ഫ്ലഡ്‌ലൈറ്റിൽ കുട്ടികൾ പറക്കട്ടെ
Mail This Article
കണ്ണൂരിലെ കൊടുംചൂടിൽ വാടുകയാണു നമ്മുടെ താരങ്ങൾ. ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനം നടത്തേണ്ടവരിൽ പലർക്കും ചൂടു മൂലം തിളങ്ങാൻ കഴിയുന്നില്ല. ചൂടു നോക്കാതെ മത്സരക്രമം നിശ്ചയിച്ചതിനാൽ പൊരിവെയിലിലും ട്രാക്കിലിറങ്ങുകയാണു കുട്ടികൾ. ഇതിനൊക്കെ മാറ്റം വരണം. ഒന്നാം ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കാണു 400 മീറ്റർ ഫൈനലുകൾ നടത്തിയത്. 4 ദിവസമാണു മേളയുടെ ദൈർഘ്യം. ഒന്നുകിൽ, മേള 5 ദിവസമാക്കി മാറ്റി ഉച്ചസമയത്തെ മത്സരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.
അല്ലെങ്കിൽ ദേശീയ, രാജ്യാന്തര മത്സരങ്ങൾ നടത്തുന്നതുപോലെ ഫ്ലഡ്‌ലൈറ്റിൽ മേള സംഘടിപ്പിക്കണം. ചെലവിൽ വലിയ വ്യത്യാസമൊന്നും വരുമെന്നു തോന്നുന്നില്ല. രാത്രിയിലും മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള സ്റ്റേഡിയങ്ങൾ നമുക്കുണ്ടു താനും. കൗമാരതാരങ്ങളുടെ ഊർജം മുഴുവനും ഊറ്റിയെടുക്കുന്ന രീതിയിൽനിന്നു വ്യത്യസ്തമായി ഭാവിയിലെങ്കിലും അത്തരമൊരു പരീക്ഷണം നടത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ചൂടിനിടയിലും തകർപ്പൻ പ്രകടനം നടത്തുന്ന എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ...