കെസിഎ ക്രിക്കറ്റ് അക്കാദമി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് അക്കാദമികളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അക്കാദമികളില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്കും, 19 വയസ്സില്‍ താഴെയുള്ളവര്‍ക്കും രണ്ടു വിഭാഗമായാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനത്തോടൊപ്പം സ്‌കൂള്‍/ കോളജ് വിദ്യാഭ്യാസവും നടത്താന്‍ കഴിയുന്ന രീതിയിലാണ് അക്കാദമികളുടെ പ്രവര്‍ത്തനം.
ദേശിയ അന്തര്‍ദേശീയ തലത്തിലേക്ക് കൂടുതല്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ നിലവിലുള്ള ക്രിക്കറ്റ് അക്കാദമികളെ കൂടുതല്‍ ഫലപ്രദമാക്കി മാറ്റുവാനും പുതിയ അക്കാദമികള്‍ക്കു രൂപം കൊടുക്കാനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഡേവ് വാട്മോര്‍ മുഖ്യ ഉപദേശകനും പി. ബാലചന്ദ്രന്‍, ടിനു യോഹന്നാന്‍ എന്നിവര്‍ ഡയറക്ടര്‍മാരുമായുള്ള ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ കീഴിലാണ് അക്കാദമികള്‍ പ്രവര്‍ത്തിക്കുക. ഉന്നത നിലവാരത്തിലുള്ള കോച്ചിങ് സൗകര്യങ്ങളും പരിശീലന മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരങ്ങളും മികച്ച കളി ഉപകരണങ്ങളും പ്രദാനം ചെയ്യുന്നതായിരിക്കും കോച്ചിങ് കേന്ദ്രങ്ങള്‍.
2019-20 അധ്യയന വര്‍ഷം ഒമ്പതാം ക്ലാസ്സിലോ അതിനു താഴെയുള്ള ക്ലാസ്സുകളിലോ പഠിക്കുന്നവര്‍ക്ക് അണ്ടര്‍ 16 വിഭാഗത്തിലേക്കും 2019-20 അധ്യയന വര്‍ഷം പ്ലസ് വണ്ണില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അണ്ടര്‍ 19 വിഭാഗത്തിലും അപേക്ഷിക്കാം. പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിമാരുമായി ബന്ധപ്പെടുകയോ www.keralacricketassociation.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.