തോക്കേന്തിയ ഭീകരർക്കു മുന്നിലും പതറിയില്ല; ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ: ജിൻസി
Mail This Article
തോക്കേന്തിയ ഭീകരർക്കു മുന്നിൽ പതറാതെ ശ്രീനഗറിൽ സിആർപിഎഫ് ജവാൻമാരെ നയിച്ചിട്ടുണ്ട് ഒളിംപ്യൻ ജിൻസി ഫിലിപ്. ജീവൻ പണയംവച്ചു ദൗത്യസേനയിൽ പ്രവർത്തിക്കുമ്പോഴും ലോക കായികവേദികളിൽ ആവേശത്തിന്റെ ബാറ്റൺ കൈമാറ്റം നടത്തിയ ഈ മലയാളിയുടെ മനസ്സ് ട്രാക്കിലായിരുന്നു.
നേട്ടങ്ങളുടെ നല്ലകാലത്ത് അർജുന പുരസ്കാരം ലഭിക്കാത്തതിന്റെ സങ്കടമുണ്ടെങ്കിലും ഇപ്പോൾ കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന്റെ സന്തോഷത്തിലാണു ജിൻസി. ‘സന്തോഷം, ഇപ്പോഴെങ്കിലും എന്റെ നേട്ടത്തെ അംഗീകരിച്ചല്ലോ...’ – ജിൻസി മനോരമയോടു പറഞ്ഞു.
കോട്ടയം കോരുത്തോട് സ്വദേശിനിയായ ജിൻസിയെ (43) ട്രാക്കിലെ നേട്ടങ്ങളിലേക്കു നയിച്ചതു ദ്രോണാചാര്യ കെ.പി.തോമസാണ്. വനിതാ 4X 400 മീറ്റർ റിലേയിൽ മുൻനിര താരമായി ജിൻസി വളർന്നു. 2 ഏഷ്യൻ ഗെയിംസുകളിൽനിന്നായി ഓരോ സ്വർണവും വെള്ളിയും. സാഫ് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും സ്വർണം. സിഡ്നി ഒളിംപിക്സിൽ കെ.എം.ബീനാമോൾ, റോസക്കുട്ടി, പരംജിത് കൗർ എന്നിവർക്കൊപ്പം റിലേയിൽ. 2006ൽ ട്രാക്ക് വിട്ടു. അതിനിടെ, ഒളിംപ്യൻ പി.രാമചന്ദ്രനുമായി വിവാഹം.
ബീനാമോളും റോസക്കുട്ടിയും അർജുന നേടിയെങ്കിലും ജിൻസി തഴയപ്പെട്ടു. സിആർപിഎഫിൽ ശ്രീനഗറിൽ ജോലി ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു. ഡപ്യൂട്ടി കമൻഡാന്റായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ പോസ്റ്റിങ് കിട്ടിയതു ഛത്തീസ്ഗഡിലെ നക്സൽ മേഖലയിൽ.
ജോലിക്കായി കേരള സർക്കാരിനെ സമീപിച്ചെങ്കിലും കൊടുത്തതു താഴ്ന്ന പോസ്റ്റ്. ഒടുവിൽ, സിആർപിഎഫിൽനിന്നു ഡപ്യൂട്ടേഷൻ വാങ്ങി സായിയിൽ ചേർന്നു. കഴിഞ്ഞ 3 വർഷമായി തിരുവനന്തപുരം എൽഎൻസിപിഇയിൽ. രാമചന്ദ്രൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലാണ്. സന്തോഷത്തിൽ പങ്കുചേരാൻ മക്കളായ അഭിഷേകും എയ്ബലും അതുല്യയും ഒപ്പമുണ്ട്.
English Summary: Olympian Jincy Philip