ഓൺലൈൻ ചെസ്: എസ്.എൽ. നാരായണന് ഇന്നു സെമിഫൈനൽ മത്സരം
Mail This Article
തിരുവനന്തപുരം ∙ ലോക്ഡൗൺ കാലത്തും ഇന്ത്യൻ ചെസ് ആരാധകർക്കൊരു സന്തോഷവാർത്ത. രാജ്യാന്തര ഓൺലൈൻ ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണന് ഇന്നു സെമിഫൈനൽ പോരാട്ടം. ചെസ് 24.കോം നടത്തുന്ന ബാന്റർ ബ്ലിറ്റ്സ് കപ്പിൽ ഇറാനിയൻ ഗ്രാൻഡ്മാസ്റ്റർ അലി റെസ ഫിറൗസയുമായി ഇന്നു രാത്രി 11.30നാണ് മത്സരം. ഇതു ജയിച്ചാൽ ഫൈനലിൽ നാരായണന്റെ എതിരാളി ചില്ലറക്കാരനല്ല; ലോകചാംപ്യൻ സാക്ഷാൽ മാഗ്നസ് കാൾസൻ!
സെപ്റ്റംബറിൽ ലോകത്തിലെ മുൻനിരയിലുള്ള 128 താരങ്ങളുമായി തുടങ്ങിയ ടൂർണമെന്റിൽ അവശേഷിക്കുന്ന 3 പേരിലൊരാളാണ് ഇരുപത്തിരണ്ടുകാരനായ നാരായണൻ.
മണ്ണന്തല പ്രണവം ഗാർഡൻസിലെ സൗപർണികയിൽ വമ്പൻ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് നാരായണൻ. 3 മിനിറ്റ് വീതമുള്ള 16 റൗണ്ടുകളാണുള്ളത്. വീട്ടിലെ കംപ്യൂട്ടറിലാണു നാരായണൻ കരുക്കൾ നീക്കുക. 2018ൽ അലി റെസയുമായി സമനില നേടാൻ കഴിഞ്ഞത് ഇന്നത്തെ കളിക്ക് ആത്മവിശ്വാസം നൽകുന്നതായും നാരായണൻ പറഞ്ഞു.