അമ്മയോടിയ ദൂരമാണീ മെഡൽ!
Mail This Article
കണ്ണൂർ ∙ ഒരു സ്വർണ മെഡലിനായി നന്ദന ശിവദാസ് നടന്നത് മൂന്നു കിലോമീറ്ററാണെങ്കിൽ അതു കാണാനായി അമ്മ വിജില സഞ്ചരിച്ചത് 130 കിലോമീറ്ററാണ്. പക്ഷേ അമ്മ ജീവിതത്തിൽ നെട്ടോട്ടമോടിയ ദൂരത്തിനു മുന്നിൽ അതൊന്നുമല്ല എന്നറിയാമായിരുന്ന നന്ദന ആ വരവു വെറുതെയാക്കിയില്ല– സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ റെക്കോർഡോടെ സ്വർണം.
തലേന്നു തന്നെ കണ്ണൂരിലെത്തി താമസിക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ അർധരാത്രി വയനാട് കോട്ടവയലിൽ നിന്ന് ബസ് കയറിയാണ് വിജില കണ്ണൂരിലെത്തിയത്. നന്ദന സ്വർണത്തിലേക്ക് നടന്നു കയറിയപ്പോൾ സ്റ്റേഡിയത്തിന്റെ സുരക്ഷാ വലയിൽ കൈകൾ ഇറുക്കിപ്പിടിച്ച് കണ്ണടച്ച് പ്രാർഥിക്കുകയായിരുന്നു വിജില. ഒരു നിമിഷം ട്രാക്കിൽ മകൾക്ക് പകരം തന്നെത്തന്നെ കണ്ടിരിക്കണം ആ അമ്മ.
രണ്ടര പതിറ്റാണ്ടു മുൻപ് ഇതുപോലൊരു ട്രാക്കിൽ പായാൻ കൊതിച്ചെങ്കിലും ജില്ലാ മേള വരെ എത്താനേ വിജിലയ്ക്കു സാധിച്ചിരുന്നുള്ളൂ. തനിക്കു സാധിക്കാത്തത് മകൾക്ക് സാധിക്കണം എന്ന വാശിയിലാണ് മകളെ ട്രാക്കിലെത്തിച്ചത്.
പക്ഷേ, രണ്ടു വർഷം മുൻപ്, ദേഹത്ത് കല്ലു വീണതിനാൽ നന്ദനയുടെ അച്ഛൻ ശിവദാസന് ജോലിക്കു പോകാൻ സാധിക്കാതായി. എന്നാൽ, തോൽക്കാൻ വിജില തയാറായില്ല. കൂലിപ്പണിക്കു പോയി കുടുംബത്തെയും ഒപ്പം മകളുടെ സ്വപ്നങ്ങളെയും തളരാതെ കാത്തു. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസിലെ വിദ്യാർഥിനിയാണ്.