തലമുതിർന്നവരും ന്യൂജനറേഷനും ഒരുപോലെ; സ്പോർട്സ് ജനറേഷനിൽ ഗ്യാപ്പില്ല മാഷേ!
Mail This Article
കണ്ണൂർ ∙ ചെമ്മൺ മൈതാനത്ത് പൊന്നു കൊയ്ത കെ.പി. തോമസിന്റെ കപ്പടാമീശ ജനറേഷനും 400 മീറ്ററിന്റെ സിന്തറ്റിക് ട്രാക്ക് പോലെ വെട്ടിയൊതുക്കിയ ബുൾഗാനുള്ള അനീഷ് തോമസിന്റെ ജനറേഷനും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത് കായികാധ്യാപകരുടെ തലമുറ സംഗമം. എഴുപതുകളിൽ എത്തിയിട്ടും ഇപ്പോഴും പരിശീലന രംഗത്തു തുടരുന്ന തോമസ് മാഷും ടി.പി. ഔസേപ്പുമായിരുന്നു സംഘത്തിലെ സൂപ്പർ സീനിയേഴ്സ്. ഇവർ കായിക പരിശീലനം തുടങ്ങുന്ന കാലത്ത് ജനിച്ചിട്ടു പോലുമില്ലാത്ത അനീഷ് തോമസ് (ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസ്), അനീസ് റഹ്മാൻ (കണ്ണൂർ സ്പോർട്സ് ഡിവിഷൻ), സേവ്യർ പൗലോസ് (സ്പോർട്സ് കൗൺസിൽ) എന്നിവരായിരുന്നു ന്യൂജെൻ പരിശീലകർ. സംസ്ഥാന സ്കൂൾ കായികമേളയുടെ വിശ്രമവേളയിൽ ഓർമത്തണലിൽ ഒരുമിച്ചിരുന്ന അവരുടെ സംഭാഷണങ്ങളിലൂടെ....
കെ.പി.തോമസ്
സ്വന്തം നാട്ടിലെ കുട്ടികളെ പരിശീലിപ്പിച്ചു നിങ്ങൾ മുന്നോട്ടു കൊണ്ടുവരണം. കായികാധ്യാപകൻ എന്നത് ജോലി മാത്രമല്ല; സേവനം കൂടിയാണ്. ഒരു കുട്ടി രക്ഷപ്പെട്ടാൽ ആ കുടുംബവും വരുംതലമുറകളും കൂടിയാണ് രക്ഷപ്പെടുന്നത്.
അനീഷ് തോമസ്
ഇന്നു പരിശീലനം തുടങ്ങിയാൽ നാളെ സംസ്ഥാന ചാംപ്യൻഷിപ് വേണമെന്നു വാശി പിടിക്കുന്നവരാണ് പല സ്കൂൾ കായിക സമിതികളും. കുറച്ചു സ്കൂളുകൾ പ്രായക്കൂടുതലുള്ള ഇതര സംസ്ഥാനക്കാരെ ഇറക്കി മെഡൽ വാരുമ്പോൾ മറ്റുള്ളവരും ആ വഴിയേ സഞ്ചരിക്കാൻ നിർബന്ധിതരാകും. പ്രായത്തട്ടിപ്പുകാരെ പിടിക്കാൻ ഇപ്പോഴും നമുക്ക് സംവിധാനമൊന്നുമില്ല. അതാണ് ആദ്യം വരേണ്ടത്.
ടി.പി.ഔസേപ്പ്
വേഗം പരിശീലനം, വേഗം മെഡൽ എന്ന സമ്പ്രദായം ഉപേക്ഷിക്കേണ്ട കാലമായി. ചെറുപ്പത്തിലേ അമിത വ്യായാമം ചെയ്യിപ്പിച്ച് പരമാവധി ഊറ്റിയെടുക്കാനാണ് ഇപ്പോൾ ശ്രമം. ഇന്നത്തെ ലാഭമോർത്ത് നാളത്തെ ഭാവി ഇല്ലാതാക്കരുത്. ശാസ്ത്രീയമായ രീതിയിൽത്തന്നെ താരങ്ങളെ പരിശീലിപ്പിക്കണം.
അനീസ് റഹ്മാൻ
സാങ്കേതിക സംവിധാനങ്ങളും ശാസ്ത്രീയ മാർഗങ്ങളും ഇപ്പോഴുണ്ട്. അത് ഉപയോഗിക്കാൻ അറിയുന്ന കായിക പരിശീലകരുമുണ്ട്. പക്ഷേ, കുട്ടികളെ കിട്ടേണ്ടേ മാഷേ... അതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ജങ്ക് ഫുഡും മൊബൈലും. ആദ്യം ഇതു രണ്ടും നിരോധിക്കണം. തോമസ് മാഷിന്റെ പഴയ ‘കപ്പപ്പിള്ളേർ’ തിരിച്ചുവരണം.
സേവ്യർ പൗലോസ്
മുൻപത്തെപ്പോലെ, കുട്ടികൾ കായികരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ല എന്നതു ശരിയാണ്. സ്പോർട്സ് കൊണ്ടു ജീവിതം രക്ഷപ്പെടില്ലെന്ന തോന്നലുണ്ടാക്കിയത് ആരാണ്? സൗകര്യങ്ങൾ കുറവ്. സ്കോളർഷിപ്പുകൾ യഥാസമയം കിട്ടുന്നില്ല. ഇടപെടേണ്ടവരാകട്ടെ മിണ്ടാതെ ഇരിക്കുന്നു.
English Summary: Athletic coaches reunion