ലീഗ് കപ്പ് സെമിയിൽ ലിവർപൂളിനും ആർസനലിനും ഞെട്ടൽ; ആദ്യപാദം ജയിച്ച് ടോട്ടനവും (1–0) ന്യൂകാസിലും (2–0)– വിഡിയോ
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ സെമിയുടെ ആദ്യപാദത്തിൽ ലിവർപൂളിനെ ഞെട്ടിച്ച് ടോട്ടനം ഹോട്‍സ്പറിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ, ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തിന്റെ ജയം. 86–ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്‌വാളാണ് ടോട്ടനത്തിന്റെ വിജയഗോൾ നേടിയത്. വിജയഗോളിനു വഴിയൊരുക്കിയ ഡൊമിനിക് സോളങ്കെ അതിനു മുൻപും ഒരു തവണ പന്തു വലയിലെത്തിച്ചിരുന്നെങ്കിലും അത് ഓഫ്സൈഡായി. അതേസമയം, ഗോൾ നേടിയ ബർഗ്‌വാളിന്റെ ഫൗൾ റഫറി ശ്രദ്ധിച്ചില്ലെന്ന ആരോപണം ഉയർന്നതോടെ വിവാദവും തലപൊക്കിയിട്ടുണ്ട്.
ഒന്നാം സെമിയുടെ ആദ്യപാദത്തിൽ ആർസനലിനെ ന്യൂകാസിൽ അട്ടിമറിച്ചിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിലിന്റെ ജയം. മത്സരത്തിന്റെ ഇരുപകുതികളിലുമായാണ് ന്യൂകാസിൽ ലക്ഷ്യം കണ്ടത്. അലക്സാണ്ടർ ഇസാക് (37–ാം മിനിറ്റ്), ആന്തണി ഗോർഡൻ (51–ാം മിനിറ്റ്) എന്നിവരാണ് ന്യൂകാസിലിന്റെ ഗോവുകൾ നേടിയത്. രണ്ടാം പാദം ഫെബ്രുവരി 5ന് ന്യൂകാസിലിന്റെ തട്ടകമായ ജയിംസ് പാർക്കിൽ നടക്കും.
ബാർസ സൂപ്പർകപ്പ് ഫൈനലിൽ
മഡ്രിഡ്∙ സ്പാനിഷ് സൂപ്പർ കപ്പിൽ അത്‍ലറ്റിക് ക്ലബ്ബിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ബാർസിലോന ഫൈനലിൽ. മത്സരത്തിന്റെ ഇരുപകുതികളിലുമായി യുവതാരങ്ങളായ ഗാവി (17–ാം മിനിറ്റ്), ലമീൻ യമാൽ (52–ാം മിനിറ്റ്) എന്നിവരാണ് ബാർസയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം സെമിയിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ റയൽ മഡ്രിഡും മയ്യോർക്കയും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവരും ബാർസയുമായി ഞായറാഴ്ച കലാശപ്പോരിൽ കൊമ്പുകോർക്കും.