ADVERTISEMENT

കൊച്ചി ∙ ‘‘പുതിയ വെല്ലുവിളി നേരിടാൻ തയാർ. എന്നിൽ താൽപര്യം കാട്ടിയ ഏക ടീം ഒഡീഷ എഫ്സിയാണ്. അവർക്കായി കളിക്കുന്നതിൽ ഏറെ സന്തോഷം. ഒഡീഷ കോച്ചാണ് എന്നെ ക്ഷണിച്ചത് എന്നതു കൂടുതൽ സന്തോഷകരം. കൂടുതൽ പഠിക്കാനും വളരാനും എനിക്കാകുന്നതെല്ലാം ചെയ്യും. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ’’ – നീണ്ട 5 വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ‘പോസ്റ്റർ ബോയ്’ ആയിരുന്ന കെപി.രാഹുൽ (24) ഒഡീഷ എഫ്സിയുമായി 2 വർഷത്തെ കരാർ ഒപ്പുവച്ച ശേഷം പറഞ്ഞു.

നടപ്പു സീസൺ പൂർത്തിയാകും മുൻപാണു ക്ലബ്ബിന്റെ അനുമതിയോടെ രാഹുൽ ബ്ലാസ്റ്റേഴ്സ് വിടുന്നത്. 5 വർഷം, 76 മത്സരങ്ങൾ, 9 ഗോളുകൾ. ബ്ലാസ്റ്റേഴ്സിൽ രാഹുലിന്റെ ബാലൻസ് ഷീറ്റ്. ഈ സീസണിൽ 11 മത്സരങ്ങളിൽ ഒരേയൊരു ഗോൾ മാത്രമാണു റൈറ്റ് വിങ്ങറായി കളിച്ച രാഹുലിന്റെ സംഭാവന. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച ഏക മലയാളിയായ രാഹുൽ ഇപ്പോൾ ദേശീയ സീനിയർ ടീമിലുമുണ്ട്.

അതിവേഗ നീക്കങ്ങളുടെ പേരിലാണു രാഹുലിനു പ്രശസ്തിയെങ്കിലും മികവിനൊത്ത വിധം ഗോളുകൾ പിറക്കുന്നില്ലെന്നാണ് ആരാധകരുടെ സങ്കടം. ഒഡീഷ കുപ്പായത്തിൽ രാഹുൽ 13നു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമോയെന്ന ചോദ്യം ബാക്കി!

ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിലൊരാളായ രാഹുൽ ടീം വിട്ട ദിനത്തിൽ തന്നെ ഒരു മത്സരം പോലും കളിക്കാത്ത ഒരു ബ്ലാസ്റ്റേഴ്സ് താരം കൂടി ടീം വിട്ടു; ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സത്തിരിയോ! 2023 ൽ 2 വർഷ കരാറിൽ ടീമിലെത്തിയ അദ്ദേഹത്തിനു ലീഗ് തുടങ്ങും മുൻപേ പരിശീലനത്തിനിടെ പരുക്കേറ്റു. ശസ്ത്രക്രിയയ്ക്കു ശേഷവും ടീമിനൊപ്പം തുടർന്നെങ്കിലും കളത്തിലിറങ്ങാനാകാതെ നിർഭാഗ്യകരമായ മടക്കം.

English Summary:

From Kerala Blasters to Odisha: KP Rahul's New Football Chapter Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com