ADVERTISEMENT

‘കളി തോറ്റാൽ ഇനി ഞാൻ കരയില്ല, കരുക്കൾ എടുത്ത് എറിയില്ല, ചെസ് ബോർഡ് തട്ടിമറിക്കില്ല..’ 5 വയസ്സുള്ളപ്പോൾ നിഹാൽ സരിൻ വല്യുപ്പയുമായി ഒപ്പുവച്ച ഉടമ്പടിയിലെ നിബന്ധനകളാണിത്. ചെസ് കളിയിൽ തോറ്റാലുടൻ ബോർഡ് വലിച്ചെറിഞ്ഞു ബഹളമുണ്ടാക്കുന്ന പേരക്കുട്ടിയെ ‘മെരുക്കിയെടുക്കാൻ’ വല്യുപ്പ പ്രയോഗിച്ച സൂത്രം. വെള്ളക്കടലാസിലെഴുതപ്പെട്ട ആ ഉടമ്പടിപത്രം നിഹാലിന്റെ പിതാവ് ഡോ. എ. സര‍ിൻ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ച‍ുവച്ചിട്ടുണ്ട്. 

  ലോക യൂത്ത് ചെസ് ചാംപ്യൻ എന്ന അതുല്യ നേട്ടത്തിലേക്കു നിഹാലിനെ വഴികാട്ടിയതിനു പിന്നിലെ കരങ്ങൾ ആരുടേതെന്നു ചോദിച്ചാൽ പിതാവ് ഡോ. സരിനും മാതാവ് ഡോ. ഷിജിനും നൽകുന്നത് ഒരേ ഉത്തരം – വല്യുപ്പയായ ഉമ്മർ. നിമിഷനേരം അടങ്ങിയിരിക്കാൻ തയാറാകാതെ വീടിളക്കി നടന്ന 5 വയസ്സുകാരൻ പേരക്കുട്ടിയെ അടക്കിയിരുത്താൻ വല്യുപ്പ കണ്ടെത്തിയ വഴിയായിരുന്നു ചെസ്. നിഹാലിന്റെ ആദ്യ മത്സരപങ്കാളിയും ഗുരുവും ഉമ്മർ തന്നെ. പിന്നീടു മാത്യു പി. ജോസഫ് പോട്ടൂർ എന്ന പരിശീലകനു കീഴിൽ ശാസ്ത്രീയമായി കളി അഭ്യസിച്ചു തുടങ്ങിയപ്പോഴും നേട്ടങ്ങൾ കൈവരിച്ചു തുടങ്ങിയപ്പോഴും പിന്തുണയുമായി ഉമ്മർ ഒപ്പമുണ്ടായിരുന്നു. ‌വല്യുപ്പയ്ക്കും വല്യുമ്മയ്ക്കുമൊപ്പം പലയിടത്തും നിഹാൽ കളിക്കാൻ പോയിട്ടുണ്ട്. 

നിഹാൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുമ്പോൾ ടെൻഷൻ സഹിക്കാൻ കഴിയാതെ എരിപൊരി സഞ്ചാരത്തിലാകും ഉമ്മർ. ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളെ പേടിപ്പ‍ിക്കേണ്ടെന്നു കരുതി നിഹാലിന്റെ മത്സരഫലം വീട്ടുകാർ മറച്ചുവയ്ക്കുക പോലും ചെയ്തിട്ടുണ്ട്. 

‘രാജ്യാന്തര ടൂർണമെന്റുകളിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞ വർഷമായിരുന്നു 2020. ആ നേട്ടങ്ങളുടെ തുടക്കമായിരുന്നു എനിക്ക് 2019. മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ’

– നിഹാൽ സരിൻ

Content Highlights: Manorama sports star award: Nihal Sarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com