കായികതാരങ്ങൾ സർക്കാരിനോട്: വിജയികളാണ്, അൽപം ഗ്രേസ്!
Mail This Article
കോട്ടയം ∙ ഉഴപ്പാതെ പരിശീലനം നടത്തി ട്രാക്കിലും ഫീൽഡിലും നേട്ടങ്ങൾ കൊയ്തു, ഉഴപ്പാതെ പഠിച്ച് പരീക്ഷയിൽ നല്ല മാർക്കും നേടി. പക്ഷേ, ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടാൻ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സ്പോർട്സ് കൗൺസിലും മത്സരിക്കുന്നു. എസ്എസ്എൽസി ഫലം പുറത്തുവന്നപ്പോൾ പല കായികതാരങ്ങളുടെയും ഗ്രേസ് മാർക്ക് കൂട്ടിച്ചേർത്തിരുന്നില്ല.
∙ ഒളിംപിക്സാണ് സാറേ!
അർജന്റീനയിൽ നടന്ന ലോക യൂത്ത് ഒളിംപിക്സിൽ പങ്കെടുത്ത പാലക്കാട്ടുകാരി ജെ.വിഷ്ണുപ്രിയ ഗ്രേസ് മാർക്കിനായി അപേക്ഷിച്ചപ്പോൾ ‘യൂത്ത് ഒളിംപിക്സോ, അതെന്താ സംഗതി’ എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഫലം വന്നതിനു ശേഷമേ മാർക്ക് കൂട്ടിയിട്ടുണ്ടോ എന്നു വ്യക്തമാവുകയുള്ളൂ.
∙ കുരിശായ ക്രോസ് കൺട്രി
അത്‍ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ മെഡൽ നേടിയവർക്കും പങ്കെടുത്തവർക്കും വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നിഷേധിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ വിജയിച്ച് മഥുരയിൽ നടന്ന ദേശീയ മീറ്റിൽ പങ്കെടുത്തവർക്കും ഗ്രേസ് മാർക്ക് നൽകാനാവില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥരെടുത്തത്. ഇപ്പോൾ സംസ്ഥാന അത്‍ലറ്റിക് അസോസിയേഷൻ ഇടപെട്ടിരിക്കുകയാണ്.
∙ തർക്കത്തിന്റെ സ്മാഷുകൾ
സംസ്ഥാന വോളിബോൾ അസോസിയേഷനും സ്പോർട്സ് കൗൺസിലും തമ്മിലുള്ള ഉരസൽ, പൊട്ടിത്തെറിയിലെത്തിയപ്പോൾ അസോസിയേഷന്റെ അംഗീകാരം കൗൺസിൽ റദ്ദാക്കിയിരുന്നു. മാസങ്ങൾക്കുശേഷം അസോസിയേഷനും കൗൺസിലും കൈകൊടുത്തു കെട്ടിപ്പിടിച്ചെങ്കിലും ഗ്രേസ് മാർക്ക് പ്രശ്നം പരിഹാരമില്ലാതെ നീണ്ടു.
ഗ്രേസ് മാർക്ക് കിട്ടുമോ ഇല്ലയോ എന്നറിയാതെ ആശങ്കയുടെ കളത്തിലാണു ജില്ലാ, സംസ്ഥാന തലങ്ങളിൽ നാടിനായി സ്മാഷുകൾ പായിച്ച വോളിതാരങ്ങൾ. വിദ്യാഭ്യാസ വകുപ്പാണു ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കേണ്ടത്. വകുപ്പ് സംഘടിപ്പിക്കുന്ന സ്കൂൾതല മത്സരങ്ങളുടെ മാർക്ക് കൊടുക്കുന്നതിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല.