സംഘാടകർ തമ്മിൽ തർക്കം: പ്രൊ വോളിക്കു പ്രതിസന്ധി
Mail This Article
മലപ്പുറം ∙ സംഘാടകർക്കിടയിലെ തർക്കം മൂലം പ്രൊ വോളിബോൾ ലീഗിന്റെ രണ്ടാം സീസൺ പ്രതിസന്ധിയിൽ. ലീഗ് അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുമെന്നു സംഘാടന ചുമതലയുള്ള ബേസ്‌ലൈൻ വെഞ്ചേഴ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ തങ്ങളുടെ അറിവില്ലാതെയാണു പ്രഖ്യാപനമെന്ന നിലപാടുമായി വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) രംഗത്തെത്തി. പ്രൊ വോളിബോൾ ലീഗിന്റെ നടത്തിപ്പു ചുമതലയുള്ള ബേസ്‌ലൈൻ വെഞ്ചേഴ്സ് ഓരോ സീസണിലെയും ലാഭവിഹിതത്തിന്റെ 50 ശതമാനം വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കു കൈമാറണമെന്നാണു കരാർ.
ഈ വർഷമാദ്യം നടന്ന ആദ്യ സീസൺ മൂന്നര കോടിയുടെ നഷ്ടത്തിലാണ് അവസാനിച്ചതെന്ന ഓഡിറ്റ് റിപ്പോർട്ടാണ് ബേസ്‌ലൈൻവെഞ്ചേഴ്സ് സമർപ്പിച്ചത്.
എന്നാൽ ലാഭവിഹിതം നൽകാതിരിക്കാൻ കണക്കുകളിൽ കൃത്രിമം കാട്ടിയെന്നു വോളിബോൾ ഫെഡറേഷൻ ആരോപിച്ചതോടെയാണ് ഭിന്നത ആരംഭിച്ചത്. വീണ്ടും ഓഡിറ്റ് നടത്തണമെന്ന പ്രൊ വോളിബോൾ ഗവേണിങ് കൗൺസിൽ തീരുമാനം അംഗീകരിക്കാൻ ബേസ്‌ലൈൻ വെഞ്ചേഴ്സും തയാറായിട്ടില്ല.
അടുത്തമാസം നടക്കുന്ന വോളിബോൾ ഫെഡറേഷന്റെ ജനറൽ ബോഡി യോഗത്തിൽ പ്രൊ വോളിബോൾ ലീഗ് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങളെടുക്കുമെന്നു സെക്രട്ടറി ജനറൽ രാംഅവതാർ സിങ് ജക്കർ അറിയിച്ചു.