കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സെമിയിൽ വീണു
Mail This Article
ഓരോ അടിയും തടയും വഴിതുറന്നത് 5–ാം സെറ്റിലേക്ക്. ആവേശപ്പോരിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ കീഴടക്കിയ ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രൊ വോളിബോൾ ലീഗിന്റെ ഫൈനലിലേക്ക് (16–14, 9–15, 10–15, 15–8, 15–13). നാളെ ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ കാലിക്കറ്റ് ഹീറോസ്.
ചെന്നൈ എക്സ്പ്രസിനെ വിജയവഴിയിൽ തിരികെക്കൊണ്ടുവന്നത് മുൻ ഇന്ത്യൻ നായകൻ കെ.ജെ. കപിൽദേവ്. വയസ്സു 40 ആയെങ്കിലും പന്തു സെറ്റു ചെയ്തു കൂട്ടുകാരെക്കൊണ്ടു കളിപ്പിച്ചു വിജയിപ്പിക്കുന്നതിൽ കപിലിന്റെ കഴിവു കുറഞ്ഞിട്ടില്ലെന്നു സെമിഫൈനൽ തെളിയിച്ചു.
മാനസികമായി പതറിപ്പോയ ചെന്നൈ നിരയുടെ ആക്രമണങ്ങൾക്കു താളം നൽകിയതു 3–ാം സെറ്റിൽ ഇറങ്ങിയ കപിൽതന്നെ. ലാത്വിയക്കാരൻ റുസ്‌ലൻ സൊറോകിൻസിന്റെ എണ്ണംപറഞ്ഞ സ്പൈക്കുകൾ ചെന്നൈയ്ക്കു വിജയത്തിനുള്ള പോയിന്റുകൾ നൽകി. റുസ്‌ലനെ കപിൽ പരമാവധി ഉപയോഗപ്പെടുത്തി. റുസ്‌ലൻ നേടിയത് 17 പോയിന്റ്.
ആദ്യസെറ്റിൽ വിദേശതാരങ്ങളായ റൂഡി വെർഹോഫിന്റെയും റുസ്‌ലൻ സൊറോകിൻസിന്റെയും പോരാട്ടവീര്യത്തിലാണു ചെന്നൈ പിടിച്ചുകയറിയത്. 2–ാം സെറ്റിൽ മനു ജോസഫ് കൊച്ചിയുടെ വിജയശിൽപിയായി. അടുത്ത സെറ്റിൽ മനുവിനൊപ്പം ഡേവിഡ് ലീയും ഫോമിലേക്ക് ഉയർന്നു. നാടകീയമായിരുന്നു 4–ാം സെറ്റ്. നെഞ്ചിടിപ്പു കൂട്ടിയ നീളൻ നീണ്ടറാലികൾ, മൂർച്ചയേറിയ അടികൾ, പിഴവുകൾ. ചെന്നൈ തിരിച്ചുവന്നു. 5–ാം സെറ്റിലും അവർ ആ ഫോം തുടർന്നു.
റൂഡിയുടെ മികവിൽ
ആദ്യസെറ്റിൽ കൊച്ചിക്കു കിട്ടിയ ആദ്യ 7 പോയിന്റിൽ 4 എതിർ ടീമിന്റെ സർവ് പിഴവുമൂലമായിരുന്നു. എന്നാൽ റൂഡിയുടെ സർവ് മികവിൽ ചെന്നൈ ഒപ്പമെത്തി. 8–7 ലീഡുമെടുത്തു. ടെക്നിക്കൽ ടൈംഔട്ടിനുശേഷം സൂപ്പർ പോയിന്റ് വിളിച്ചും കളിച്ചും നേടിയ കൊച്ചി ലീഡ് തിരിച്ചുപിടിച്ചു. ചെന്നൈ വിട്ടില്ല. സൂപ്പർ പോയിന്റിലൂടെതന്നെ അവർ തിരിച്ചുവന്നു. 11–11. ഒപ്പത്തിനൊപ്പം പോരിനൊടുവിൽ ചെന്നൈ സെറ്റ് നേടിയപ്പോൾ 22 മിനിറ്റ് പിന്നിട്ടിരുന്നു.
തിരിച്ചടിച്ച് കൊച്ചി
2–ാം സെറ്റിൽ 5–5ൽ നിൽക്കെ കൊച്ചി സൂപ്പർ പോയിന്റ് വിളിച്ചു, നേടി. 7–5. ചെന്നൈയുടെ സൂപ്പർ പോയിന്റ് ഉശിരൻ ബ്ലോക്കിലൂടെ കൈവശമാക്കിയ കൊച്ചിക്കാർ ലീഡുയർത്തി (11–6). മറികടക്കാൻ അവർ പിന്നീട് എതിരാളികളെ അനുവദിച്ചില്ല. കൊച്ചി തുടക്കത്തിലേ മുന്നിൽക്കയറിയ 3–ാം സെറ്റിൽ സെറ്ററായി ഹരിഹരനു പകരം മുൻ ഇന്ത്യൻ നായകൻ കെ.ജെ. കപിൽദേവിനെ ചെന്നൈ കൊണ്ടുവന്നു. കപിലിന്റെ സെറ്റുകൾ മോശമായില്ലെങ്കിലും 5 പോയിന്റ് ലീഡ് മറികടക്കുക എളുപ്പമായിരുന്നില്ല.
തിരിച്ചുവരവ്
എതിരാളി വിളിച്ച സൂപ്പർ പോയിന്റും സ്വന്തം സൂപ്പർ പോയിന്റും നേടിയാണ് ആതിഥേയർ 4–ാം സെറ്റ് കൈക്കലാക്കിയത്. നിർണായക സെറ്റിൽ പിന്നിലായിപ്പോയ കൊച്ചി തിരിച്ചുവന്നത് കോട്ടകെട്ടിയ ബ്ലോക്കുകളും സൂപ്പർ പോയിന്റും വഴിയാണ്. എന്നാൽ സൂപ്പർ പോയിന്റ് ഉപയോഗിച്ചുതന്നെ ചെന്നൈ 12–11 എന്ന നിർണായക ലീഡെടുത്തു. വിജയത്തിലേക്കു കുതിച്ചു.