പുതുവർഷത്തിലെ ആദ്യമത്സരത്തിൽ 5 ഗോളടിച്ച് ഗോകുലം കേരളയുടെ ഗംഭീര തിരിച്ചുവരവ്; വിജയം 5 മത്സരങ്ങൾക്കുശേഷം!
Mail This Article
മഹിൽപുർ (പഞ്ചാബ്) ∙ തിരുമ്പി വന്തിട്ടേന്നു സൊല്ല്! ഐ ലീഗ് ഫുട്ബോളിൽ, പുതുവർഷത്തിലെ ആദ്യമത്സരത്തിൽ 5 ഗോളടിച്ച് ഗംഭീര തിരിച്ചുവരവുമായി ഗോകുലം കേരള എഫ്സി. ഡൽഹി എഫ്സിയെ 5–0നു തോൽപിച്ചാണ് ഗോകുലം തിരിച്ചുവരവ് അറിയിച്ചത്. ഗോകുലത്തിനുവേണ്ടി 41–ാം മിനിറ്റിലും 63–ാം മിനിറ്റിലും അദാമ നിയാനേ ഇരട്ടഗോളുകൾ നേടി. 81–ാം മിനിറ്റിൽ രാഹുൽ രാജുവും 89–ാം മിനിറ്റിൽ സിനിസ സ്റ്റാനിസാവിച്ചും ഇൻജറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇഗ്നാസിയോ അബലാഡോയുമാണ് മറ്റു ഗോളുകൾ നേടിയത്.
വിജയമെന്തെന്നു മറന്നുപോയ തുടർച്ചയായ അഞ്ചു മത്സരങ്ങൾക്കു ശേഷമാണ് ഗോകുലം 5 ഗോൾ നേട്ടവുമായി ഐ ലീഗിൽ തിരിച്ചുവരവ് കുറിച്ചത്. ഇതോടെ പട്ടികയിൽ ഏഴാം സ്ഥാനത്തുനിന്ന് ഗോകുലം മൂന്നാം സ്ഥാനത്തെത്തി. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ഗോകുലത്തിന്റെ രണ്ടാം ജയമാണ് ഇന്നലത്തേത്. നാലു കളികൾ സമനിലയായി. ഒരു മത്സരം പരാജയപ്പെട്ടു.
14ന് വൈകിട്ട് 4.30ന് ഡെംപോ ഗോവയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. നാളെ വൈകിട്ട് 4ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതാ ലീഗിൽ (ഐഡബ്ല്യുഎൽ) ഗോകുലം കേരള വനിതാ ടീം ഒഡീഷ എഫ്സിയെ നേരിടും. സീസണിൽ ഗോകുലം വനിതാ ടീമിന്റെ ആദ്യ ഹോം മാച്ചാണിത്.