ജോലി പോയാലെന്താ? രോഹിത്തിന് റെക്കോർഡ് ചിരി
Mail This Article
കണ്ണൂർ ∙ ഇന്നു നടക്കേണ്ടിയിരുന്ന, ജോലിക്കു വേണ്ടിയുള്ള കൂടിക്കാഴ്ച ഒഴിവാക്കി എ. രോഹിത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇറങ്ങിയതു വെറുതെയായില്ല, റെക്കോർഡോടെ സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം. 52.77 സെക്കൻഡിലാണ് രോഹിത് ഓടിയെത്തിയത്. കഴിഞ്ഞ ദിവസം 400 മീറ്റർ ഓട്ടത്തിലും സ്വർണം നേടിയിരുന്നു; ഡബിൾ നേട്ടം!
വ്യോമസേനയിൽ എയർമാൻ തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയ്ക്കായി സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ ഡൽഹിയിൽ എത്തേണ്ടിയിരുന്നതാണ്. കോച്ചിന്റെ നിർദേശപ്രകാരമാണ് ഇന്റർവ്യൂ ഒഴിവാക്കി മത്സരിക്കാൻ തയാറായത്. പാലക്കാട് ബിഇഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ രോഹിത് സ്വന്തം പേരിലുള്ള റെക്കോർഡ് തന്നെയാണു മെച്ചപ്പെടുത്തിയത്.
കണ്ണൂർ അഴീക്കോട് വട്ടക്കണ്ടി രോഹിത് നിവാസിൽ ധനേഷന്റെയും സപ്നയുടെയും മകനായ രോഹിത് പാലക്കാട് ഒളിംപിക് അത്‍ലറ്റിക് അക്കാദമിയിലാണ് പരിശീലിക്കുന്നത്.