ADVERTISEMENT

ഹൈദരാബാദ്∙ അമ്മ ചൈനക്കാരിയായതിന്റെ പേരിൽ നേരിടുന്ന അവഹേളനങ്ങളെക്കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാലാ ഗുട്ട രംഗത്ത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം ആളുകൾ ‘ഹാഫ് കൊറോണ’ വിളികളുമായി പരിഹസിക്കുന്നതായി ജ്വാലാ ഗുട്ട ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ചൈനീസ് ബന്ധത്തിന്റെ പേരിൽ ചെറുപ്പം മുതൽ നേരിടുന്ന പരിഹാസങ്ങളും കൊറോണ വൈറസ് വ്യാപനത്തോടെ ലഭിച്ച പുതിയ വിളിപ്പേരും ജ്വാല ഗുട്ട തുറന്നെഴുതിയത്. സമൂഹമാധ്യമങ്ങളിലുടെ തന്നെ പരിഹസിക്കുന്ന പലരും നേരിൽക്കാണുമ്പോൾ സെൽഫിയെടുക്കാൻ അനുവാദം തേടുന്നവരാണെന്നും ജ്വാല ഗുട്ട പരിഹസിച്ചു. ജ്വാലാ ഗുട്ടയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ചൈനക്കാരിയുമാണ്.

‘മറ്റുള്ളവരെ കൊറോണ എന്നും ചൈനീസ് വൈറസ് എന്നും വിളിച്ച് പരിഹസിക്കുമ്പോൾ നാം ഓർക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ലോകത്ത് വളരെയധികം ആളുകൾ മലേറിയ ബാധിച്ചും ക്ഷയം ബാധിച്ചും മരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഓരോ വർഷവും രണ്ടു ലക്ഷത്തോളം പേരാണ് ക്ഷയം ബാധിച്ചു മാത്രം മരിക്കുന്നത്. നമ്മുടെ രാജ്യത്തെ ശുചിത്വത്തിന്റെ കുറവ് ഇതിനെല്ലാം ഒരു പ്രധാന കാരണമാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ നടന്നുപോകുന്ന വഴിക്ക് ‘മലേറിയ’ എന്നോ ‘ടിബി വാഹകൻ’ എന്നോ വിളിച്ചാൽ എങ്ങനെയിരിക്കും?’ – ജ്വലാ ഗുട്ട ചോദിച്ചു.

ചൈനീസ് അമ്മയ്ക്ക് പിറന്നതിന്റെ പേരിൽ ചെറുപ്പം മുതൽ കനത്ത പരിഹാസവും വംശീയാധിക്ഷേപവും നേരിട്ടാണ് താൻ വളർന്നതെന്നും ഗുട്ട വെളിപ്പെടുത്തി. ‘ചെറുപ്പം മുതലേ മറ്റുള്ളവർക്ക് ഞാനൊരു കാഴ്ചവസ്തുവായിരുന്നു. എവിടെക്കണ്ടാലും ആളുകൾ എന്നെ തുറിച്ചുനോക്കും. ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് എന്റെ മുഖം വ്യത്യസ്തമായതുകൊണ്ടായിരിക്കുമെന്നാണ്. അതിനു പിന്നിലെ വംശീയമായ കാരണങ്ങൾ എനിക്കു മനസ്സിലാകുന്നത് മുതിർന്നു കഴിഞ്ഞാണ്’ – ജ്വാലാ ഗുട്ട വിശദീകരിച്ചു.

ആളുകൾക്ക് സ്വാതന്ത്ര്യമില്ലെന്ന് ഉൾപ്പെടെ ചൈനയെക്കുറിച്ച് ഇന്ത്യയിൽ പൊതുവെ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്ന് ജ്വാല ഗുട്ട ചൂണ്ടിക്കാട്ടി. ‘ചൈനയെക്കുറിച്ച് ഇവിടെ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. അവിടെ ആളുകൾക്ക് സ്വാതന്ത്ര്യമില്ല, ഏകധിപത്യ സ്വഭാവമുള്ള ഭരണകൂടം കാരണം അവിടെ ആരും സന്തോഷവാൻമാരല്ല എന്നൊക്കെ. പക്ഷേ, നമ്മുടെ രാജ്യത്ത് എത്രമാത്രം സ്വാതന്ത്രമുണ്ടെന്ന കാര്യത്തിൽ എനിക്കും സംശയമുണ്ട്. വിവിധ ആളുകൾക്കെതിരായ ട്രോളുകളും ഐടി സെല്ലുകളിൽ ലഭിക്കുന്ന പരാതിയുമൊക്കെ നോക്കൂ. ചൈനയിലുള്ള എന്റെ ബന്ധുക്കളെല്ലാം, പ്രത്യേകിച്ചും 90 പിന്നിട്ട മുത്തശ്ശി, വളരെ സന്തോഷത്തോടെയാണ് അവിടെ കഴിയുന്നത്. അവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ഇവിടേക്കു വരാൻ നിർബന്ധിച്ചിട്ടുപോലും മുത്തശ്ശി കൂട്ടാക്കുന്നില്ല’ – ജ്വലാ ഗുട്ട വിശദീകരിച്ചു. 

English Summary: Educated lot is jogging on roads and blaming one community for spreading coronavirus: Jwala Gutta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com