നടത്തത്തിൽ മെഡൽ കിട്ടി; പക്ഷേ, സർട്ടിഫിക്കറ്റിനായി ഓടി മടുത്തു, സർ
Mail This Article
ഒട്ടനേകം കുട്ടികളുടെ വിധി തിരുത്തിയെഴുതിയ ചരിത്രമുള്ള സംസ്ഥാന സ്കൂൾ കായികമേളയിൽ വെള്ളി മെഡൽ നേടിയ നാടോടി ബാലൻ അധികൃതരോടു ചോദിക്കുന്നു: സർ, എന്നെ ഒരു മനുഷ്യനായെങ്കിലും പരിഗണിക്കുമോ? നാടോടിയായതിന്റെ പേരിൽ കമ്യൂണിറ്റി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ കിട്ടാതെ കഷ്ടപ്പെടുകയാണ് ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിയ എം. മുത്തുരാജ് . കണ്ണൂർ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ 9–ാം ക്ലാസുകാരന്റെ കുടുംബം മുട്ടാത്ത വാതിലുകളില്ല. മുത്തുരാജിന്റെ സങ്കടങ്ങൾ അവൻ തന്നെ പറയുന്നു...
ഈ മെഡലുകളെല്ലാം വേണ്ടെന്നു വയ്ക്കാം. പകരം ഞാൻ ഒരു മനുഷ്യനാണ് എന്നെങ്കിലും സമ്മതിച്ചു തരുമോ? ഞാൻ ഈ നാട്ടുകാരനാണെന്ന് അംഗീകരിക്കുമോ? അതിനുള്ള സർട്ടിഫിക്കറ്റുകൾ തരുമോ?
സംസ്ഥാന കായികമേളയിൽ ആദ്യത്തെ മെഡൽ കിട്ടുമ്പോൾ എല്ലാവരും സന്തോഷിക്കില്ലേ. 5 വർഷമായി സ്കൂൾ മീറ്റിൽ മത്സരിക്കുന്നു. ഈ വെള്ളി മെഡൽ എന്റെ ആദ്യ മെഡലാണ്. സ്വർണത്തിന്റെ തിളക്കമൊന്നുമില്ലെങ്കിലും എന്നെപ്പോലെ ഒരു കുട്ടിക്ക് വലിയ നേട്ടം. പക്ഷേ, എങ്ങനെ സന്തോഷിക്കും. ഈ മെഡൽ കൊണ്ട് എന്തു കാര്യം?
എന്റെ ചേട്ടന്റെ അനുഭവം അതാണ്. കായികമേളയിൽ മെഡൽ നേടിയ ചേട്ടൻ ശിവൻ വലിയ പ്രതീക്ഷയോടെയാണ് പട്ടാളത്തിൽ ജോലിക്ക് അപേക്ഷിച്ചത്. പക്ഷേ, ആരാണെന്നും എവിടെ നിന്നു വരുന്നുവെന്നും തെളിയിക്കുന്നതിൽ ചേട്ടൻ തോറ്റു പോയി. വില്ലേജ് ഓഫിസിൽ കമ്യൂണിറ്റി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചപ്പോൾ അത് തെളിയിക്കാനുള്ള രേഖകൾ കൊടുക്കാൻ പറഞ്ഞു. അതൊന്നും ഇല്ലാത്തതിനാൽ ജോലി ശിവന് നഷ്ടമായി. നാടോടികളുടെ മക്കൾ എങ്ങനെ ഇതൊക്കെ തെളിയിക്കും, സർ?
കാസർകോടിന്റെയും കണ്ണൂരിന്റെയും അതിർത്തിയിലുള്ള കാങ്കോൽ ചീമേനിയിലാണ് ഞങ്ങൾ താമസിക്കുന്നത്. 25 പേരോളമുണ്ട് കുടുംബത്തിൽ. അച്ഛൻ ശേഖരന്റെ അമ്മ നാടോടിയായി തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയതാണ്. ചിറയ്ക്കലിൽ ജനിച്ച അച്ഛനും നാടോടിയെപ്പോലെ തന്നെ കഴിയാനായിരുന്നു വിധി. ചിറയ്ക്കലിൽ നിന്നുതന്നെയുള്ള വെള്ളയമ്മയാണ് അമ്മ.
ഏഴു വർഷമായി കോശങ്ങൾ വലിഞ്ഞു മുറുകുന്ന രോഗം ബാധിച്ചു കഷ്ടപ്പെടുന്ന അമ്മയുടെ ചികിത്സ നടത്താൻ നിർവാഹമില്ല. ആക്രി വിറ്റാണ് അച്ഛൻ ഞങ്ങളെ പോറ്റുന്നത്. ഞങ്ങൾ ആറു മക്കളാണ്. ഞാൻ നാലാമൻ. ശിവനും മൂർത്തിയും മുത്തുവും മൂത്തസഹോദരങ്ങൾ. താഴെ മനുവും കൃഷ്ണപ്രിയയും.
കണ്ണൂർ എനിക്ക് നാടു പോലെയാണ്. ഈ മണ്ണിൽ വച്ച് ആദ്യ മെഡൽ കിട്ടിയതിൽ സന്തോഷം തോന്നേണ്ടതാണ്. പക്ഷേ, ഇത് സ്വന്തം നാടാണെന്ന് തെളിയിക്കാനുള്ള ഓട്ടം എന്നും തീരും സർ?
വിനയപൂർവം, എം. മുത്തുരാജ്.