വി.കെ.വിസ്മയ, c/o കോതമംഗലം സെന്റ് ജോർജ്
Mail This Article
അക്കാദമികൾ മാത്രമല്ല, സ്കൂൾ അത്‍ലറ്റിക്സിൽ നേട്ടംകൊയ്യുന്ന സ്കൂളുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ 10 തവണ ജേതാക്കളായ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ പതനമാണ് അതിൽ ഒടുവിലത്തേത്. എന്താണ് സെന്റ് ജോർജിനു പറ്റിയത്?
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4–400 മീറ്റർ വനിതാ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ താരമാണു വി.കെ.വിസ്മയ.
ആദ്യ രാജ്യാന്തര മീറ്റിൽത്തന്നെ സ്വർണ സ്വപ്നം സാക്ഷാൽക്കരിച്ച പെൺകുട്ടി. കോതമംഗലം സെന്റ് ജോർജ് സ്കൂളും അവിടത്തെ കായികാധ്യാപകൻ രാജു പോളും ഇല്ലായിരുന്നുവെങ്കിൽ വിസ്മയ എവിടെയുമെത്തില്ലായിരുന്നു.
സഹോദരിക്കു കൂട്ടുപോയ പെൺകുട്ടിയെ ട്രാക്കിലെത്തിച്ചതിന്റെ ക്രെഡിറ്റ് രാജു പോളിനല്ലാതെ മറ്റാർക്കു കൊടുക്കാൻ! കോതമംഗലത്തുനിന്നു ചങ്ങനാശേരി അസംപ്ഷൻ കോളജിലെത്തിയശേഷമാണു ദേശീയ ക്യാംപിലേക്കു വിസ്മയ എത്തുന്നത്.
ആവേശകരമായിരുന്നു സ്കൂൾ അത്‍ലറ്റിക്സിൽ കോതമംഗലം സെന്റ് ജോർജിന്റെ കുതിപ്പ്. 2001ൽ പാറത്തോട് സ്കൂളിൽനിന്ന് 5 മാസത്തെ ലീവ് വേക്കൻസിയിൽ സെന്റ് ജോർജിലെത്തിയതാണ് അദ്ദേഹം.
പിന്നീട് 2019ൽ വിരമിക്കുന്നതുവരെ 10 തവണ സെന്റ് ജോർജ് സംസ്ഥാന ചാംപ്യൻമാരായി. ദേശീയ സ്കൂൾ മീറ്റുകളിൽ 9 തവണ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. വിസ്മയയ്ക്കു പുറമേ അനിൽഡ തോമസ്, സിനി ജോസ് തുടങ്ങിയ ഒട്ടേറെ രാജ്യാന്തര താരങ്ങൾ സെന്റ് ജോർജിന്റെ ട്രാക്കിലൂടെ മെഡൽത്തിളക്കത്തിലേക്ക് ഓടിക്കയറി. പലർക്കും ജോലി ലഭിച്ചു.
എന്നാൽ, രാജു പോൾ പടിയിറങ്ങിയതോടെ സെന്റ് ജോർജിന്റെ കാറ്റുപോയി. ഇത്തവണ സംസ്ഥാന മീറ്റിൽ അവിടെനിന്ന് ഒരു കുട്ടിപോലുമില്ല.
സെന്റ് ജോർജിന്റെ ട്രാക്ക് തെറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്നു സാമ്പത്തികമാണ്. വർഷം 35 ലക്ഷം രൂപ വരെ സ്പോർട്സിനായി ചെലവഴിച്ച ഒരു കാലമുണ്ടായിരുന്നു. ഓരോ വർഷവും ചുരുങ്ങിയത് 20–25 ലക്ഷം രൂപയായിരുന്നു ചെലവ്.
കേരളത്തിൽനിന്നും പുറത്തുനിന്നുമുള്ള താരങ്ങൾക്കു താമസ സൗകര്യമൊരുക്കി, ഭക്ഷണം കൊടുത്തു. പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കി. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയും കായികപ്രേമികളും നൽകിയ സംഭാവനകൊണ്ടാണു സ്കൂൾ പിടിച്ചുനിന്നത്.
ചില സ്വകാര്യ സ്ഥാപനങ്ങളും സഹായിച്ചിരുന്നു. എന്നാൽ, ഇനിയും അത്തരത്തിൽ വലിയൊരു തുക സമാഹരിക്കാൻ ശേഷിയില്ലാത്തതിനാൽ ഹോസ്റ്റൽ സമ്പ്രദായം അവസാനിപ്പിച്ചു. അതോടെ, ട്രാക്കിൽ സെന്റ് ജോർജിന്റെ നിലതെറ്റി.
കിരീടത്തിൽനിന്ന് വട്ടപ്പൂജ്യത്തിലേക്ക്
(സ്കൂൾ കായികമേളയിൽ സെന്റ് ജോർജിന്റെ പ്രകടനം)
2001
7 കുട്ടികൾ 17 പോയിന്റ്
2002
12 കുട്ടികൾ 37 പോയിന്റ് (3–ാം സ്ഥാനം)
2003
70 കുട്ടികൾ 73 പോയിന്റ്
2004
50 കുട്ടികൾ 135 പോയിന്റ് കിരീടം
2005 കിരീടം
2006 കിരീടം
2007 കിരീടം
2008 കിരീടം
2009
88 കുട്ടികൾ 103 പോയിന്റ്
(2–ാം സ്ഥാനം)
2010
79 കുട്ടികൾ 131.5 കിരീടം
2011 80 കുട്ടികൾ 71 പോയിന്റ്
2012 85 കുട്ടികൾ 111 പോയിന്റ് കിരീടം
2013 74 കുട്ടികൾ 100 പോയിന്റ് കിരീടം
2014 72 കുട്ടികൾ 83 പോയിന്റ് കിരീടം
2015 68 കുട്ടികൾ 41 പോയിന്റ്
(6–ാം സ്ഥാനം)
2016 84 കുട്ടികൾ 50 പോയിന്റ്
2017 63 കുട്ടികൾ 42 പോയിന്റ്
(6–ാം സ്ഥാനം)
2018 25 കുട്ടികൾ 81 പോയിന്റ് കിരീടം
2019 0 (സംസ്ഥാന സ്കൂൾ
മീറ്റിലേക്കു കോതമംഗലത്തുനിന്ന്
ആരും യോഗ്യത നേടിയില്ല)
അടച്ചുപൂട്ടിയ മലപ്പുറം അക്കാദമി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കായിക തൽപരരായ വിദ്യാർഥികൾക്കുവേണ്ടി തിരുനാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കെ.ഗിരീഷിന്റെ നേതൃത്വത്തിൽ 2006ലാണു നവാമുകുന്ദ സ്പോർട്സ് അക്കാദമിക്കു തുടക്കമിട്ടത്. മേഖലയിലെ കുട്ടികൾക്കു ചിട്ടയായ പരിശീലനം കൊടുത്ത് നല്ലൊരു ടീമിനെ ഗിരീഷും സംഘവും തയാറാക്കി.
ജില്ലാ സ്കൂൾ കായികമേളയിലും സംസ്ഥാന മീറ്റുകളിലും നവാമുകുന്ദയിലെ കുട്ടികൾ മെഡൽ സ്വന്തമാക്കി. ത്രോയിനങ്ങളിൽ തിളങ്ങിയ സി.കെ.പ്രജിത, പി.ദീപക്, സ്പ്രിന്റർ പി.പി.ഫാത്തിമ എന്നിവരുടെയെല്ലാം കളരി നവാമുകുന്ദ ആയിരുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഇടക്കാലത്തു 10 ലക്ഷം രൂപ അനുവദിച്ചു. തിരുനാവായ പഞ്ചായത്ത് ഇടയ്ക്കിടെ സഹായിച്ചു. പക്ഷേ, പണമിറക്കാൻ ആരുമെത്താതായതോടെ ഗിരീഷിന് അക്കാദമി പൂട്ടേണ്ടിവന്നു. ഇപ്പോൾ സ്കൂളിൽ കുറച്ചു കുട്ടികളുമായി പരിശീലനം തുടരുന്നു.
കണ്ണൂർ പോരിന് ഇനി മൂന്നു നാൾ
കണ്ണൂർ ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 16നു രാവിലെ 7നു സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ തുടക്കമാകും. മറ്റു ദിവസങ്ങളിൽ രാവിലെ 6.30നു മത്സരം തുടങ്ങും. 19നു സമാപിക്കും. 15നു റജിസ്ട്രേഷൻ ആരംഭിക്കും. 18 ഫൈനലുകളാണ് ആദ്യ ദിനം നടക്കുക. 9നു പതാക ഉയർത്തൽ. ഉച്ചകഴിഞ്ഞ് 3.30ന് ഉദ്ഘാടനച്ചടങ്ങ്.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിലെ സിന്തറ്റിക് ട്രാക്കാണു വേദി. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ–പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ ഏകദേശം 2000 കായിക താരങ്ങൾ പങ്കെടുക്കും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണു മേള സംഘടിപ്പിക്കുന്നത്.
ഫോട്ടോ ഫിനിഷ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്ട്രോണിക് ഉപകരണം, ഫോൾസ് സ്റ്റാർട്ട് ഡിറ്റക്ടർ സിസ്റ്റം തുടങ്ങിയവ ഉപയോഗിക്കും. ഒന്നു മുതൽ 3 വരെ സ്ഥാനക്കാർക്കു യഥാക്രമം 1500, 1250, 1000 എന്നീ ക്രമത്തിലും ഓരോ വിഭാഗത്തിലുള്ള വ്യക്തിഗത ചാംപ്യൻമാർക്കു 4 ഗ്രാം സ്വർണ മെഡലും സംസ്ഥാന സ്കൂൾ റെക്കോർഡ് തിരുത്തുന്നവർക്കു 10,000 രൂപയും നൽകും.
സ്കൂൾ ചാംപ്യൻമാർക്ക് 2.20 ലക്ഷം രൂപയാണു സമ്മാനത്തുക. 2–ാം സ്ഥാനക്കാർക്ക് 1.65 ലക്ഷവും 2–ാം സ്ഥാനക്കാർക്ക് 1.10 ലക്ഷവും ലഭിക്കും. മത്സരഫലം www.schoolsports.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
14ന് 5നു കണ്ണൂർ നഗരത്തിൽ വിളംബര ഘോഷയാത്ര നടക്കും. എറണാകുളം ജില്ലയാണു നിലവിലെ ചാംപ്യൻമാർ. പാലക്കാട് റണ്ണറപ്പ്. കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസാണു ചാംപ്യൻ സ്കൂൾ. ഈ വർഷത്തെ ദേശീയ സ്കൂൾ മീറ്റ് ഡിസംബർ 4 മുതൽ പഞ്ചാബിലെ സംഗ്രൂരിൽ നടക്കും.