കെബിഎഫ്സി യങ് അംബാസഡർ പ്രോഗ്രാമിന് തുടക്കം
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി കെബിഎഫ്‌സി യങ് അംബാസിഡർ പ്രോഗ്രാം ആരംഭിക്കുന്നു. യുവ പ്രതിഭകളെ വളർത്തിയെടുക്കുകയും ഭാവി വാഗ്ദാനങ്ങളായി രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ക്ലബ് ലക്ഷ്യമിടുന്നത്. യുവാക്കളുടെ കായിക രംഗത്തോടുള്ള താൽപര്യം വർധിപ്പിച്ച് ക്ലബ്ബിലേയ്ക്ക് ആളുകളെ ആകർഷിക്കുക, ശക്തമായ കൂട്ടായ്മകൾ സൃഷ്ടിക്കുക തുടങ്ങിയവ വരും ദിവസങ്ങളിൽ നടപ്പാക്കും. ക്ലബ് അംഗീകരിക്കുന്ന യുവാക്കളുടെ ഒരു ശൃംഖല വികസിപ്പിക്കാനും കെബിഎഫ്സി യങ് അംബാസിഡർ പ്രോഗ്രാം ഉദ്ദേശിക്കുന്നുണ്ട്.
കായിക വിനോദങ്ങൾ ആഘോഷിക്കാൻ മാത്രമല്ല, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉൾക്കൊള്ളുന്ന സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്ന കേന്ദ്രബിന്ദുവാക്കുക എന്ന ഉദ്ദേശത്തിലുള്ളതാണ് ക്ലബ്. സംരംഭത്തിന്റെ ഭാഗമായി, ക്ലബിന്റെ യങ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ക്ലബ്ബിന്റെ മുഖവും ശബ്ദവും ആയി മാറുന്ന രീതിയിൽ നൈപുണ്യ സാങ്കേതികവിദ്യാ പരിശീലനം നൽകും. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഇവരെ തിരഞ്ഞെടുക്കും. അതുൽ പി. ബിനു, ഫ്രാൻസിയോ ജോസഫ്, ജോവിയൽ പി. ജോസ്, സിദ്ധാർത്ഥ് സി ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ 4 യുവ അംബാസിഡർമാർ. ഇവർക്കായി ക്ലബ്ബ് ഒരു ഓൺലൈൻ ഓറിയന്റേഷൻ സെഷൻ നടത്തിയിരുന്നു.
ക്ലബിന്റെ എല്ലാ പരിപാടികളിലും മുതിർന്ന അംബാസിഡർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ യുവാക്കൾക്ക് പ്രോഗ്രാം അവസരമൊരുക്കുന്നു. ക്ലബ്ബിന്റെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, ചരിത്രം, സംസ്കാരം, ലക്ഷ്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും വിവിധ സെഷനുകളിലൂടെ നൈപുണ്യങ്ങൾ നേടാനും അവസരം നൽകുന്നു. യങ് അംബാസിഡർ പരിപാടി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പൂർണ്ണമായും സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.
യങ് അംബാസഡർ പ്രോഗ്രാം സ്പോർട്സിലൂടെ വിദ്യാഭ്യാസവും യുവത്വത്തിന്റെ ശാക്തീകരണവും ലക്ഷ്യമിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. പ്രാദേശിക സ്കൂളുകളെയും കൂട്ടായ്മയെയും കണ്ടെത്തി അവരുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുന്നതിനാണ് അവസരമൊരുക്കുന്നത്. ക്ലബ്ബിന്റെ അംബാസിഡർമാർ എന്ന നിലയ്ക്ക് കുട്ടികൾ ക്ലബ്ബിന്റെ യഥാർഥ മനോഭാവം ഉൾക്കൊള്ളേണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.