7 സ്വർണം, 10 വീടുമാറ്റം; വാടകവീട്ടിലേക്ക് അതുല്യയ്ക്ക് വേണം, ഇനിയും സ്വർണം!
Mail This Article
കണ്ണൂർ ∙ രണ്ടു പ്രളയത്തിലും വീട് മുങ്ങിയപ്പോൾ അതുല്യ പരിഭ്രമിച്ചില്ല. ഒറ്റ മഴയ്ക്കു വെള്ളം കയറുന്ന വാടകവീട്ടിലെ താമസം അതുല്യയുടെ വെള്ളപ്പേടി എന്നേ മാറ്റിയിരുന്നു. 5 വർഷത്തിനിടെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഏഴു സ്വർണം നേടിയ അതുല്യയും കുടുംബവും പത്താമത്തെ വാടക വീട്ടിലാണ് ഇപ്പോൾ താമസം.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഡിസ്കസ് ത്രോയിൽ അതുല്യ ആദ്യ സ്വർണം കുറിക്കുന്നത്. ചോരുന്ന വാടകവീട്ടിലെ താമസവും ജീവിതദുരിതങ്ങളും വാർത്തയായപ്പോൾ അതുല്യയ്ക്കു വീടു നിർമിച്ചു നൽകുമെന്നു ജനപ്രതിനിധികൾ അറിയിച്ചു.
പഞ്ചായത്ത് അധികൃതർ പണം സമാഹരിച്ച് മൂന്നര സെന്റ് സ്ഥലവും വാങ്ങി. എന്നാൽ, 5 വർഷം കഴിഞ്ഞിട്ടും വീട് യാഥാർഥ്യമായില്ല. ഡിസ്കസിലും ഹാമർത്രോയിലുമായി സംസ്ഥാന മീറ്റിൽ 7 സ്വർണവും ദേശീയ മീറ്റിൽ ഒരു സ്വർണവും നേടാനായിട്ടും ഇവ അടുക്കി വയ്ക്കാനൊരു വീട് അതുല്യയ്ക്ക് ഇപ്പോഴുമില്ല.
വർഷത്തിൽ ഒന്നോ രണ്ടോവട്ടം വാടകവീട് മാറേണ്ടി വരുന്നു. വാടക കൂട്ടിച്ചോദിച്ചാൽ നൽകാൻ ഓട്ടോ ഡ്രൈവറായ അച്ഛനു നിവൃത്തിയില്ലാത്തതാണ് കാരണം. മഴ പെയ്താലുടൻ വെള്ളം കയറുന്ന കൊച്ചുവീട്ടിലാണ് ഇപ്പോഴത്തെ താമസം.