എബ്രിൻ കെ. ബാബു വിറച്ചില്ല, വിറപ്പിച്ചു
Mail This Article
കണ്ണൂർ ∙ ജംപിങ് പിറ്റിലേക്കു നടക്കാൻ തുടങ്ങുമ്പോഴേ വിറയൽ വരും. ക്രോസ് ബാറിന്റെ ഉയരം കൂടുമ്പോൾ ഉള്ളംകൈ വിയർക്കും. ചാട്ടം പിഴയ്ക്കും. ഒരുവർഷം മുൻപു വരെ ഇതായിരുന്നു എബ്രിൻ കെ. ബാബുവിന്റെ അവസ്ഥ. പേടിച്ചു നഷ്ടപ്പെടുത്തിയ മെഡലുകൾക്ക് കയ്യും കണക്കും ഇല്ലാതെ വന്നപ്പോൾ എബ്രിൻ തീരുമാനിച്ചു: പേടി എന്ന വാക്ക് നിഘണ്ടുവിൽ നിന്നു നീക്കണം. ഫലമുണ്ടായി, ഇത്തവണ ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ 2 മീറ്റർ ചാടി സ്വർണം.
സുൽത്താൻ ബത്തേരി പറങ്ങാട് കുന്നാണ്ടാത്ത് ബാബു തോമസിന്റെയും ബിന്ദുവിന്റെയും മകനാണ് കടകശേരി ഇഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി എബ്രിൻ. അമ്മ മുൻ ഹെപ്റ്റാത്‍ലൺ താരം. കായിക പാരമ്പര്യം വേണ്ടുവോളമുണ്ടായിട്ടും സമ്മർദം അതിജീവിക്കാൻ കഴിയാതെ വിഷമിച്ച ഘട്ടത്തെ താൻ മറികടന്നത് എങ്ങനെയെന്ന് എബ്രിൻ പറയുന്നു, സമാന സമ്മർദം അനുഭവിക്കുന്നവർക്കെല്ലാം എബ്രിനെ അനുകരിക്കാം.
> ടെൻഷൻ എപ്പോൾ?
∙പരിശീലന സമയത്ത് പേടിയില്ല. മത്സരങ്ങൾക്ക് എത്തുമ്പോൾ പേടി തുടങ്ങും.
∙മറ്റു മത്സരാർഥികളെ കാണുമ്പോഴും സമ്മർദം.
∙ കാണികൾ ചുറ്റും നിന്ന് കയ്യടിക്കുക, വീട്ടുകാർ മത്സരം കാണുക എന്നിവയും പേടി.
> എങ്ങനെ മാറ്റി?
∙ മെഡൽ പ്രതീക്ഷിച്ചു മത്സരിക്കുന്ന ഏർപ്പാട് നിർത്തി. മുന്നിലുള്ള ഉയരം എത്രയാണോ അതു മാത്രമാക്കി ലക്ഷ്യം.
∙ ഉയരം കൂടുമ്പോൾ പേടിക്കുന്നതിനു പകരം ഹരം തോന്നിക്കാൻ മനസ്സിനെ പഠിപ്പിച്ചു.