ഗുഡ്ബൈ ‘സിങ്കപ്പെണ്ണേ’; ലോങ്ജംപ് റെക്കോർഡിനു പിന്നാലെ 100 മീറ്ററിലും റെക്കോർഡ്
Mail This Article
കണ്ണൂർ ∙ ഉസൈൻ ബോൾട്ടിന്റെ ചിത്രമാണ് ആൻസിയുടെ ഫോണിന്റെ വാൾപേപ്പർ. പക്ഷേ, ഹൃദയത്തിന്റെ വാൾപേപ്പറിൽ പതിഞ്ഞ ചിത്രമേതെന്നു ചോദിച്ചാൽ ഉത്തരം ‘വിജയ്’ എന്നാണ്. തമിഴ് നടൻ വിജയിന്റെ കടുത്ത ആരാധികയായ ആൻസി സംസ്ഥാന സ്കൂൾ കായികമേളയിൽ സിനിമാ സ്റ്റൈലിൽ കുറിച്ചത് ഇരട്ട റെക്കോർഡുകൾ. ലോങ്ജംപ് റെക്കോർഡിനു പിന്നാലെ 100 മീറ്ററിലും ആൻസി റെക്കോർഡോടെ സ്വർണം പിടിച്ചു. വിജയ് സിനിമകളുടെ ക്ലൈമാക്സിനു സമാനമായി ആൻസിയുടെ അവസാന സ്കൂൾ മീറ്റ് പൊങ്കലാഘോഷം പോലെ കളർഫുൾ! സീനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ ആദ്യദിനം റെക്കോർഡോടെ സ്വർണം കുറിച്ചിരുന്നു. രണ്ടാംദിനം 100 മീറ്ററിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് 12.05 സെക്കൻഡിൽ റെക്കോർഡിട്ടത്. റെക്കോർഡിന്റെ ഹരത്തിൽ ആൻസിയോടു മൂന്നു ചോദ്യങ്ങൾ:
ഇഷ്ടപ്പെട്ട വനിതാ, പുരുഷ അത്‌ലീറ്റുകൾ
ഉസൈൻ ബോൾട്ടും ഷെല്ലി ആൻ ഫ്രേസറും. ഷെല്ലിയുടെ സ്റ്റൈൽ അനുകരിച്ച് മുടി കളർ ചെയ്യാൻ ഇഷ്ടമുണ്ട്. വീട്ടുകാർ സമ്മതിക്കൂല.
ബോൾട്ടിനോടുള്ള ആരാധന കൂടിയപ്പോൾ ചെയ്തത്
ഫോണിന്റെ സ്ക്രീൻ ലോോക്കും വാൾപേപ്പറും ബോൾട്ടിന്റെ പടം. യൂട്യൂബ് വിഡിയോ കണ്ട് ഓട്ടത്തിന്റെ ശൈലി അനുകരിക്കാൻ ശ്രമിക്കും. ഇൻസ്റ്റഗ്രാമിന്റെ പാസ്‍വേഡ് വരെ ഉസൈൻ ബോൾട്ട് എന്നാണ്. (പറഞ്ഞുതീർന്നപ്പോൾ തന്നെ പാസ്‍വേഡ് മാറ്റി!)
വിജയ് ഫാൻ ആയതെങ്ങനെ
വിജയ് അല്ല, വിജയ് അണ്ണൻ. എല്ലാ പടങ്ങളും വിടാതെ കാണും. അടുത്തിടെ ഇറങ്ങിയ ബിഗിൽ വരെ കണ്ടു. അതിലെ ‘സിങ്കപ്പെണ്ണേ’ പാട്ട് വല്ലാതെ ഇഷ്ടമാണ്.