ADVERTISEMENT

കൊച്ചി∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ. നവംബർ 21ന് നടന്ന ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മേഴ്സി കുട്ടനെ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ മേഴ്സി കുട്ടൻ പ്രതിനിധീകരിക്കുന്ന അത്‌ലറ്റിക് ക്ലബായ മേഴ്സി കുട്ടൻ അക്കാദമിയുടെ സാക്ഷ്യപത്രം ചട്ട പ്രകാരമല്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിരീക്ഷകനായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി.ശ്രീനിജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന സംസ്ഥാന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മേഴ്സി കുട്ടൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ കായിക നിയമം അനുസരിച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ തീരുമാനത്തിനെതിരെ മേഴ്സി കുട്ടൻ അപ്പീൽ നൽകേണ്ടത് സ്പോർട്സ് ട്രൈബ്യൂണലിനാണ്.

ജില്ലയിൽ 34 അത്‌ലറ്റിക് ക്ലബുകളുണ്ടെങ്കിലും പരാതിയെ തുടർന്ന് 14 ക്ലബുകൾക്കു മാത്രമേ വോട്ടവകാശം ലഭിച്ചിരുന്നുള്ളൂ. ചട്ടം അനുസരിച്ച് തുടർച്ചയായി രണ്ടു വർഷം ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 10 പേരെയെങ്കിലും പങ്കെടുപ്പിച്ച ക്ലബുകൾക്കു മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിക്കുകയുള്ളൂ. ഇതനുസരിച്ചാണ് 20 ക്ലബുകൾക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവാതെ പോയത്. ക്ലബുകളുടെ പ്രതിനിധികളായി വോട്ടെടുപ്പിൽ പങ്കെടുക്കുന്നവർ ക്ലബിന്റെ പ്രസിഡന്റോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തിയ കത്ത് നൽകണമെന്നാണ് ചട്ടം.

മേഴ്സി കുട്ടനെ ജില്ലാ അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി നോമിനേറ്റ് ചെയ്തുള്ള മേഴ്സി കുട്ടൻ അക്കാദമിയുടെ കത്തിൽ സാക്ഷ്യപ്പെടുത്തുന്ന ആളുടെ ഒപ്പ് മാത്രമേയുണ്ടായിരുന്നുള്ളൂ. പേരോ സ്ഥാനമോ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് തീയതിയും വ്യക്തമാക്കിയിരുന്നില്ല. ചട്ടലംഘനമുള്ളതിനാൽ മേഴ്സി കുട്ടനു തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ മത്സരിക്കാനോ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകൻ റിപ്പോർട്ട് നൽകുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയും മറ്റു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ചും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ സർക്കുലറും പുറത്തിറങ്ങി.

ജെയിംസ് മാത്യു പ്രസിഡന്റും സി.ജെ.ജെയ്മോൻ സെക്രട്ടറിയുമായ കമ്മിറ്റിയാണു തിര‍ഞ്ഞെടുക്കപ്പെട്ടത്. മേഴ്സി കുട്ടനൊപ്പം അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ അത്‌ലറ്റിക് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയായ പി.ഐ.ബാബുവും സംസ്ഥാന അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം നിരീക്ഷകനായെത്തിയ പി.വി.ശ്രീനിജിന് തന്നോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടാണ് ഇത്തരത്തിൽ വിചിത്രമായ ഒരു നടപടിയെന്നു മേഴ്സി കുട്ടൻ പ്രതികരിച്ചു. ‌‘മേഴ്സി കുട്ടൻ അക്കാദമിക്ക് പ്രസിഡന്റില്ല. ചെയർപഴ്സണും സെക്രട്ടറിയുമാണുള്ളത്. ലെറ്റർ പാഡിൽ നൽകിയ സാക്ഷ്യപത്രത്തിൽ ചെയർപഴ്സൻ എന്ന നിലയിൽ ഞാൻ തന്നെയാണ് ഒപ്പിട്ടത്. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അന്നേരം നേരിട്ടു ചോദിക്കാമായിരുന്നു. അതു ചെയ്യാതെ തിരഞ്ഞെടുപ്പ് നടത്തി ഒന്നര മാസം കഴിഞ്ഞാണ് ചട്ടലംഘനം എന്നു റിപ്പോർട്ട് നൽകിയത്. നിരീക്ഷകന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനും അധികാരമില്ല. എന്തെങ്കിലും ചട്ടലംഘനം കണ്ടെത്തിയാൽ സംസ്ഥാന കൗൺസിലിനെ അറിയിക്കുകയാണ് വേണ്ടത്. ഇതുവരെ അറിയിച്ചിട്ടില്ല’- മേഴ്സി കുട്ടൻ പറഞ്ഞു.

സാങ്കേതിക കാര്യം പറഞ്ഞ് മേഴ്സി കുട്ടനെ അയോഗ്യയാക്കിയത് ന്യായീകരിക്കാനാവില്ലെന്നു കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ.ബാബുവും ചൂണ്ടിക്കാട്ടി. ക്ലബുകളിൽ നിന്നുള്ള സാക്ഷ്യപത്രം നിരീക്ഷകൻ കണ്ടു ബോധ്യപ്പെട്ട ശേഷമാണു തിരഞ്ഞെടുപ്പ് നടത്തിയത്. അതു മിനുട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം കഴിഞ്ഞ് വീണ്ടും അത് ആവശ്യപ്പെടുകയായിരുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാനാണ് ക്ലബിൽ നിന്നുള്ള സാക്ഷ്യപത്രം. മേഴ്സി കുട്ടനെ പോലെ എല്ലാവരും അറിയുന്ന ഒരാളെ ഇത്തരം ഒരു പ്രശ്നം പറഞ്ഞ് അയോഗ്യയാക്കുന്നതെങ്ങനെയാണ്?എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു തുടർ നടപടി സ്വീകരിക്കും- ബാബു പറഞ്ഞു.

English Summary: State Sports Council President Mercy Kuttan disqualified by Ernakulam District Sports Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com