ADVERTISEMENT

കണ്ണൂർ ∙ അച്ഛനും സഹോദരനും ദൂരങ്ങൾ കീഴടക്കിയ ഡിസ്കസ് ത്രോയിൽ റെക്കോർഡ് എറിഞ്ഞിട്ട് കെ.സി. സെർവാന്റെ അരങ്ങേറ്റം. സബ്ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ സെർവാന്റെ പിതാവ് കെ.സി.ഗിരീഷും മൂത്ത സഹോദരൻ കെ.സി.സിദ്ധാർഥും ഡിസ്കസ്ത്രോയിലെ മുൻ സംസ്ഥാന ചാംപ്യൻമാരാണ്.  അച്ഛന്റെ ശിക്ഷണത്തിൽ ചേട്ടന്റെ പിന്തുണയോടെ ആദ്യം സംസ്ഥാന സ്കൂൾ മീറ്റിനിറങ്ങിയ സെർവാനും ഒട്ടും മോശമാക്കിയില്ല.

41.58 മീറ്റർ എറിഞ്ഞ താരം 14 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർത്തത്. കാസർകോട് ചെറുവത്തൂർ കുട്ടമത്ത് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാന സ്കൂൾ മീറ്റിൽ സീനിയർ വിഭാഗത്തിൽ കഴിഞ്ഞ രണ്ടുവർഷവും ചാംപ്യനായിരുന്നു സെർവാന്റെ ജ്യേഷ്ഠൻ സിദ്ധാർഥ്. കഴിഞ്ഞവർഷം സിദ്ധാർഥ് സ്ഥാപിച്ച മീറ്റ് റെക്കോർഡ് ദൂരത്തിന് ഇത്തവണ ഇളക്കം തട്ടിയിട്ടില്ല.

ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ഡിഗ്രിക്കു ചേർന്ന സിദ്ധാർഥ് ഈ വർഷം സർവകലാശാലാ തലത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പിതാവ് ഗിരീഷാണ് രണ്ടുപേരുടെയും പരിശീലകൻ. 1989ൽ കോട്ടയത്തു നടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ ഡിസ്കസ് ത്രോ സ്വർണം നേടിയ ഗിരീഷ് സംസ്ഥാന അമച്വർ ചാംപ്യൻഷിപ്പിൽ തുടർച്ചയായി 6 വർഷം ചാംപ്യനുമായിരുന്നു. ചെറുവത്തൂർ സ്വദേശിയായ ഗിരീഷ് മക്കൾക്കു പുറമേ 3 കുട്ടികളെക്കൂടി പരിശീലിപ്പിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com