മൻഷാദ്: രാജ്യാന്തര കായികമേളകളിലെ കോഴിക്കോടൻ കണ്ണി
Mail This Article
രാജ്യാന്തര സ്പോർട്സ് മേളകളുടെ നടത്തിപ്പിൽ പതിവു സാന്നിധ്യമാകുകയാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി സി.വി. മൻഷാദ്. ഖത്തറിൽ ബ്രാൻഡിങ്, മാർക്കറ്റിങ് മേഖലയിൽ ജോലി നോക്കുന്ന മൻഷാദ് 2015 മുതലിങ്ങോട്ട് 7 ലോകചാംപ്യൻഷിപ്പുകളിലെങ്കിലും സംഘാടകനായി. ദോഹയിൽ സെപ്റ്റംബറിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സീനിയർ ബ്രാൻഡിങ് കോ–ഓർഡിനേറ്റർ റോളിലാണ് മൻഷാദ് ഇപ്പോൾ.
2015ൽ ഖത്തറിൽ നടന്ന പുരുഷൻമാരുടെ ഹാൻഡ് ബോൾ ലോക ചാംപ്യൻഷിപ്പിൽ ബ്രാൻഡിങ് ഡിസൈനറായാണ് അരങ്ങേറ്റം. അതേ വർഷം തന്നെ ഐപിസി അത്‌ലറ്റിക്സ് വേൾഡ് ചാംപ്യൻഷിപ്പിലും സഹകരിച്ചു. അടുത്ത ഇവന്റ് ലോക ബോക്സിങ് ചാംപ്യൻഷിപ്പായിരുന്നു.
ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വെന്യു മാർക്കറ്റിങ് ഓഫിസറുടെ റോളിൽ നാലുമാസം കേരളത്തിലുണ്ടായിരുന്നു. 2022ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലും മാർക്കറ്റിങ് വിഭാഗത്തിൽ മൻഷാദ് ഉണ്ടാകും. മാസങ്ങൾക്കു മുൻപ് നടന്ന എ.ആർ. റഹ്മാൻ ഷോയുടെ പിന്നണിയിലും ഇദ്ദേഹമുണ്ടായിരുന്നു. ഒൻപതു വർഷമായി മൻഷാദ് ഖത്തറിലെത്തിയിട്ട്. ആദ്യം ആർമിയിലായിരുന്നു. 2 വർഷത്തിനുശേഷം അതുവിട്ട് ഇവന്റ് മാനേജ്്മെന്റ് മേഖലയിലേക്കു തിരിയുകയായിരുന്നു.
കോഴിക്കോട് ജെഡിടിയിൽ നിന്ന് ബാച്ച്‌ലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഒന്നാം റാങ്കോടെ പാസായ ആളാണ് മൻഷാദ്. ഡിസൈൻ എക്സ്പേർട്ട്, വെന്യു മാർക്കറ്റിങ് ഓഫിസർ, ഹെഡ് ഓഫ് ബ്രാൻഡിങ്, ബ്രാൻഡിങ് കോ– ഓർഡിനേറ്റർ, ഡിസൈനർ അങ്ങനെ പല റോളുകളാണ് മേളകളിൽ. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം മേളകളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് മൻഷാദ്.