കിരീടപ്പോരിന് ഫോട്ടോഫിനിഷ്; കായികമേള വേദിയിലെ തൽസമയ കാഴ്ചകൾ ഇതാ...
Mail This Article
പോയാലൊരു മെഡൽ, കിട്ടാനുള്ളതോ ഒരു ചാംപ്യൻഷിപ്പും. കോതമംഗലം മാർ ബേസിലിന്റെയും കല്ലടി എച്ച്എസ്എസിന്റെയും താരങ്ങൾ ഇന്നലെ ഓരോ മത്സരത്തിന് ഇറങ്ങിയതും ഈ മന്ത്രം ജപിച്ചാണ്. ഒറ്റ മെഡലിൽ കിരീടം കൈവിട്ടു പോകാം എന്നറിഞ്ഞു കൊണ്ട് താരങ്ങൾ പൊരിവെയിലിൽ വിയർത്തു. ഗാലറിയിൽ സഹതാരങ്ങൾ ആർത്തു വിളിച്ചു. ഒന്നൂതിയാൽ പറക്കാവുന്ന ലീഡിനെക്കുറിച്ചോർത്ത് മാർ ബേസിലുകാർ പ്രാർഥനകളിൽ ഉരുകി, ആഞ്ഞു പിടിച്ചാൽ കിട്ടാവുന്ന കിരീടത്തെക്കുറിച്ചോർത്ത് കല്ലടിക്കാർ പ്രതീക്ഷകളിൽ മുഴുകി. ഒടുവിൽ പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ അവസാനിച്ചപ്പോൾ മാർ ബേസിലിനു കപ്പ്. പോയിന്റ് പട്ടികയിൽ കല്ലടി പിന്തള്ളപ്പെട്ടത് ഒരു വെള്ളിയുടെയും വെങ്കലത്തിന്റെയും കണക്കിൽ!
6.55 (വെള്ളിയെങ്കിൽ വെള്ളി)
മാർ ബേസിലും കല്ലടിയും തമ്മിലെ അകലം വെറും രണ്ടു പോയിന്റിൽ നിൽക്കെയാണ് അവസാന ദിനം മത്സരങ്ങൾ തുടങ്ങിയത്. കല്ലടിക്ക് 48 പോയിന്റും മാർ ബേസിലിന് 46 പോയിന്റും. ക്രോസ് കൺട്രിയിൽ സ്വർണം പ്രതീക്ഷിച്ച കല്ലടിക്ക് തിരിച്ചടിയായി കെ. അജിത്തിന്റെ പ്രകടനം വെള്ളിയിൽ ഒതുങ്ങി. തൊട്ടു പിന്നാലെ ജി. ജിൻസിയുടെ വെങ്കലം. കല്ലടിയുടെ പോയിന്റ് 52 ആയി. മാർ ബേസിൽ 6 പോയിന്റിനു പിന്നിൽ. കല്ലടിക്ക് കല്ലുകടിക്കാത്ത തുടക്കം.
10.10 (വിടാൻ ഭാവമില്ല)
കല്ലടിയുടെ ലീഡിന് ആയുസ്സ് കൂടുന്നു. സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ അലൻ ബിജു സ്വർണം നേടിയപ്പോൾ 51 പോയിന്റോടെ ഒപ്പം പിടിക്കാൻ മാർ ബേസിലിന്റെ ശ്രമം. എന്നാൽ, വെള്ളിയും വെങ്കലവുമടക്കം നാലു പോയിന്റ് കൂടി നേടി കല്ലടി 56 പോയിന്റോടെ പിന്നെയും മുന്നിൽ. എല്ലാ കണ്ണുകളും 800 മീറ്റർ ട്രാക്കിലേക്ക്.
10.40 (സുവർണ ഭാഗ്യം)
എണ്ണൂറിന്റെ തുടക്കത്തിൽ മെഡലുകളൊന്നും മാർ ബേസിലിന്റെയും കല്ലടിയുടെയും പോക്കറ്റിൽ വീണില്ല. പോയിന്റ് നില മാറ്റമില്ലാതെ തുടർന്നു. കല്ലടി കിരീടത്തിലേക്കെന്നു പ്രതീക്ഷയുണർന്നു. സ്വപ്നങ്ങളിൽ ഇരുൾ പടരുന്നതിനിടെ മാർ ബേസിലിന്റെ ക്യാംപിൽ പൂത്തിരി കത്തിച്ച് സീനിയർ 800 മീറ്ററിൽ അഭിഷേക് മാത്യുവിന്റെ സ്വർണം. 56 പോയിന്റിൽ എത്തിയ മാർ ബേസിൽ, അകലം 1 പോയിന്റായി കുറച്ചു. തൊട്ടു പിന്നാലെ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സി. ചാന്ദ്നി കല്ലടിക്കായി വെള്ളി നേടി. പോയിന്റ് 57. ലീഡ് 1 പോയിന്റ്.
2.20 (താങ്ക് യൂ, ട്രിപ്പിൾ)
കിരീടപ്പോരാട്ടത്തിലെ ട്വിസ്റ്റ് നടന്നത് ജൂനിയർ ട്രിപ്പിൾ ജംപിൽ. മാർ ബേസിലിന്റെ ആൽബർട്ട് ജോസ് സ്വർണം നേടി. ഒറ്റയടിക്ക് 5 പോയിന്റ് കൂടി 61 പോയിന്റുമായി കല്ലടിയെ കടത്തിവെട്ടി. കല്ലടിക്കാരുടെ നെഞ്ചിൽ ഇടിമിന്നൽ. സബ് ജൂനിയർ 200 മീറ്ററിൽ ലഭിച്ച വെങ്കലത്തിലൂടെ പോയിന്റ് 58 ആയെങ്കിലും ഫലമുണ്ടായില്ല. സീനിയർ ട്രിപ്പിൾ ജംപിൽ വി.എ. രാഹേന്ദിലൂടെ മാർ ബേസിൽ വെങ്കലം കൂടി നേടിയപ്പോൾ കല്ലടിയുടെ പ്രതീക്ഷയറ്റു. 62 പോയിന്റുമായി അവർ കിരീടത്തിൽ.
English Summary: Photo-finish in state school sports meet