വിജയം ഒരു വള്ളപ്പാടകലെ!
Mail This Article
കൊല്ലം ∙ ഓളപ്പരപ്പിൽ വീറും വാശിയും നിറച്ച ചാംപ്യൻസ് ലീഗ് ജലോത്സവത്തിനു (ചാംപ്യൻസ് ബോട്ട് ലീഗ്– സിബിഎൽ) നാളെ അഷ്ടമുടിക്കായലിൽ സമാപനം. പ്രസിഡന്റ്സ് ട്രോഫിക്കു വേണ്ടി ഇവിടെ നടക്കുന്ന ജലമേളയാണു സിബിഎൽ പരമ്പരയിലെ അവസാന പോരാട്ടം.
നാളെ ഉച്ചയ്ക്ക് ഒന്നിനു മന്ത്രി തോമസ് ഐസക് ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
സിബിഎൽ മത്സരങ്ങൾക്കു പുറമെ ചെറുവള്ളങ്ങളുടെ മത്സരവും സാംസ്കാരിക ആഘോഷപരിപാടികളും നടക്കും.
ഒൻപതു ചുണ്ടൻവള്ളങ്ങളാണു സിബിഎല്ലിനു യോഗ്യത നേടിയത്. പുന്നമട നെഹ്റു ട്രോഫി ജലോത്സവത്തിൽ തുടങ്ങി കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ, കരുവാറ്റ, പിറവം, മറൈൻ ഡ്രൈവ്, കോട്ടപ്പുറം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട എന്നീ 11 ഇടങ്ങളിലായിരുന്നു ലീഗ് മത്സരങ്ങൾ.
നടുഭാഗം മുന്നിൽ
അര നൂറ്റാണ്ടിനു ശേഷം നെഹ്റു ട്രോഫിയിൽ മുത്തമിട്ടു സിബിഎല്ലിന്റെ ഒന്നാം മത്സരം ജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) 158 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
പൊലീസ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ ചുണ്ടൻ (റേജിങ് റോവേഴ്സ്) 78 പോയിന്റുമായി രണ്ടാമത്. മറൈൻ ഡ്രൈവിലെ മത്സരത്തിൽ അട്ടിമറി വിജയം നേടിയ യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടൻ (കോസ്റ്റ് ഡോമിനേറ്റേഴ്സ്), എൻസിഡിസി കുമരകത്തിന്റെ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) എന്നിവ 69 പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിട്ടു നിൽക്കുന്നു.