ADVERTISEMENT

ചാംപ്യൻസ് ബോട്ട് ലീഗിൽ ഇനി ശേഷിക്കുന്നത് കല്ലട ജലോത്സവവും പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും

ആലപ്പുഴ ∙ പരാജയമറിഞ്ഞത് എറണാകുളം മറൈൻ ഡ്രൈവിൽ മാത്രം! ആദ്യ സിബിഎൽ സീസണിൽ 2 മത്സരം മാത്രം ബാക്കി നിൽക്കെ ചാംപ്യന്മാരാവാൻ കച്ച കെട്ടി നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്).

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 143 പോയിന്റ് നേടിയാണ് ടീം പട്ടികയുടെ അമരത്ത് നിൽക്കുന്നത്. 

റണ്ണർ അപ്പിൽ പലതുഴത്താളം

ഇപ്പോഴത്തെ ഫോമിൽ‌ നടുഭാഗത്തെ പിടിച്ചു കെട്ടാൻ എതിരാളികൾക്ക് കഴിയില്ല. രണ്ടാം സ്ഥാനത്തുള്ള പൊലീസ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ ചുണ്ടന് (റേജിങ് റോവേഴ്സ്) 70 പോയിന്റാണുള്ളത്.

അതേ സമയം റണ്ണർ അപ്പ്  സ്ഥാനത്തിന് വേണ്ടി യുബിസി കൈനകരി തുഴയുന്ന ചമ്പക്കുളം ചുണ്ടനും (കോസ്റ്റ് ഡോമിനേറ്റേഴ്സ് – 63 പോയിന്റ്) എൻസിഡിസി കുമരകം തുഴയുന്ന ദേവസ് ചുണ്ടനും (മൈറ്റി ഓർസും – 62 പോയിന്റ്) രംഗത്തുണ്ട്. 

കി..ക്കിടു നടുഭാഗം

കായംകുളത്ത് നടന്ന പത്താം ലീഗ് മത്സരത്തിൽ തുടർച്ചയായ അഞ്ചാം ജയവും സിബിഎല്ലിലെ ഒൻപതാം ജയവുമാണ് നടുഭാഗം സ്വന്തമാക്കിയത്. മിക്ക മത്സരങ്ങളിലും ഹീറ്റ്സിലും ഫൈനൽ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം കുറിച്ച് 5 പോയിന്റ് ബോണസും നേടിയാണ് നടുഭാഗം കുതിച്ചത്.

45 പോയിന്റാണ് ബോണസ് ഇനത്തിൽ മാത്രം നടുഭാഗത്തിന്റെ അക്കൗണ്ടിൽ വീണത്. നടുഭാഗം കഴിഞ്ഞാൽ പ്രൈഡ് ചേസേഴ്സ് മാത്രമാണ് ഒരു തവണ 5 ബോണസ് പോയിന്റ് സ്വന്തമാക്കിയത്. 

ഇനി രണ്ടു മത്സരങ്ങൾ

കല്ലട ജലോത്സവം(നവംബർ 16), പ്രസിഡന്റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബർ 23) എന്നിവയാണ് ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ.

ആകെ 5.9 കോടി രൂപ

ചാംപ്യൻസ് ബോട്ട് ലീഗിൽ 12 മത്സരങ്ങളിലായി ആകെ നൽകുന്നത് 5.9 കോടി രൂപ സമ്മാനം. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനം. 2, 3 സ്ഥാനക്കാർക്ക് 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഓരോ ലീഗ് മത്സരത്തിലും ഒന്നാമതെത്തുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 3 ലക്ഷം, ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ഓരോ ലീഗ് മത്സരത്തിലും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 4 ലക്ഷം രൂപ വീതം ബോണസും ലഭിക്കും. 

പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ പോയിന്റ് പട്ടിക

(ചുണ്ടൻ – പോയിന്റ് – ബോണസ് പോയിന്റ് – ആകെ പോയിന്റ് എന്ന ക്രമത്തിൽ)

 നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) – 98 –45 – 143

 കാരിച്ചാൽ ചുണ്ടൻ (റേജിങ് റോവേഴ്സ്) 70 – 0 – 70

 ചമ്പക്കുളം ചുണ്ടൻ (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 63 – 0 – 63

 ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) 62 – 0 – 62

 ഗബ്രയേൽ ചുണ്ടൻ (ബാക്ക്‌വാട്ടർ നൈറ്റ്സ്) 51 – 0 – 51

 വീയപുരം ചുണ്ടൻ (പ്രൈഡ് ചേസേഴ്സ്) 39 – 5 – 44

 പായിപ്പാടൻ ചുണ്ടൻ (ബാക്ക്‌വാട്ടർ വാരിയേഴ്സ്) 30 – 0 – 30

 മഹാദേവികാട് കാട്ടിൽ തെക്കേതിൽ (തണ്ടർ ഓർസ്) 24 – 0 – 24

 സെന്റ് ജോർജ് ചുണ്ടൻ (ബാക്ക്‌വാട്ടർ നിൻജാസ്) 22 – 0 – 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com