ഇന്ത്യയിലാണെങ്കിൽ ലിൻ ഡാൻ രക്ഷപ്പെടാൻ പ്രയാസം, എന്നെ കണ്ടില്ലേ? ജ്വാല
Mail This Article
മുംബൈ∙ രാജ്യാന്തര ബാഡ്മിന്റനിലെ സൂപ്പർതാരം ലിൻ ഡാൻ, ഇന്ത്യയിലാണെങ്കിൽ രക്ഷപ്പെടാൻ പ്രയാസമായിരിക്കുമെന്ന് ഇന്ത്യയുടെ മുൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട. ‘ബാഡ്മിന്റൻ കോർട്ടിലെ വികൃതിപ്പയ്യനാ’യി അറിയപ്പെട്ടിരുന്ന ലിൻ ഡാന്, ഇന്ത്യയിലെ രീതിവച്ച് അതിജീവനം ബുദ്ധിമുട്ടായിരിക്കുമെന്നാണ് ജ്വാലയുടെ വിലയിരുത്തൽ. ദുഷിച്ച രീതികൾക്കെതിരെ പ്രതികരിക്കുന്ന തന്നെ അധികൃതർ ഒതുക്കിക്കളഞ്ഞത് ഉദാഹരണമായി എടുത്തുകാട്ടിയാണ് ജ്വാല ഗുട്ട നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര ബാഡ്മിന്റനിലെ ഏറ്റവും മികച്ച താരമായി എണ്ണപ്പെടുന്ന ലിൻ ഡാൻ, അടുത്തിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ലിൻ ഡാനെക്കുറിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിൽ ജ്വാല ഗുട്ട നടത്തിയ പരാമർശങ്ങളിലൂടെ:
∙ ‘ഏതൊരു ഗ്രൂപ്പ് ഫോട്ടോ എടുത്താലും കൂട്ടത്തിൽ വ്യത്യസ്തനായി കാണപ്പെടുന്ന ഒരാളുണ്ടാകും. സമാനമായ രീതിയിൽ, എക്കാലവും കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന വ്യക്തിയായിരുന്നു ലിൻ ഡാൻ.
ഗ്വാങ്ഷൗവിൽ 2000ൽ നടന്ന ജൂനിയർ ലോക ചാംപ്യൻഷിപ്പ് മുതൽ എനിക്ക് ലിൻ ഡാനെ പരിചയമുണ്ട്. അന്നത്തെ ചൈനീസ് ടീം നമ്മളെ തോൽപ്പിച്ചത് ഇപ്പോഴും ഓർമയുണ്ട്. റോബോട്ടുകളേപ്പോലെയായിരുന്നു അവരുടെ കളി. അതേ രീതി തന്നെയാണ് ഇപ്പോഴും. അവരുടെ കളിയിലും ശൈലിയിലും പരിശീലനത്തിലും ഫൂട്‌വർക്കിലും കളിയോടുള്ള മനോഭാവത്തിലുമെല്ലാം ഈ സമാനത കാണാം. പക്ഷേ, ആ സമാനതകൾക്കിടയിൽ വ്യത്യസ്തനായി കാണപ്പെട്ട ഒരാളായിരുന്നു ലിൻ ഡാൻ.
അദ്ദേഹം ആക്രമണോത്സുകനായിരുന്നു. സുന്ദരമായ കളി വശമുള്ളയാളായിരുന്നു. തോൽക്കുമ്പോഴും നിർഭയരായി കാണപ്പെടുന്ന യൂറോപ്യൻ താരങ്ങളുടെ ശൈലിയായിരുന്നു ലിൻ ഡാന്. കായിക താരങ്ങളുടെ വളർച്ചയിൽ സർക്കാരുകൾ മുഖ്യപങ്കു വഹിക്കുന്ന ഏഷ്യൻ രാജ്യങ്ങളിലെ താരങ്ങൾ പൊതുവെ ആക്രമണോത്സുകരാവില്ല. ഇന്ത്യൻ താരങ്ങളിൽ അൽപമെങ്കിലും ആ ശൈലിയുണ്ടായിരുന്നത് അനൂപ് ശ്രീധറിനാണ്. ലിൻ ഡാൻ എല്ലാം കൊണ്ടും വേറെ തലത്തിലായിരുന്നു.
∙ ഇന്ത്യയിലെയും ചൈനയിലെയും ആളുകളുടെ മനഃസ്ഥിതി ഏറെക്കുറെ സമാനമാണ്. സ്വന്തമായി മുന്നേറി വരുന്ന ലിന്‍ ഡാന് സ്വീകാര്യത ലഭിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ്. ഒരു വനിതാ താരമാണ് ആ വിധത്തിൽ പെരുമാറുന്നതെങ്കിൽ ചൈനയിലാണെങ്കിലും സ്വീകാര്യത ലഭിക്കാൻ പ്രയാസമാണ്. ചൈനീസ് ടീമിന്റെ പരിശീലകൻ ലീ യോങ്ബോയ്ക്കും അതിന്റെ ക്രെഡിറ്റ് നൽകണം. ലിൻ ഡാന്റെ രീതികൾ ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചത് പ്രധാനമാണ്. പുരാതനമായ ഒരു സംസ്കാരത്തെ ഒരു വിധത്തിൽ പറഞ്ഞാൽ പാശ്ചാത്യവൽക്കരിച്ച വ്യക്തിയാണ് അദ്ദേഹം.
∙ ഇന്ത്യയിലാണെങ്കിൽ ലിൻ ഡാൻ ഇത്ര വലിയൊരു താരമാകുമോയെന്ന് എനിക്ക് സംശയമുണ്ട്. കാരണം ഇത്തരക്കാരെ ഇന്ത്യക്കാർ എത്രകണ്ട് സ്വീകരിക്കുമെന്ന് കണ്ടറിയണം. അതുകൊണ്ടല്ലേ, എന്നെ സ്വീകരിക്കാൻ ഇത്ര മടി. ആളുകൾ അദ്ദേഹത്തെ ബാഡ്മിന്റനിലെ വികൃതിക്കുട്ടി എന്ന് വിളിച്ചു. ആ രീതിയിൽ ഇന്ത്യൻ ബാഡ്മിന്റനിലെ വികൃതിക്കുട്ടിയാണ് ഞാൻ.
ഇന്ത്യയിൽ പൊതുവെ ഒരു ആൾക്കൂട്ട മനഃസ്ഥിതിയാണുള്ളത്. പക്ഷേ, എല്ലാത്തരത്തിലുള്ള വ്യക്തിത്വങ്ങളെയും നാം അംഗീകരിക്കണം. ഒരു വ്യക്തിക്ക് വളരണമെങ്കിൽ അവരുടേതായ ഇടം നൽകണം. അല്ലെങ്കിൽ വ്യക്തിഗത ഇനങ്ങളിൽ മികച്ച താരങ്ങളെ നമുക്കു ലഭിക്കില്ല. 50 വർഷത്തിലൊരിക്കൽ, 30 വർഷത്തിനിടെ ആദ്യമായി എന്നൊക്കെ പറഞ്ഞ് നമ്മുടെ കായികരംഗം ഇതേപടി തുടരും.
English Summary: A rebel genius like Lin Dan would never flourish in an Indian system: Jwala Gutta