സമ്പന്ന കായികതാരങ്ങളുടെ ഫോബ്സ് പട്ടികയിൽ സിന്ധു; ‘ഇന്ത്യയിലെ കാശുകാരി’
Mail This Article
ന്യൂയോർക്ക് ∙ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടംപിടിച്ച് ബാഡ്മിന്റൻ താരം പി.വി.സിന്ധു. ഏകദേശം 39 കോടി രൂപ പ്രതിഫലമായി സമ്പാദിച്ച സിന്ധു ഇത്തവണ പട്ടികയിൽ 13–ാം സ്ഥാനത്താണ്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയാണു പട്ടിക തയാറാക്കിയത്. കഴിഞ്ഞ വർഷം 7–ാം സ്ഥാനത്തായിരുന്നു താരം.
23 ഗ്രാൻസ്‌ലാമുകൾ സ്വന്തമാക്കിയ യുഎസ് ടെന്നിസ് താരം സെറീന വില്യംസാണു തുടർച്ചയായ 4–ാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത് (സമ്പാദ്യം: ഏകദേശം 208 കോടി രൂപ). കുഞ്ഞുണ്ടായശേഷവും കോർട്ടിലേക്കു മടങ്ങിയെത്തിയ മുപ്പത്തേഴുകാരിയായ സെറീന വസ്ത്രനിർമാണ രംഗത്തേക്കും ജ്വല്ലറി മേഖലയിലേക്കും സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസിലേക്കും ഇറങ്ങാനുള്ള തയാറെടുപ്പിലാണ്.
ടോപ് 10 (വനിതകൾ)
(സ്ഥാനം, താരം, രാജ്യം, സമ്പാദ്യം)
1. സെറീന വില്യംസ് (യുഎസ്) 208 കോടി
2. നവോമി ഒസാക്ക (ജപ്പാൻ) 172 കോടി
3. ആഞ്ചലിക് കെർബർ (ജർമനി) 84 കോടി
4. സിമോന ഹാലെപ് (റുമേനിയ) 72 കോടി
5. സ്ലോയേൻ സ്റ്റീഫൻസ് (യുഎസ്) 68 കോടി
6. കരോലിൻ വോസ്‌നിയാക്കി (ഡെൻമാർക്ക്) 53 കോടി
7. മരിയ ഷറപ്പോവ (റഷ്യ) 49 കോടി
8. കരോലിന പ്ലിസ്ക്കോവ (ചെക്ക് റിപ്പബ്ലിക്) 44 കോടി
9. എലീന സ്വിറ്റോലിന (യുക്രെയ്ൻ) 43 കോടി
10. വീനസ് വില്യംസ് (യുഎസ്) 41 കോടി
10. ഗാർബിൻ മുഗുരുസ (സ്പെയിൻ) 41 കോടി
∙ കാശുകാരായ വനിതാ താരങ്ങളുടെ പട്ടികയിലെ ആദ്യ 10 സ്ഥാനക്കാരും ടെന്നിസ് കളിക്കാരാണ്. 12–ാം സ്ഥാനത്തെത്തിയ യുഎസ് ഫുട്ബോൾ താരം അലക്സ് മോർഗനാണു ടെന്നിസിൽനിന്നല്ലാതെ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം (ഏകദേശം 40 കോടി)
∙ പുരുഷതാരങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തിയാൽ വനിതാതാരങ്ങൾ ഏറെ പിന്നിൽ
ടോപ് 10 (പുരുഷൻമാർ)
1. ലയണൽ മെസി – 902 കോടി
2. ക്രിസ്റ്റ്യാനോ റൊണാൾഡോ – 774 കോടി
3. നെയ്മർ – 745 കോടി
4. കനീലോ അൽവാരെസ് – 667 കോടി
5. റോജർ ഫെഡറർ – 663 കോടി
6. റസൽ വിൽസൻ – 635 കോടി
7. ആരൺ റോജേഴ്സ് – 634 കോടി
8. ലെബ്രോൺ ജയിംസ് – 633 കോടി
9. സ്റ്റീഫൻ കറി – 568 കോടി
10. കെവിൻ ഡ്യുറന്റ് – 465 കോടി
∙ കോലി നൂറാമൻ
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ 100–ാം സ്ഥാനത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. 177 കോടി രൂപയാണു കോലിയുടെ വരുമാനം. ഈ പട്ടികയിൽ 67–ാം സ്ഥാനത്താണു സെറീന വില്യംസ്; ആദ്യ 100 പേരിലെ ഒരേയൊരു വനിതാ താരം.
∙ മുന്നിൽ ഫുട്ബോൾ
പുരുഷതാരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നുപേരും ഫുട്ബോൾ താരങ്ങളാണ്. നാലാമൻ മെക്സിക്കോ സ്വദേശി അൽവാരെസ് ബോക്സറാണ്. റസലും ആരണും യുഎസ് റഗ്ബി താരങ്ങളാണ്. ജയിസും സ്റ്റീഫൻ കറിയും കെവിനും യുഎസ് ബാസ്കറ്റ്ബോൾ താരങ്ങളാണ്.
∙ പട്ടിക എങ്ങനെ?
സമ്മാനത്തുക, ക്ലബ്ബിൽനിന്നുള്ള ശമ്പളം, പരസ്യക്കരാറിൽനിന്നുള്ള വരുമാനം എന്നിവ കണക്കുകൂട്ടിയാണ് ഓരോ താരത്തിനും വിലയിടുന്നത്. 2018 മുതൽ 2019 ജൂൺ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണു പുതിയ പട്ടിക പുറത്തിറക്കിയത്.
English Summary: P V Sindhu only Indian among Forbes list of world's highest-paid female athletes