മിന്നൽ എക്സ്പ്രസ് !
Mail This Article
കണ്ണൂർ ∙ റെക്കോർഡിന്റെ അകമ്പടിയോടെ നൂറിൽ പറപറന്ന് സ്പ്രിന്റർമാർ. അതിലും വേഗത്തിലോടി എല്ലാവരെയും ഒരുപോലെ തോൽപിച്ച് ആശയക്കുഴപ്പം! സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഇ.ആൻസി സോജൻ മീറ്റ് റെക്കോർഡുമായി മേളയിലെ വേഗമേറിയ പെൺകുട്ടിയായി. സീനിയർ ആൺകുട്ടികളിൽ ഒന്നാമനായ പാലക്കാട് ബിഇഎം സ്കൂളിലെ ആർ.കെ.സൂര്യജിത്താണു മേളയുടെ വേഗമേറിയ താരം.
സബ് ജൂനിയർ ആൺവിഭാഗത്തിൽ ഹീറ്റ്സിൽ ജേതാക്കളായ 2 പേരെ ഫൈനൽ പട്ടികയിൽനിന്നു ‘കാണാതായപ്പോഴാണ്’ ആശയക്കുഴപ്പം തുടങ്ങിയത്. സമയം കണക്കുകൂട്ടിയതിലെ പാളിച്ചയായിരുന്നു കാരണം. ശരിക്കും വരേണ്ടിയിരുന്ന താരങ്ങളെ കണ്ടെത്താൻ പറ്റാതായതോടെ മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. മറ്റു വിഭാഗങ്ങളിലെ 100 മീറ്റർ മത്സരങ്ങൾക്കും 400 മീറ്റർ ഹർഡിൽസിനും ശേഷമാണ് സബ് ജൂനിയർ മത്സരം നടത്തിയത്. അപ്പോഴും സംശയം തീർന്നില്ല.
‘ആദ്യം ഫിനിഷ് ചെയ്ത’ തിരുവനന്തപുരത്തിന്റെ എം.കെ.വിഷ്ണുവിന്റെ പിന്നാലെ ചാനലുകൾ പാഞ്ഞു. എന്നാൽ, ഫോട്ടോഫിനിഷിൽ ഫലം മാറി. വാങ്മയും മുക്രമായിരുന്നു യഥാർഥ വിജയി. താൻ രണ്ടാം സ്ഥാനത്തായെന്നു കരുതി മുക്രം തലകുനിച്ചു പുറത്തേക്കു പോയിരുന്നു. ഒടുവിൽ സംഘാടകരെത്തി സംശയം നീക്കി: മുക്രം തന്നെ ഒന്നാമൻ. ആളെവിടെ എന്നു തിരക്കി എല്ലാവരും പാഞ്ഞെങ്കിലും മുക്രം കൂട്ടുകാർക്കൊപ്പം സ്ഥലംവിട്ടിരുന്നു! പരിശീലകൻ ബാബു ആന്റണി പിന്നാലെ പോയാണു താരത്തെ കൂട്ടിക്കൊണ്ടുവന്നത്.