ADVERTISEMENT

കണ്ണൂർ ∙ സുരക്ഷയുടെ വൻമതിലിനുള്ളിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു തുടക്കം. പാലായിൽ ഹാമർത്രോ അപകടത്തിൽ വിദ്യാർഥി മരിച്ച പശ്ചാത്തലത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾക്കു നടുവിലാണ് മേള. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി.  രാവിലെ 7നു മത്സരങ്ങൾ തുടങ്ങും. ഉച്ചയ്ക്കു ശേഷം 3.30ന് മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ ടിന്റു ലൂക്ക ദീപശിഖ തെളിക്കും.

∙ മികവിന് മനോരമ സ്വർണപ്പതക്കം

സംസ്ഥാന സ്കൂൾ കായികമേളയിലെ ഏറ്റവും മികച്ച 2 താരങ്ങൾക്ക് മലയാള മനോരമയുടെ സ്വർണപ്പതക്കം. വിദഗ്ധ സമിതിയാണു വിജയികളെ തിരഞ്ഞെടുക്കുക.മേളയുടെ സമാപനദിവസമായ 19നു സമ്മാനിക്കും.

∙ അഫീൽ, നിന്റെ ഓർമയിൽ അവിസ്മരണീയമാകട്ടെ ഈ മേള...

∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കണ്ണൂരിൽ തുടക്കം; 19ന് സമാപിക്കും

∙ പാലാ ഹാമർത്രോ ദുരന്ത പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷ; ഹാമർത്രോ, ഡിസ്കസ് ത്രോ എന്നിവ വലക്കൂടുകളിൽ

∙ ഓവറോൾ കിരീടം ലക്ഷ്യമിട്ട് പാലക്കാടും എറണാകുളവും; പാലക്കാടിനു മുൻതൂക്കം

∙ സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ കല്ലട‌‍ി എച്ച്എസ്എസും കോതമംഗലം മാർ ബേസിലും

∙ പങ്കാളിത്തം 1904 കായികതാരങ്ങൾ 300 ഒഫിഷ്യലുകൾ 6 വിഭാഗങ്ങളിലായി 98 ഇനം മത്സരങ്ങൾ

∙ വിജയികൾക്ക്

ഒന്നാം സമ്മാനം: 1500 രൂപ
രണ്ടാം സമ്മാനം: 1250 രൂപ
മൂന്നാം സമ്മാനം: 1000 രൂപ

∙ വ്യക്തിഗത ചാംപ്യന് സ്വർണമെഡൽ

വ്യക്തിഗത ചാംപ്യൻമാർക്ക് 4 ഗ്രാം സ്വർണമെഡൽ.
സബ്ജൂനിയർ, ജൂനിയർ,സീനിയർ ആൺ–പെൺ
വിഭാഗങ്ങളിലായി ആകെ 6 വ്യക്തിഗത ചാംപ്യൻമാർ

∙ സ്കൂളുകൾക്കും നേട്ടം

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാലയങ്ങൾക്കു സമ്മാനം

ഒന്നാം സ്ഥാനം: 2.20 ലക്ഷം രൂപ
രണ്ടാം സ്ഥാനം: 1.65 ലക്ഷം രൂപ
മൂന്നാം സ്ഥാനം: 1.10 ലക്ഷം രൂപ

∙ വിധി നിർണയം ഹൈടെക്

ഫലനിർണയത്തിന് ആധുനിക ഉപകരണങ്ങൾ. ട്രാക്കിലെ വിജയികളെ കൃത്യമായി കണ്ടെത്താൻ ഫോട്ടോഫിനിഷ് ക്യാമറ.
ദൂരമളക്കാൻ ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷറർ. ഫാൾസ് സ്റ്റാർട്ട് ഡിറ്റക്ടർ സിസ്റ്റം

∙ തകർന്നു വീഴട്ടെ റെക്കോർഡുകൾ

റെക്കോർഡ് തിരുത്തിയാൽ സമ്മാനം 4000 രൂപ

∙ സുരക്ഷയ്ക്ക് ഇൻഷുറൻസ്

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തി. കായികതാരങ്ങൾക്കോ ഒഫിഷ്യലുകൾക്കോ സംഘാടക സമിതി അംഗങ്ങൾക്കോ അപകടമുണ്ടായാൽ 10,000 രൂപയുടെ പരിരക്ഷ ലഭിക്കും.

∙ നിസ്സഹകരണവുമായി കായികാധ്യാപകർ

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കായികാധ്യാപകർ നിസ്സഹകരണ സമരത്തിലാണെങ്കി‍ലും സംസ്ഥാന സ്കൂൾ കായികമേള തടസ്സമില്ലാതെ നടത്താനുള്ള ഒരുക്കത്തിലാണു സംഘാടകർ. സ്പോർട്സ് കൗൺസിലിന്റെയും വിവിധ കായിക അസോസിയേഷനുകളുടെയും സഹകരണം ഉറപ്പാക്കിയാണു റഫറിമാരെയും മറ്റും സംഘാടകർ കണ്ടെത്തിയിട്ടുള്ളത്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ:

∙ ഹൈസ്കൂൾ കായികാധ്യാപകരുടെ ശമ്പളം വർധിപ്പിക്കുക.

∙ യുപി സ്കൂളുകളിൽ 200 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്ന നിലയിൽ നിയമനം നടത്തുക.

∙ ഹൈസ്കൂളുകളിൽ തസ്തിക നിർണയത്തിന് എട്ട്, ഒൻപത് ക്ലാസുകളിൽ ഓരോ പീരിയഡ് കൂടി കൂട്ടുക.

∙ ഹയർ സെക്കൻഡറിയിലും കായികാധ്യാപകരെ നിയമിക്കുക.

∙ അഫീൽ,  പുഞ്ചിരികളിൽ  വിരിയുന്ന കണ്ണീർപ്പൂവ്

കണ്ണൂരിലെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരു മുഖം മാത്രം– അഫീൽ ജോൺസൻ എന്ന പതിനാറുകാരൻ...
പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ ത്രോ അപകടത്തിൽ മരണമടഞ്ഞ കായികകേരളത്തിന്റെ കണ്ണീർപ്പൂവ്..

മേളയ്ക്കെത്തുന്ന രണ്ടായിരത്തോളം താരങ്ങളിൽ അഫീലിന്റെ മുഖമുണ്ട്. കായികക്കുതിപ്പിനു വെമ്പുന്ന കൗമാരക്കാരുടെ മുഖം.. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കണ്ണൂരിലെത്തിയ കുട്ടിത്താരങ്ങളുടെ പുഞ്ചിരികളിൽ തെളിയുന്ന ഈ മുഖം അഫീലിനുള്ള അർപ്പണം കൂടിയാണ്.

∙ സേഫ്റ്റി ഫസ്റ്റ്!

പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിനിടെ ഹാമർ അപകടത്തിൽ വിദ്യാർഥിക്കു ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അത്തരമൊരു ദുരന്തം  ആവർത്തിക്കാതിരിക്കാൻ മുൻകരുതലൊരുക്കി സംസ്ഥാന സ്കൂൾ കായികമേള

∙ കൂടടച്ച സുരക്ഷ

ഹാമർ ത്രോ, ഡിസ്കസ് ത്രോ മത്സരങ്ങൾക്ക് ‘കൂടടച്ച്’ സുരക്ഷ. ഹാമർ ത്രോയുടെ സുരക്ഷാവല (കേജ്) രാജ്യാന്തര നിലവാരത്തിൽ 10 മീറ്റർ ഉയരത്തിലാണ്. സ്കൂൾ കായികമേളയിൽ ആദ്യമായി ഡിസ്കസ് ത്രോയ്ക്കായി പ്രത്യേകം ‘കേജ്’. ഉയരം: 6 മീറ്റർ.

∙ ട്രാക്കിനു ഫെൻസിങ്

ട്രാക്കിനും സ്റ്റേഡിയത്തിനും 360 ഡിഗ്രിയിൽ ഇരുമ്പുവേലി സജ്ജം. മത്സരസമയത്ത് കാണികളും മറ്റ് കായികതാരങ്ങളും ട്രാക്കിൽ പ്രവേശിക്കാതിരിക്കാനാണ് വല.

∙ സേഫ് ലാൻഡിങ്

പോൾവോൾട്ട്, ഹൈജംപ് ലാൻഡിങ് ബെഡുകളും മികച്ച നിലവാരമുള്ളവ. വശങ്ങളിൽ രാജ്യാന്തര നിലവാരമുള്ള സുരക്ഷാമാറ്റ്.

∙ മെഡിക്കൽ സംഘം

കായികമേളയുടെ മുഴുവൻ സമയവും മെഡിക്കൽ സംഘം സ്റ്റേ‍ഡിയത്തിലുണ്ടാവും. അലോപ്പതി, ഹോമിയോ, ആയുർ‍വേദ ഡോക്ടർമാർ സേവനസജ്ജരായി രംഗത്തുണ്ട്. നഴ്സിങ്, പാരാ മെഡിക്കൽ സ്റ്റാഫും സജ്ജം. 3 ആംബുലൻസുകൾ. സമീപത്തുള്ള ആശുപത്രികളിൽ ഒപി 24 മണിക്കൂറും സജ്ജം .

ഒരുക്കങ്ങളിൽ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയത്. മത്സരാർഥികളും ഒഫിഷ്യലുകളും അല്ലാതെ ആരെയും ട്രാക്കിൽ‍ പ്രവേശിപ്പിക്കില്ല. – ഡോ.ചാക്കോ ജോസഫ്, ജോയിന്റ് ഡയറക്ടർ, സ്പോർട്സ് ആൻഡ് ഗെയിംസ്, വിദ്യാഭ്യാസ വകുപ്പ്–

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com