ADVERTISEMENT

കോട്ടയം ∙ ഇടിക്കൂട്ടിലെ സൂപ്പർതാരമായിരുന്ന അണ്ടർടേക്കറിന്റെ പിന്മുറക്കാരിയാകാൻ ഒരു കോട്ടയംകാരി. വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) കരാർ സ്വന്തമാക്കി അയ്മനം സ്വദേശിനി സഞ്ജന ജോർജ്. ഈ സീസൺ ഡബ്ല്യുഡബ്ല്യുഇ ഇടിപ്പൂരം ടിവിയിൽ കാണാനിരിക്കുമ്പോൾ നമ്മുടെ നാട്ടുകാരിക്കു വേണ്ടിയും ആർത്തു വിളിക്കാം. ഇന്ത്യയിൽനിന്ന് ഈ സീസണിൽ കരാർ നേടിയ ഏക വനിതയാണ് ഇരുപത്തിയാറുകാരി സഞ്ജന. യുഎസിലെത്തിയ സഞ്ജന അവിടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

മിക്സ്ഡ് മാർഷ്യൽ ആർട്സ് (എംഎംഎ) വഴിയാണ് ഡബ്ലുഡബ്ല്യുഇയിലേക്ക് സഞ്ജനയുടെ വരവ്. 17–ാം വയസ്സിൽ കോട്ടയത്തെ ജിമ്മിൽ പരിശീലനം തുടങ്ങി. ബെംഗളൂരുവിലെ ഡിഗ്രി പഠനത്തിന് ഇടയിലും എംഎംഎ പഠനം തുടർന്നു. 2019ൽ മുംബൈയിൽ നടന്ന ഡബ്ല്യുഡബ്ല്യുഇ ട്രൈഔട്ടിലേക്ക് അപേക്ഷ അയച്ചതു വഴിത്തിരിവായി. 3000 പേരിൽനിന്നു തിരഞ്ഞെടുത്തത് 75 പേരെ. അതിൽ നിന്ന് ഡബ്ല്യുഡബ്ല്യുഇയിലേക്ക് 3 പുരുഷന്മാരെയും ഒരു വനിതയെയും തിരഞ്ഞെടുത്തു. ആ വനിത സഞ്ജനയായിരുന്നു.

കോവിഡ് പ്രതിസന്ധിയും വീസ ലഭിക്കാത്തതും കാരണം സഞ്ജനയുടെ യാത്ര നീണ്ടു പോയി. അടുത്തിടെയാണ് യുഎസിലെത്താൻ കഴിഞ്ഞത്. ഫ്ലോറിഡയിലെ ഓർലാൻഡോ ഡബ്ല്യുഡബ്ല്യുഇ പെർഫോമൻസ് സെന്ററിലാണ് സഞ്ജന ഇപ്പോൾ. ഡബ്ല്യുഡബ്ല്യുഇ വ്യത്യസ്തമായ ലോകമാണെന്നും മികച്ച പരിശീലകരുടെ കീഴിൽ കഠിനമായ പരിശീലനത്തിലാണ് ഇപ്പോഴെന്നും സഞ്ജന ‘മനോരമ’യോടു പറഞ്ഞു. 

അയ്മനം വാഴപ്പറമ്പിൽ പരേതനായ പി. ചാക്കോ ജോർജിന്റെയും ലിസി ജോർജിന്റെയും മകളാണ് സഞ്ജന. ഇടുക്കി ഡാം പ്രോജക്ടിൽ ആർക്കിടെക്ട് ആയിരുന്ന ചാക്കോ ജോർജാണ് തന്റെ ഡബ്ല്യുഡബ്ല്യുഇ പ്രണയത്തിനു പിന്നിലെന്നു സഞ്ജന പറയുന്നു. ചെറുപ്പത്തിൽ പിതാവിനൊപ്പം മത്സരങ്ങൾ കാണുമായിരുന്നു. അതേ വേദിയിലേക്കിതാ സഞ്ജനയും കാൽവയ്ക്കുന്നു. 

∙ ഇതു വെറും ഇടിയല്ല!

മുൻകൂട്ടി ഒരുക്കുന്ന തിരക്കഥ അനുസരിച്ച് വിനോദത്തിനു വേണ്ടി ചിത്രീകരിക്കുന്ന ഇടി മത്സരമാണ് ഡബ്ല്യുഡബ്ല്യുഇ എന്ന വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ്. ഡബ്ല്യുഡബ്ല്യുഇ കമ്പനി ചിത്രീകരിക്കുന്ന ഏതാണ്ട് മൂന്നൂറോളം എപ്പിസോഡുകളാണ് ഒരു സീസണിൽ സംപ്രേക്ഷണം ചെയ്യുന്നത്. റോ, എൻഎക്സ്ടി, സ്മാക്ക് ഡൗൺ എന്നീ മൂന്ന് ബ്രാൻഡുകളാണുള്ളത്.

Content Highlight: Sanjana George, World Wrestling Entertainment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com