ഓർമയുടെ ട്രാക്കിൽ, പൂമഴ നനഞ്ഞ്; ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു
Mail This Article
സ്കൂൾ കായികമേളയ്ക്ക് ഇന്ന് ട്രാക്കുണരുമ്പോൾ കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ആദ്യ ബാച്ചിന്റെ ഓർമകളിൽ ഒളിംപ്യൻ പി.ടി.ഉഷ....
പുള്ളിപ്പാവാടയും ഷർട്ടുമിട്ട് എട്ടാം ക്ലാസ്സുകാരിയായി കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ പടികയറിയ നിമിഷം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ ആദ്യ ബാച്ചുകാരിയായി 1976ൽ ആയിരുന്നു ആ വരവ്; 43 വർഷം മുൻപ്. മുനിസിപ്പൽ ഹൈസ്കൂളിൽ (ഇന്നത്തെ ജിവിഎച്ച്എസ്എസ്) പഠനം, പൊലീസ് മൈതാനിയിൽ പരിശീലനം. പരിശീലകനായി നമ്പ്യാർ സാറും (ഒ.എം.നമ്പ്യാർ).
അന്നു സ്പൈക്സും ജഴ്സിയുമിട്ട് പരിശീലിക്കുന്ന സെന്റ് തെരേസാസിലെ കുട്ടികളായിരുന്നു താരങ്ങൾ. ജില്ലാ കായികമേളയിൽ കല്ലും മണ്ണും നിറഞ്ഞ പൊലീസ് മൈതാനിയിൽ സെന്റ് തെരേസാസ് താരത്തെ തോൽപിച്ച് 100, 200 മീറ്ററുകളിൽ ഞാൻ ജയിച്ചു. പക്ഷേ, പാലായിലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നിലും ജയിക്കാൻ കഴിഞ്ഞില്ല. 8–ാം ക്ലാസ്സുകാരിയുടെ നിരാശ കണ്ണീരായി മാറി. തൊട്ടടുത്ത വർഷത്തെ മേളയിൽ ജയിച്ചു കയറി. സംസ്ഥാന മീറ്റിൽ സ്വർണം. ദേശീയ മീറ്റിൽ റെക്കോർഡ്.
ഹോസ്റ്റൽ ജീവിതം സംഭവബഹുലമായിരുന്നു. ഹോസ്റ്റലിലെ ശാന്ത ചേച്ചിയായിരുന്നു പോറ്റമ്മ. തുണി നനയ്ക്കാനും ഇസ്തിരിയിടാനുംവരെ പഠിച്ചു. മെഡൽ നേടി വരുമ്പോഴൊക്കെ പ്രധാനാധ്യാപകൻ നമ്പീശൻ മാഷ് ബോൺവിറ്റ വാങ്ങിത്തരുമായിരുന്നു. സീനിയർ നാഷനൽസിൽ മെഡൽ നേടി വന്നപ്പോൾ സ്കൂൾ അസംബ്ലിയിൽ സ്വീകരണം നൽകി. എന്റെ പേരുവിളിച്ചു. സ്റ്റേജിലേക്കു ഞാൻ നടന്നുപോകുന്നതിനിടെ ഇളംകാറ്റിൽ വാകപ്പൂക്കൾ നിലത്തേക്കുവീണു. അന്നത്തെ പ്രധാനാധ്യാപകൻ പൈതൽ മാഷ് പറഞ്ഞു: ഈ കുട്ടി വലിയ താരമാകും. അതല്ലേ, ദേവതകൾ പുഷ്പവൃഷ്ടി നടത്തിയത്!
എനിക്കാദ്യമായി ഒരു ട്രാക്ക് സ്യൂട്ട് സമ്മാനമായി കിട്ടിയതും കണ്ണൂരിന്റെ മണ്ണിൽ വച്ചാണ്. ഞങ്ങളുടെ പരിചയക്കാരനായ ഡോക്ടർ മാധവന്റെ വകയായിരുന്നു അത്. സവിത, ആമിന, ലത, എസ്.ഗീത, വി.വി.മേരി, എലിസബത്ത് ജോർജ്... കണ്ണൂരിലെ എന്റെ സഹപാഠികളെ മറക്കാനാകില്ല. വർഷങ്ങൾക്കുശേഷം സ്കൂൾ കായികമേള കണ്ണൂരിലെത്തുമ്പോൾ എനിക്കു മറ്റൊരു സന്തോഷം കൂടിയുണ്ട്. എനിക്കുശേഷം, എന്റെ കുടുംബത്തിൽനിന്ന് ഇതാദ്യമായി ഒരാൾ ട്രാക്കിലേക്കിറങ്ങുന്നു.