അച്ഛനും അമ്മയും കൂടെയില്ല, ട്രാക്കിലെ തീയായി വിഷ്ണു;2 സ്വർണം,1 വെള്ളി ഈ കൂരയിലേക്ക്
Mail This Article
കണ്ണൂർ ∙ വയനാട് മുണ്ടക്കൊല്ലി പണിയ കോളനിയിലെ ഈ കൂരയെക്കുറിച്ച് അറിയാമോ? സങ്കടത്തിന്റെയും ദുരിതത്തിന്റെയും നിഴലുകൾ വീണു കിടക്കുന്ന ഈ കുടുസ്സുമുറിയിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം പോലും എത്തി നോക്കാറില്ലായിരുന്നു, ഇന്നലെ വരെ. നിസ്സഹായതയുടെ പടുകുഴിയിൽനിന്ന് കരം പിടിച്ചുയർത്താൻ ആരെങ്കിലും വരുമെന്ന സ്വപ്നം പോലും ഇവർക്കില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഇത്തിരി സന്തോഷമുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ തീ പടർത്തിയ പൊൻതാരകം പരത്തുന്ന പ്രകാശത്തിന്റെ നിറവിലാണ് ഇവർ. അതെ, ഇത് വിഷ്ണുവിന്റെ വീടാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ 2 സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി ബാലൻ വിഷ്ണുവിന്റെ വീട്.
ഇന്നലെ സ്വർണ മെഡൽ നേടിയതിനു പിന്നാലെ പടത്തിനു പോസ് ചെയ്യുമ്പോൾ വിഷ്ണുവിനെ ഒന്നു ചിരിപ്പിക്കാൻ ഫൊട്ടോഗ്രഫർമാർ പാടുപെട്ടു. ചേട്ടനായ ബിജുവിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടാൻ പറഞ്ഞപ്പോഴും മുഖം കുനിച്ചു വിസമ്മതിച്ചു. വിഷ്ണുവിന്റെ മുഖത്ത് ചിരി പണ്ടേ നഷ്ടമായതെന്ന് അറിയാവുന്ന ബിജു പറഞ്ഞു: ‘കഴുത്തിലിട്ടിരിക്കുന്ന ആ മെഡൽ മാത്രമേ അവനു സ്വന്തമായിട്ടുള്ളൂ.’ വീടില്ലാത്തത്തിനാൽ മൂന്നു ബന്ധുക്കളുടെ വീടുകളിൽ മാറിമാറിത്താമസിക്കുന്ന, അച്ഛനും അമ്മയും കൂടെയില്ലാത്ത ഈ ബാലൻ എങ്ങനെ ചിരിക്കും?
വിഷ്ണുവിനെയും മൂന്നു സഹോദരങ്ങളെയും ഒറ്റയ്ക്കാക്കി അമ്മ വർഷങ്ങൾക്കു മുൻപേ വീടു വിട്ടുപോയി. ഒരുവർഷം മുൻപ് അച്ഛനും പോയി. സ്വന്തമായി വീടില്ലാത്തതിനാൽ അമ്മായിമാരായ തങ്കി, ചിമ്പി എന്നിവരുടെ കൂരകളിൽ മാറിമാറി താമസിക്കുകയാണ് വിഷ്ണുവും കൂടപ്പിറപ്പുകളായ ബിജുവും നന്ദുവും ബവിതയും. ഏകവരുമാനം ബിജുവിന്റെ ദിവസക്കൂലി. ഇളയവരെ പഠിപ്പിക്കാൻ ബിജു പതിനെട്ടാം വയസ്സിൽ തന്നെ കൂലിപ്പണി തുടങ്ങി. ചീരാൽ ഗവ. സ്കൂളിലെ അധ്യാപകരാണ് വിഷ്ണു ഒന്നാന്തരം ഓട്ടക്കാരനെന്നു തിരിച്ചറിഞ്ഞത്. തിരുവനന്തപുരം അയ്യങ്കാളി റസിഡൻഷ്യൽ സ്കൂളിലെത്തിയതോടെ വേഗവും കരുത്തും ആർജിച്ചു.
എട്ടാം ക്ലാസ് വിദ്യാർഥിയായ വിഷ്ണു സ്കൂളിൽ നിന്ന് ഊരിലെത്തുമ്പോഴെല്ലാം അടയ്ക്ക പറിക്കാനും മറ്റും പോകും. കിട്ടുന്ന ചെറിയ തുക സ്വരുക്കൂട്ടി വയ്ക്കും. സംസ്ഥാന മീറ്റിൽ അനുജൻ 400 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയതറിഞ്ഞാണ് ചേട്ടൻ ബിജുവും അമ്മാവൻ സുരേഷും വയനാട്ടിൽ നിന്നു കണ്ണൂരിലെത്തിയത്. 200 മീറ്ററിൽ അനുജൻ സ്വർണത്തിലേക്കു പറന്നു കയറുന്നത് ബിജു വൈകാരികതയൊന്നുമില്ലാതെ കണ്ടു നിന്നു. വിജയപീഠത്തിൽ കയറി വിഷ്ണു മെഡൽ ഏറ്റുവാങ്ങുന്നതു കാണാൻ കാത്തുനിൽക്കാതെ ബിജു വേഗം മടങ്ങി.
നേരം വൈകിയാൽ ബത്തേരിയിൽ നിന്നു മുണ്ടക്കൊല്ലിയിലേക്കു ബസ് കിട്ടില്ല. കണ്ണൂർ വിശേഷങ്ങളുമായി ചേട്ടൻ വരുന്നതുംകാത്ത് പന്ത്രണ്ടും പത്തും വയസ്സു വീതമുള്ള രണ്ടു കുട്ടികൾ അവിടെ കാത്തിരിക്കുന്നുണ്ട്.
English Summary: Two gold and one silver medal for vishu