ബാഡ്മിന്റൻ അംബാസഡർ; കോർട്ടിലും പുറത്തും വ്യത്യസ്തനായി ലിൻ ഡാൻ
Mail This Article
കുട്ടിക്കാലത്തു മാതാപിതാക്കൾ ലിൻ ഡാനു കൊടുത്ത കളിപ്പാട്ടങ്ങളിലൊന്നു പിയാനോ ആയിരുന്നു. പക്ഷേ, മകൻ മികച്ചൊരു പിയാനിസ്റ്റാവുമെന്നു സ്വപ്നം കണ്ടിരുന്ന മാതാപിതാക്കളെ നിരാശരാക്കി ലിൻ ഡാൻ കയ്യിലെടുത്തത് ഒരു ‘തന്ത്രി വാദ്യമാണ്’ – ബാഡ്മിന്റൻ റാക്കറ്റ്! പിയാനോ ബോർഡിലെ ഓരോ കീയിൽനിന്നും വേറിട്ട സ്വരങ്ങളുണ്ടാകുന്നതുപോലെ റാക്കറ്റിലെ ഓരോ സ്ട്രിങ്ങിലും ഷട്ടിലിനെ സ്വീകരിച്ച് ലിൻ ഡാൻ തൂവൽ സ്പർശം പോലെയുള്ള ഡ്രോപ്പുകൾ മുതൽ വെടിച്ചില്ലു സ്മാഷുകൾ വരെ പായിച്ചു. കോർട്ടിലെ ഒരു സൂചി സ്ഥലം പോലും ബാക്കിവയ്ക്കാതെ 2 പതിറ്റാണ്ടു നീണ്ട ആ ‘കളിക്കച്ചേരി’ അവസാനിക്കുമ്പോൾ പിന്നാലെ പോകുന്നത് ഒരു വിശേഷണമാണ് – ദ് ഗ്രേറ്റസ്റ്റ്!
തെന്നിത്തെറിച്ച തൂവൽ
ഷട്ടിൽ കോർക്കിലെ തൂവലുകളെപ്പോലെ തുല്യരായിരുന്നില്ല ലിൻ ഡാനും മറ്റുള്ളവരും. കോർട്ടിലും പുറത്തും ലിൻ ഡാൻ എല്ലായ്പ്പോഴും തെന്നിത്തെറിച്ചുനിന്നു. ഒളിംപിക്, ലോക ചാംപ്യൻഷിപ്പ് സ്വർണവും ഓൾ ഇംഗ്ലണ്ട് ഓപ്പണും മറ്റു സൂപ്പർ സീരീസ് കിരീടങ്ങളുംപോലെ ലോക ബാഡ്മിന്റനിൽ കളിക്കാരുടെ മികവിന്റെ മാനദണ്ഡങ്ങളിൽ ഒന്നായി അങ്ങനെ മറ്റൊന്നു കൂടിയുണ്ടായി: ലിൻ ഡാനെ തോൽപിക്കുക! കുറച്ചെങ്കിലും ലിൻ ഡാനു വെല്ലുവിളി ഉയർത്തിയത് മലേഷ്യയുടെ ലീ ചോങ് വെയ് ആണ്. പക്ഷേ, ഒരു ഒളിംപിക് സ്വർണമോ ലോക കിരീടമോ എന്തിന് ഏഷ്യൻ ഗെയിംസ് സ്വർണംപോലും ഇല്ലാതെ ലീ ചോങ് വെയ്ക്കു റാക്കറ്റ് താഴെ വയ്ക്കേണ്ടി വന്നതു മറുകോർട്ടിൽ ലിൻ ഡാൻ കളിച്ചതു കൊണ്ടുമാത്രം. ലിൻ വിരമിക്കൽ പ്രഖ്യാപിച്ച ഉടൻ ലീ ട്വിറ്ററിൽ കുറിച്ചതിങ്ങനെ: നമ്മൾ പോരാടിയ ഇടങ്ങളിലെല്ലാം നിങ്ങളായിരുന്നു രാജാവ്!
പ്രിയപ്പെട്ട വികൃതിപ്പയ്യൻ
കോർട്ടിൽ വിചിത്രമായ ഷോട്ടുകളും ട്രിക്കുകളുംകൊണ്ടു വിസ്മയിപ്പിച്ചപോലെ കോർട്ടിനു പുറത്തും ലിൻ ഡാൻ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനായി. 12–ാം വയസ്സിൽ സ്പോർട്സ് ട്രൂപ്പിൽ അംഗമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേർന്ന ലിൻ ഡാൻ അവിടെ പട്ടാളനിയമങ്ങൾ വരെ ലംഘിച്ചു; സൈന്യത്തിലുള്ളവർ ശരീരത്തിൽ ടാറ്റൂ ചെയ്യരുത് എന്നതുൾപ്പെടെ. ലോക ബാഡ്മിന്റൻ വ്യവസായത്തെ അടക്കി ഭരിക്കുന്ന യോനക്സ്, ലി നിങ് ബ്രാൻഡുകളും ലിൻ ഡാന്റെ ഇഷ്ടങ്ങൾക്കു മുന്നിൽ നിശ്ശബ്ദരായി.
താൻ ഉൾപ്പെട്ട ചൈനീസ് ബാഡ്മിന്റൻ ടീമിനെ ലി നിങ് സ്പോൺസർ ചെയ്ത കാലത്ത് ലിൻ, യോനക്സിന്റെ ബ്രാൻഡ് അംബാസഡറായി. കരിയറിലെ തുടക്കകാലത്തു കലഹങ്ങളിലൂടെയും കയ്യേറ്റങ്ങളിലൂടെയും കോർട്ടിലെ വഴക്കാളി എന്നു പേരെടുത്തു. എന്നിട്ടും ചൈനയും ബാഡ്മിന്റൻ ലോകവും ലിൻ ഡാനോടു ക്ഷമിച്ചു.
കാരണം, ബാഡ്മിന്റനു ലോകമെങ്ങും ജനപ്രീതി നൽകുന്നതിൽ ലിൻ ഡാൻ വഹിച്ച പങ്കു ചെറുതല്ലല്ലോ... അങ്ങനെ, ബാഡ്മിന്റന്റെ ‘ഗ്ലോബൽ അംബാസഡർ’ കൂടിയായി ലിൻ ഡാൻ. പകരം, ബാഡ്മിന്റൻ ലിൻ ഡാനു നൽകിയതു കരിയർ മാത്രമല്ല; ജീവിതം കൂടിയാണ്. മുൻ ലോക ഒന്നാം നമ്പർ ഷീ ഷിങ്ഫാങ് ആണ് ലിൻ ഡാന്റെ ഭാര്യ. 2016ൽ മകൻ പിറന്നപ്പോൾ ലിൻ ഡാനും ഷീയും അവനു പേരിട്ടു – ഷിയാവോ യു (കൊച്ചു തൂവൽ)...