ADVERTISEMENT

എന്തൊരു കഷ്ടമാണ്. എണ്ണം പറഞ്ഞ 2 കളിക്കാരെയല്ലേ ഒരേ ദിവസം കോവിഡ് നമുക്കിടയിൽനിന്നു കവർന്നെടുത്തത്. പ്രായത്തിൽ എന്നെക്കാൾ ജൂനിയറായിരുന്നു രവീന്ദർപാൽ സിങ്ങും എം.കെ.കൗശിക്കും. എന്നാൽ, 2 പേരെയും കളത്തിൽ നേരിടാൻ എനിക്കു കഴിഞ്ഞു. പ്രതിഭയുള്ള കളിക്കാരായിരുന്നു ഇരുവരും.

എഴുപതുകളുടെ മധ്യത്തിലാണു രവീന്ദറിനെ ഞാൻ ശ്രദ്ധിക്കുന്നത്. ബോംബെയിൽ നടന്ന ഗോൾഡ് കപ്പ് ഹോക്കിയിലായിരുന്നു ആദ്യ കൂടിക്കാഴ്ച. ഞാൻ അന്ന് എഎസ്‌സി ടീമിന്റെ ഗോളിയാണ്. രവീന്ദർ അന്ന് ഇന്ത്യൻ എയർലൈൻസ് ടീമിനൊപ്പമായിരുന്നു. സെന്റർ ഹാഫായി പറന്നുനിന്ന രവീന്ദർ ഞങ്ങളെ ശരിക്കും വിറപ്പിച്ചു. ഒത്ത ഉയരവും ശരീരവുമുള്ള രവീന്ദർ ഭാവിയിൽ ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് അന്നേ ഞാനുറപ്പിച്ചിരുന്നു. മോസ്കോ ഒളിംപിക്സിലൂടെ രവീന്ദർ താരമായി. കൗശിക്കിന്റെ ടാറ്റാ ടീമിനെതിരെയും ഗോൾഡ് കപ്പിൽ ഞാൻ കളിച്ചിട്ടുണ്ട്. ഒരു തവണ ഫൈനലിൽ ഞങ്ങളോട് അവർ തോറ്റു.

 മോസ്കോ ഒളിംപിക്സിനു മുൻപ് ഇന്ത്യൻ ടീമിന്റെ പരിശീലന മത്സരങ്ങളിലൊന്ന് ഞങ്ങൾക്കെതിരെ ആയിരുന്നു. ഇരുവരും അന്ന് ഇന്ത്യൻ ടീമിലുണ്ട്. ആ ടീമിനെ 1–1നു സമനിലയിൽ പിടിക്കാൻ ഞാൻ ഗോളിയായ എഎസ്‌സിക്കായി. 3 വർഷം മുൻപു പരിശീലകനായി ഒരു ടീമിനൊപ്പം രവീന്ദർ ബെംഗളൂരുവിലെത്തിയ  സമയത്തു ഞാനും അവിടെയുണ്ടായിരുന്നു. അന്ന് ഏറെനേരം ഞങ്ങൾ സംസാരിച്ചു. ഇന്ത്യൻ ടീമംഗങ്ങളുടെ സംഗമം നടക്കുമ്പോഴെല്ലാം തമാശകൾ പങ്കുവച്ച് കൗശിക്ക് ഞങ്ങൾക്കിടയിൽ നിറയുമായിരുന്നു. ഇരുവർക്കും പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com