ADVERTISEMENT

കൊച്ചി∙ ടി.ജെ.ജോസഫിനു ത്രിമധുരമാണു സംസ്ഥാന സ്കൂൾ കായികമേളയിലെ ലോങ്ജംപ് സ്വർണം. 7.59 മീറ്റർ പ്രകടനം റെക്കോഡാണെന്നത് ഒന്നാം മധുരം. സ്വന്തം നാടായ കണ്ണൂരിൽ, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിലായിരുന്നു മിന്നും പ്രകടനമെന്നതു രണ്ടാമത്തേത്. ഇതിനെല്ലാം പുറമെ, മികച്ച അത്‌ലിറ്റിനുള്ള മലയാള മനോരമയുടെ സ്വർണപ്പതക്കവും. 

കണ്ണൂർ ചെമ്പേരി ചെറിയരീക്കമലയിലുള്ള ജോസഫിന്റെ വീട്ടിലേക്കു മത്സരവേദിയിൽനിന്നു കേവലം 50 കിലോമീറ്ററേയുള്ളൂ. പനമ്പള്ളിനഗർ ജിഎച്ച്എസ്എസിലാണു പഠനമെന്നതിനാൽ നാട്ടിൽ ചെല്ലുന്നത് ഓണത്തിനും ക്രിസ്മസിനും. പക്ഷേ, 4 ദിവസം കണ്ണൂരിലുണ്ടായിരുന്നിട്ടും ജോസഫ് വീട്ടിലേക്കു പോയില്ല. കാരണം തിരക്കുന്നവരോട്, ‘എല്ലാവരും എന്നെ കാണാൻ ഇങ്ങോട്ടു വന്നല്ലോ, പിന്നെ അങ്ങോട്ടു പോകുന്നതെന്തിനാ?’ എന്നാണു ചോദ്യം. പക്ഷേ, സത്യമതല്ല. ഒരു ദിവസം പോലും പരിശീലനം മുടക്കാൻ താൽപര്യമില്ല.

ചൊവ്വാഴ്ച കായികമേള സമാപിച്ചു മണിക്കൂറുകൾക്കുള്ളിൽ കക്ഷി കണ്ണൂർ–എറണാകുളം ആനവണ്ടി പിടിച്ചു. ഇന്നലെ പുലർച്ചെ 4ന് പരിശീലന സമയത്തിനും മുൻപു പനമ്പള്ളിനഗറിലെ സ്പോർട്സ് ഹോസ്റ്റലിൽ ഹാജർ! വിട്ടുവീഴ്ചയില്ലാത്ത ഈ സമർപ്പണം തന്നെയാണു പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ജോസഫിന്റെ വിജയമന്ത്രം.

നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ സ്കൂളിൽ യുപി ക്ലാസിൽ പഠിക്കുമ്പോഴേ ജോസഫ് ഓടാനും ചാടാനുമൊക്കെ മുൻപിലാണ്. പയ്യന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ട  അധ്യാപകരിലാരോ പത്രത്തിൽ നിന്നു മുറിച്ചെടുത്ത ഒരു തുണ്ടു കടലാസ് കയ്യിൽക്കൊടുത്തു. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ പ്രവേശനത്തിന്റെ അറിയിപ്പായിരുന്നു കടലാസിൽ. അങ്ങനെ ഏഴാം ക്ലാസിൽ തിരുവനന്തപുരത്തേക്ക്. ജിവി രാജയിലെ അധ്യാപകൻ ആർ.എസ്.ഷാജുവാണ് ആദ്യ ഗുരു. 100 മീറ്റർ ഓട്ടവും ലോങ് ജംപുമാണ് ഇഷ്ട ഇനങ്ങൾ. പിന്നീട് പ്ലസ് വണ്ണിനു സ്പോർട്സ് കൗൺസിൽ മുഖേന പനമ്പള്ളിനഗർ ജിഎച്ച്എസ്എസിൽ. ആദ്യ വർഷം ആർ.ജയകുമാറും ഈ വർഷം അനൂപ് ജോസഫും പരിശീലകരായെത്തി.

സ്പോർട്സ് ഹോസ്റ്റലിൽ രാവിലെ 5.30ന് ജോസഫിന്റെ ഒരു ദിവസം തുടങ്ങും. 6ന് മഹാരാജാസ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തണം. സുഹൃത്തുക്കളുടെ സൈക്കിളിലോ അല്ലെങ്കിൽ ഓടിയോ സ്റ്റേഡിയത്തിലെത്തും. പരിശീലനം തീർത്ത് 10ന് മടങ്ങിയെത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിട്ടുണ്ടാവും. എന്നും ആദ്യത്തെ പീരിഡ് കഴിഞ്ഞേ ക്ലാസിൽ കയറാനാവൂ. വൈകിട്ടും പരിശീലനമുള്ളതിനാൽ അവസാന പീരിഡും നഷ്ടമാകും. എന്നാൽ നഷ്ടപ്പെടുന്ന പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുൻപു സമയം കണ്ടെത്തി പഠിപ്പിക്കാൻ അധ്യാപകർ മടികാട്ടാത്തതിനാൽ പ്രതിസന്ധിയില്ലെന്നു ജോസഫ്.

പഠനകാര്യത്തിലും ജോസഫ് മിടുക്കൻ തന്നെയെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. അടുത്ത മാസം പഞ്ചാബിൽ നടക്കുന്ന ദേശീയ സ്കൂൾ കായികമേളയ്ക്കുള്ള ഒരുക്കത്തിലാണ് ജോസഫ്. എന്നാൽ ലക്ഷ്യം ലോക സ്കൂൾ മീറ്റാണ്. 

മരം വെട്ടു തൊഴിലാളിയായ ജോൺ ജോസിന്റെയും ലീനയുടെയും മൂന്നു മക്കളിൽ മൂത്തയാളാണു ജോസഫ്. ഇളയ സഹോദരിമാർ രണ്ടാളും കായികതാൽപര്യമുള്ളവരാണ്. പത്താം ക്ലാസിലായതോടെ തൽക്കാലത്തേക്കു കായികരംഗത്തു നിന്ന് അവധിയെടുത്തു പഠനത്തിലാണ് ആൻമരിയ. എട്ടാം ക്ലാസുകാരി ക്രിസ്റ്റീന 400, 800 മീറ്റർ ഓട്ടത്തിൽ സബ്ജില്ലാ തല സമ്മാനം നേടിയിരുന്നു.

English Summary: T.J. Joseph winner of Malayala Manorama gold medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com