ADVERTISEMENT

കോട്ടയം ∙ പത്തിന്റെ കടമ്പ ഉശിരോടെ ചാടിക്കടന്ന കായിക കേരളത്തിന്റെ കൗമാരതാരങ്ങൾ 12–ാം ക്ലാസിലും സൂപ്പർ. ട്രാക്കിലും ഫീൽഡിലും മികവോടെ മെഡല‍ുകൾ നേടിയ താരങ്ങൾ പ്ലസ്ടു ഫലം പുറത്തുവന്നപ്പോൾ എ പ്ലസ് തിളക്കത്തിൽ ജ്വലിച്ചു നിൽക്കുന്നു. 1200ൽ 1200 മാർക്കും നേടിയ മിടുക്കർ വരെയുണ്ട് ഈ അത്‍ലീറ്റുകളുടെ കൂട്ടത്തിൽ. ഷെൽഫ് നിറയെ മെഡലുള്ള ഇവർ നാടിനോടു പറയുന്നത് ഒന്നുമാത്രം: ഉഴപ്പാതെ കളിക്കാനറിയാമെങ്കിൽ, ഉഴപ്പാതെ പഠിക്കാനും ഞങ്ങൾക്കറിയാം

ഫുൾ സ്റ്റാറാ!

ട്രാക്കിൽ നിരത്തുന്ന ഹർഡിലുകൾക്കുമേലെ കുതിച്ചുപായുന്ന സ്കൂൾ മീറ്റുകളിലെ സ്വർണപ്പറവ അപർണ റോയ് 1200ൽ 1200 മാർക്കും നേടി പഠനത്തിലും താനൊരു പായുംപുലിയാണെന്നു തെളിയിച്ചു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അപർണ കൊമേഴ്സ് ഗ്രൂപ്പിലാണു നേട്ടം സ്വന്തമാക്കിയത്. ദേശീയ, സംസ്ഥാന സ്കൂൾ, ജൂനിയർ മീറ്റുകളിൽ ഹർഡിൽസിലും സ്പ്രിന്റിലും കേരളത്തിന്റെ സുവർണതാരമാണ് അപർണ. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച താരത്തിനുള്ള ‘മലയാള മനോരമ’യുടെ സ്വർണപ്പതക്കവും അപർണയ്ക്കായിരുന്നു.

ഇതേ സ്കൂളിൽ അപർണയ്ക്കൊപ്പം കൊമേഴ്സ് പഠിക്കുന്ന നിയ റോസ് രാജുവും മുഴുവൻ മാർക്ക് വാങ്ങി. സംസ്ഥാന സ്കൂൾ മീറ്റിൽ സീനിയർ ഡിസ്കസ് ത്രോയിൽ വെള്ളിയും ഷോട്ട്പുട്ടിൽ വെങ്കലവും നേടിയ താരമാണു നിയ. ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ തുടർച്ചയായി 3 വെള്ളി നേടിയ റോളർ സ്കേറ്റിങ് താരം അഭിജിത് അമൽരാജും മുഴുവൻ മാർക്ക് നേടി. പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് പഠിച്ചാണ് അഭിജിത്തിന്റെ നേട്ടം. എസ്എസ്എൽസിക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.

എ പ്ലസ് ട്രാക്ക്

കഴിഞ്ഞ 2 വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ മീറ്റിലെ സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാംപ്യനായ ആദർശ് ഗോപി (കോതമംഗലം മാർ ബേസിൽ) പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊമേഴ്സാണു വിഷയം. എസ്എസ്എൽസിക്കും ഫുൾ എ പ്ലസ് നേടിയിരുന്നു. യൂത്ത് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പാലക്കാട്ടുകാരി ജെ.വിഷ്ണുപ്രിയയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗവ. മോയൻസ് സ്കൂളിൽ സയൻസ് ബാച്ചിലാണു താരത്തിന്റെ നേട്ടം.

400 മീറ്റർ ഹർഡിൽസിലെ സുവർണതാരമാണു വിഷ്ണുപ്രിയ. സംസ്ഥാന മീറ്റുകളിൽ ലോങ്ജംപിലും ട്രിപ്പിൾ ജംപിലും ഭാവിയുള്ള പ്രകടനം കാഴ്ചവച്ച സാന്ദ്ര ബാബു (മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്), 400ലെ ഭാവിതാരമായ ഇരവിപേരൂർ സെന്റ് ജോൺസിലെ അനന്തു വിജയൻ, സ്പ്രിന്റിൽ പ്രതീക്ഷയുള്ള തിരുവനന്തപുരം സായിയിലെ സി.അഭിനവ് (തുണ്ടത്തിൽ എംവിഎച്ച്എസ്എസ്) എന്നിവരും മികച്ച വിജയം നേടി. 

പന്തുകളിക്കാരും

സംസ്ഥാന സ്കൂൾ ഫുട്ബോൾ സീനിയർ പെൺ ടീം മുൻ ക്യാപ്റ്റൻ അലക്സിബ പി.സാംസൺ, സബ് ജൂനിയർതലം മുതൽ സീനിയർതലംവരെ സംസ്ഥാന ടീമുകളിൽ കളിച്ച കെ.മാനസ എന്നിവരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇരുവരും കോഴിക്കോട് നടക്കാവ് ജിവിജിഎച്ച്എസ്എസ് വിദ്യാർഥികളാണ്. കൊമേഴ്സിലാണ് ഇവരുടെ നേട്ടം. മികച്ച താരത്തിനുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ പുരസ്കാരം നേടിയിട്ടുണ്ട് മാനസ.

English Summary: Kerala athletes perform well in Plus Two Examinations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com