എതിർ കോർട്ടിലെ ഇടിമിന്നൽ, ലോകത്തിലെ മികച്ച 6 കളിക്കാരിൽ ഒരാൾ; നമ്മുടെ പപ്പൻ
Mail This Article
റഷ്യ അടങ്ങുന്ന സോവിയറ്റ് യൂണിയന്റെ പ്രതാപകാലം. 1964ൽ റഷ്യയിലെ ക്രെംലിനിൽ നടന്ന ലോക വോളിബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. പക്ഷേ പിറ്റേന്ന് ഇറങ്ങിയ അവിടുത്തെ ഔദ്യോഗിക ദിനപത്രമായ പ്രവ്ദയിൽ ലോകത്തിലെ ഏറ്റവും മികച്ച ആറു കളിക്കാരിൽ ഒരാളായി ഒരു മലയാളിയെ കായികലോകത്തിന് പരിചയപ്പെടുത്തി– ടി.ഡി.ജോസഫ്. കേരള വോളിബോൾ അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ടി.ഡി.ജോസഫ് എന്ന പപ്പനെ അടുത്തറിയാം.
രണ്ടു വർഷങ്ങൾക്കുശേഷം, 1966ൽ വീണ്ടും ഇന്ത്യൻ ടീം റഷ്യയിലെത്തി. അവരുമായി ആറു മാച്ചുകളടങ്ങുന്ന പരമ്പര കളിക്കാനാണ് ഇന്ത്യൻ ടീം അവിടേക്ക് പറന്നെത്തിയത്. ആറു മൽസരങ്ങളിലും ഏറ്റവും മികച്ച ഇന്ത്യൻ താരമായി അവിടുത്തെ പത്രങ്ങളും കാണികളം ചേർന്ന് തിരഞ്ഞെടുത്ത് ജോസഫിനെ തന്നെയായിരുന്നു. എല്ലാ മാച്ചുകളിലും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അതായിരുന്നു ടി.ഡി.ജോസഫ് എന്ന പപ്പൻ. ഇതോടെ പപ്പൻ ലോകമറിയുന്ന വോളിബോൾ താരമായി. പപ്പൻ എന്ന പഴയകാല വോളി താരത്തെ പുതുതലമുറ അറിയില്ല.
എന്നാൽ ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്നു ഈ സ്പൈക്കർ. ഇദ്ദേഹത്തിന്റെ കളി കാണാൻ ഇന്ന് വിഡിയോയോ ക്ലിപ്പുകളോ ഇല്ലാതെപോയത് വോളിബോൾ ആരാധകരുടെ നഷ്ടം. കുതിച്ചുയർന്നു പന്ത് എതിരാളിയുടെ കോർട്ടിലേക്ക് ഇടിമിന്നലായി സ്മാഷ് ചെയ്യുക, അതുമല്ലെങ്കിൽ ഉയർന്നുപൊങ്ങി ആഞ്ഞടിക്കുന്നതായി ആംഗ്യം കാട്ടിയശേഷം പെട്ടെന്ന് ഒഴിഞ്ഞ ഇടത്തേക്ക് പന്ത് സാവധാനം പ്ലെയ്സ് ചെയ്യുക. ഇത് മാറിമാറി പ്രയോഗിക്കുക– ഇതായിരുന്നു പ്രശസ്തമായ ‘പപ്പൻ സ്റ്റൈൽ’. ഈ ശൈലി പിന്നീട് പല ലോകോത്തര താരങ്ങളും പിന്തുടർന്നു.
എറണാകുളം ജില്ലയിലെ കൂനംമാവുമുതൽ റഷ്യയിലെ ക്രെംലിൻവരെ നീണ്ട ആ കരിയർ ഇന്ത്യൻ വോളിബോളിന് ഒട്ടേറെ വിജയങ്ങളും മെഡലുകളും സമ്മാനിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കെതന്നെ 1958–59ൽ കേരളത്തിന്റെ ടീമിലെത്തി. തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിലും. 1960ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ റഷ്യൻ ടീമിനെതിരെ കളിച്ചു ശ്രദ്ധേയനായി. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യമായി ഫൈനലിൽ കടന്നുവെങ്കിലും ജപ്പാനോട് 3–2ന് പൊരുതിവീണു. അന്ന് കോർട്ടിൽ നിറഞ്ഞുനിന്നത് പപ്പനായിരുന്നു.
1962ലെ മികച്ച കായികതാരത്തെ കണ്ടെത്താൻ മലയാള മനോരമ നടത്തിയ പോളിങ്ങിൽ ഏറ്റവും കൂടുതൽ വോട്ടുനേടി മനോരമ ബെസ്റ്റ് സ്പോർട്സ് മാൻ ഒാഫ് ദി ഇയർ പുരസ്കാരത്തിന് അർഹത നേടിയത് പപ്പനാണ്. 1963ൽ ന്യൂഡൽഹിയിൽ നടന്ന പ്രീഒളിംപിക് (ഏഷ്യൻ മേഖല) യോഗ്യതാ റൗണ്ടിൽ കളിച്ച് ഏറ്റവും മികച്ച ‘സ്മാഷർ’ എന്ന പേരും സമ്പാദിച്ചു. അന്ന് ഇന്ത്യയ്ക്കായിരുന്നു മൂന്നാം സ്ഥാനം. അന്ന് ഇന്ത്യയിലെത്തിയ സോവിയറ്റ് ടീമിന്റെ പരിശിലീകൻ പെട്രോ, പപ്പനോടു പറഞ്ഞു– ‘താങ്കൾ സോവിയറ്റ് യൂണിയനിലായിരുന്നെങ്കിൽ രാജ്യത്തിന്റെ സ്വത്താകുമായിരുന്നു’.
1966ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്ന പദവി അദ്ദേഹം സ്വന്തമാക്കി. പരുക്കുമൂലം വളരെ നേരത്തെതന്നെ അദ്ദേഹം കോർട്ടിനോട് വിടപറഞ്ഞു. ഫാക്ടിന്റെ കായികവിഭാഗത്തിൽ ജോലിനോക്കവേ 1991 ജൂലൈ 25ന് അന്തരിച്ചു. കളിക്കളത്തിന് പുറത്ത് അവഗണനയുടെ പര്യായമായി മാറിയ അദ്ദേഹത്തോട് ഇന്ത്യൻ വോളിബോൾ ഫെഡറേഷനും സംസ്ഥാന അസോസിയേഷനും നീതി കാണിച്ചില്ല. പലതവണ അർജുന പുരസ്കാരത്തിന് പരിഗണിച്ചെങ്കിലും ആ ബഹുമതി സമ്മാനിച്ചുമില്ല.
English Summary: Life of Volleyball star TD Joseph Pappan