാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുവെന്നു സൂചനകളുണ്ടായിരുന്നു. കോച്ച് മികായേൽ സ്റ്റാറേയ്ക്കു പകരം ഈ സീസണിൽ പുതിയ വിദേശ പരിശീലകൻ വേണ്ടെന്നും തീരുമാനിച്ചിരുന്നു.
മോഹൻ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്. ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രേ കോയഫും ക്ലബ് വിടാനാണു സാധ്യത.
പുതിയ പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ചെന്നൈയിൻ എഫ്സിയുടെ സെന്റർ ബാക്ക് ബികാശ് യുമ്നമാണ് അടുത്ത സീസണിൽ ടീമിൽ എത്തുമെന്ന് ഉറപ്പിച്ച ഒരു താരം. ഒഡീഷ ടീമിലെ നരേന്ദർ ഗെലോട്ട്, അമേയ് രണവദേ എന്നിവരും ടീമിന്റെ റഡാറിലുണ്ട്. ഒഡീഷ എഫ്സി താരങ്ങളുടെ വരവ്, സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയാകും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോച്ച് എന്ന അഭ്യൂഹങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്. ജനുവരി 31വരെയാണ് ട്രാൻസ്ഫർ ജാലകം.