പാടാനും ഓടാനും ഒന്നിച്ച്; ഒരുമ സ്വർണനേട്ടത്തിലും
Mail This Article
കണ്ണൂർ ∙ ‘ചേട്ടനെ കണ്ടുപഠിച്ചുകൂടെ’ എന്ന ചോദ്യം കേട്ടാണ് വിശ്വജിത്ത് വളർന്നത്. പാട്ടു പഠിക്കാൻ തുടങ്ങിയപ്പോഴും ട്രാക്കിലോടാൻ തുടങ്ങിയപ്പോഴും വിശ്വജിത്ത് ചേട്ടൻ സൂര്യജിത്തിനെ കണ്ടുപഠിച്ചു.
ഇരുവരും ഒന്നിച്ചു കായികമേളയ്ക്ക് എത്തിയപ്പോൾ സൂര്യജിത്ത് നേടിയത് രണ്ടു സ്വർണം, വിശ്വജിത്ത് ഒന്നും. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ വിശ്വജിത്ത് സ്വർണത്തിൽ ഫിനിഷ് ചെയ്ത് 5 മിനിറ്റിനുള്ളിൽ സൂര്യജിത്ത് സീനിയർ വിഭാഗം ഹർഡിൽസിൽ സ്വർണം നേടിയത് കൗതുകമായി.
പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ് സൂര്യജിത്ത്. വിശ്വജിത്ത് ഇതേ സ്കൂളിൽ പത്താം ക്ലാസിൽ. പാലക്കാട് വെസ്റ്റ് യാക്കര മുറിക്കാവ് തേജസിൽ രമേഷിന്റെയും സുമതിയുടെയും മക്കൾ.
കർണാടക സംഗീതമായിരുന്നു ഇരുവരുടെയും ആദ്യ ഉന്നം. സംഗീത പഠനം നടത്തി അരങ്ങേറ്റം നടത്തുകയും ചെയ്തു. പിന്നീട് അത്‍ലറ്റിക്സിലേക്ക് സൂര്യജിത്തിന്റെ താൽപര്യം തിരിഞ്ഞു. പാലക്കാട് ഒളിംപിക് അത്‌ലറ്റിക് അക്കാദമിയിൽ സി. ഹരിദാസിനു കീഴിലായി പരിശീലനം. ഹൈജംപിലാണു തുടക്കം. പിന്നീട് ഹർഡിൽസിലെത്തി.
സംസ്ഥാന, ദേശീയ മീറ്റുകളിൽ സൂര്യജിത്ത് മെഡലുകൾ വാരിക്കൂട്ടിയപ്പോൾ ‘ചേട്ടനെ കണ്ടുപഠിക്കാൻ’ എല്ലാവരും വിശ്വജിത്തിനെ നിർബന്ധിച്ചു. ആദ്യമൊക്കെ വർക്കൗട്ട് ചെയ്യാൻ മടിച്ചിരുന്നെന്ന് വിശ്വജിത്ത് തന്നെ പറയുന്നു. സാവധാനം താൽപര്യം ഉണർന്നതോടെ സൂര്യജിത്തിനൊപ്പം പരിശീലനം തുടങ്ങി.
ഉപജില്ലാ തലം മുതൽ ദേശീയ തലം വരെ എല്ലാ മത്സരങ്ങൾക്കും സകുടുംബമാണ് യാത്ര. അമ്മയും അച്ഛനും ഒപ്പമുണ്ടാകും. ഹർഡിൽസ് സ്വർണത്തിനു പുറമേ 100 മീറ്ററിലും സൂര്യജിത്ത് സ്വർണം നേടി.