സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തുടക്കം
Mail This Article
കണ്ണൂർ ∙ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിലെ സിന്തറ്റിക് ട്രാക്കും ഫീൽഡും ഒരുങ്ങി; 63–ാം സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തുടക്കം. പതിവിൽനിന്നു വ്യത്യസ്തമായി, സുരക്ഷ മുൻനിർത്തി ഹാമർ ത്രോയ്ക്കും ഡിസകസ് ത്രോയ്ക്കും വെവ്വേറെ ഇരുമ്പുകൂടുകൾ (കേജ്) തയാറാക്കിയിട്ടുണ്ട്. ജാവലിൻ ത്രോ മത്സരത്തിനായി മൈതാനത്തു 2 സെക്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. 5 മീറ്റർ ഉയരത്തിൽ ഫോട്ടോ ഫിനിഷ് സെക്ടറും സജ്ജമായി. കോൾ റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ക്രമീകരിച്ചതായി സംഘാടകർ അറിയിച്ചു.
സ്ഥിരം ഗാലറിയിൽ ഏകദേശം1000 പേർക്ക് ഇരിക്കാം. ഇതിനു പുറമേ, 300 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഗാലറിയുടെ നിർമാണം ഇന്നു പൂർത്തിയാകും. ആൺകുട്ടികളുടെ ഹോസ്റ്റലിനോടു ചേർന്ന് 500 പേർക്ക് ഇരിക്കാവുന്ന മറ്റൊരു പവിലിയനും ഉണ്ട്. ട്രാക്ക്, വാം അപ് ഏരിയ, ഭക്ഷണശാല, വിശ്രമിക്കാനുള്ള ഇക്കോ പാർക്ക് തുടങ്ങിയവയെല്ലാം അടുത്തടുത്തായാണു സജ്ജീകരിച്ചിരിക്കുന്നത്.
പോയിന്റ് നില, ജേതാക്കളുടെ വിവരങ്ങൾ, ഫീൽഡിൽനിന്നുള്ള ചിത്രങ്ങൾ തുടങ്ങിയവ തൽസമയം കാണിക്കുന്ന വിഡിയോ വാൾ മീഡിയ പവിലിയനോടു ചേർന്നു തയാറാക്കുന്നുണ്ട്.
നാളെ രാവിലെ 7നു മത്സരങ്ങൾക്കു തുടക്കമാകും. വൈകുന്നേരം 3.30നു മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. കായികമേളയ്ക്കു മുന്നോടിയായി വിളംബര റാലി ഇന്നലെ കണ്ണൂരിൽ നടന്നു.