മേരിയും സരീനും നേർക്കുനേർ: റിങ്ങിൽ ഇന്ന് ഇടിവെട്ടും!
Mail This Article
ന്യൂഡൽഹി ∙ ഇതുപോലൊരു ബോക്സിങ് യോഗ്യതാ മത്സരം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ല. സ്വർണ മെഡൽ പോരാട്ടത്തിന്റെ ആവേശംകണ്ട യോഗ്യതാ മത്സരത്തിന്റെ പ്രാഥമിക റൗണ്ടിൽ എതിരാളികളെ ഇടിച്ചു പഞ്ചറാക്കി എം.സി.മേരി കോമും നിഖാത് സരീനും ഫൈനലിൽ കടന്നു. ഒളിംപിക്സ് യോഗ്യതാ മത്സരത്തിനു യോഗ്യത നേടാനുള്ള ട്രയൽസിന്റെ ഫൈനലിൽ ഇന്നു ലോക ചാംപ്യൻ മേരിയും മുൻ ജൂനിയർ ലോക ചാംപ്യൻ സരീനും നേർക്കുനേർ.
ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ 51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത തേടിയാണു ട്രയൽസ്. 6 തവണ ലോക ചാംപ്യനായ മുപ്പത്താറുകാരിയായ മേരിയും ട്രയൽസ് വേണമെന്നു സധൈര്യം വിളിച്ചുപറഞ്ഞ് വിപ്ലവം സൃഷ്ടിച്ച ഇരുപത്തിമൂന്നുകാരിയായ സരീനും ഗോദയിലിറങ്ങുമ്പോൾ ഓരോ പഞ്ചിലും ആവേശം നിറയും.
ഒരൊറ്റ പോയിന്റ് പോലും വിട്ടുകൊടുക്കാതെയാണു 2 പേരും ഫൈനലിൽ കടന്നത്. മേരി തോൽപിച്ചത് റിതു ഗ്രെവാളിനെ (10–0). സരീൻ നിലവിലെ ദേശീയ ചാംപ്യൻ ജ്യോതി ഗുലിയയെ ഇടിച്ചിട്ടു (10–0).
മേരിയുടെ മത്സരം സരീനും സരീന്റെ പോരാട്ടം മേരിയും കണ്ണിമ ചിമ്മാതെ നോക്കിക്കണ്ടു. എതിരാളിയുടെ തന്ത്രങ്ങൾ കണ്ടറിയാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഒളിംപിക് യോഗ്യതാ മത്സരം ഫെബ്രുവരിയിൽ ചൈനയിൽ നടക്കും.
മറ്റു ഫൈനലുകൾ
60 കിലോ വിഭാഗം: എൽ.സരിതാ ദേവി–സിമ്രാൻജിത് കൗർ, 57 കിലോ: സാക്ഷി ചൗധരി–സോണിയ ലാത്തർ, 75 കിലോ: പൂജാ റാണി – നുപുർ. 69 കിലോ: ലവ്‌ലിന – ലളിത (75 കിലോ വിഭാഗത്തിൽ മലയാളിതാരം കെ.എ.ഇന്ദ്രജ, പൂജാ റാണിയോടു തോറ്റു).